ആരോഗ്യമുള്ളവര്‍ അത് കാത്തുസൂക്ഷിക്കുക; ലഹരി ഉപയോഗത്തിനെതിരെ ബാബു ആന്റണിയുടെ കുറിപ്പ്
Movie Day
ആരോഗ്യമുള്ളവര്‍ അത് കാത്തുസൂക്ഷിക്കുക; ലഹരി ഉപയോഗത്തിനെതിരെ ബാബു ആന്റണിയുടെ കുറിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th June 2021, 5:44 pm

കോഴിക്കോട്: ലഹരി ഉപയോഗത്തിനെതിരെ ഫേസ്ബുക്ക് കുറിപ്പിലൂടെ തന്റെ അഭിപ്രായം പങ്കുവെക്കുകയാണ് നടന്‍ ബാബു ആന്റണി. കേരളത്തിലെ ഒരുപാട് യുവാക്കള്‍ വളരെക്കൂടുതലായി കഞ്ചാവും മറ്റ് ലഹരി മരുന്നുകളും ഉപയോഗിക്കുന്നു എന്നത് വലിയ സങ്കടകരമായ കാര്യമാണെന്ന് ബാബു ആന്റണി പറഞ്ഞു.

കഞ്ചാവ് വലിക്കുന്നതും, ലഹരി മരുന്ന് ഉപയോഗിക്കുന്നതുമൊക്കെ ഒരു സ്‌റ്റൈല്‍ ആണെന്നും എങ്കിലേ ന്യൂജനറേഷന്‍ ആകുകയൊള്ളു എന്ന് വിചാരിക്കുന്നതും തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. പലരുടെയും ആത്മഹത്യയിലും കൊലപാതകങ്ങളിലുമൊക്കെയാണ് ഇതെത്തിച്ചേരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നമുക്ക് കിട്ടുന്ന വിലപിടിപ്പുള്ള ഈ ജീവിതം എന്തിന് നമ്മളായി നശിപ്പിക്കണം. എത്രയോ ആളുകള്‍ ശാരീരികമായും മാനസ്സികമായും ചലഞ്ചെട് ആയി ജനിക്കുന്നു. ആരോഗ്യമുള്ളവര്‍ അത് കാത്തുസൂക്ഷിക്കുക,’ അദ്ദേഹം പറഞ്ഞു

സൗഹൃദമായാലും പ്രണയമായാലും വിവാഹമായാലും ആല്‍ക്കഹോളിസവും ഡ്രഗ് അഡിക്ഷനുമൊക്കെയുള്ളവര്‍ മറ്റൊരാളെകൂടെ അതിലേക്കു വലിച്ചിഴക്കരുതെന്നും ബാബു ആന്റണി പറഞ്ഞു.

സമൂഹത്തിന് ഒരു ശാപമാകാതിരിക്കുക. സ്ത്രീധന തര്‍ക്കങ്ങളും വഴക്കുകളും ഒക്കെ പ്രാകൃതമാണ്. അവര്‍ പുതിയ തലമുറ പോയിട്ട്, 500 കൊല്ലം മുമ്പ് ജനിക്കേണ്ടവരാണ്.  മതവും പാര്‍ട്ടിയുമൊക്കെ ‘നല്ലതാണ്. അത് മനുഷ്യന് വേണ്ടിയുള്ളതാവണം. മതം ‘മദം’ ആകുമ്പോഴാണ് അത് പൊട്ടിയൊലിക്കുന്നതും പ്രാകൃതമാവുന്നതും, എന്നും ബാബു ആന്റണി പറഞ്ഞു.

ബാബു ആന്റണി പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ രൂപം

കേരളത്തിലെ ഒരുപാട് യുവാക്കള്‍ വളരെക്കൂടുതലായി കഞ്ചാവും മറ്റു ലഹരി മരുന്നുകളും ഉപയോഗിക്കുന്നു എന്നത് വലിയ സങ്കടകരമായ കാര്യമാണ്. അതുകൊണ്ട് ഉണ്ടാകുന്ന കുടുംബ പ്രശ്‌നങ്ങളും വളരെ വലുതാണ്. പലരുടെയും ആത്മഹത്യയിലും കൊലപാതകങ്ങളിലുമൊക്കെയാണ് ഇതെത്തിച്ചേരുന്നത്. കഞ്ചാവ് വലിക്കുന്നതും, ലഹരി മരുന്നുപയോഗിക്കുന്നതുമൊക്കെ ഒരു സ്‌റ്റൈല്‍ ആണെന്നും എങ്കിലേ ന്യൂജനറേഷന്‍ ആകുകയൊള്ളു എന്ന് വിചാരിക്കുന്നതും വളരെ തെറ്റാണ്.

ന്യൂജനറേഷന്‍ എന്ന് പറയുന്നത് പഴയ തലമുറയെക്കാളും പഠിപ്പും സംസ്‌കാരവും കഴിവും അവസരങ്ങളും, ലോകവിവരമുള്ളവരും ഒക്കെ ആയിരിക്കണം. അല്ലാത്തവര്‍ എല്ലാ അര്‍ത്ഥത്തിലും പുറകോട്ട് സഞ്ചരിക്കുന്നവര്‍ ആണ്. പിന്നെ ആല്‍ക്കഹോളിസവും ഡ്രഗ് അഡിക്ഷനുമൊക്കെ ഉള്ളവര്‍ മറ്റൊരാളെകൂടെ അതിലേക്കു വലിച്ചിഴക്കരുത്. അത് സൗഹൃദമായാലും പ്രണയമായാലും വിവാഹമായാലും. ഒന്നുകില്‍ ചികിത്സിച്ച് നന്നാകാന്‍ നോക്കുക അല്ലെങ്കില്‍ മറ്റുള്ളവരെ ബുദ്ധിമുട്ടിപ്പിക്കാതെ, ഉപദ്രവിക്കാതെ ജീവിക്കാന്‍ നോക്കുക.

നമുക്ക് കിട്ടുന്ന വിലപിടിപ്പുള്ള ഈ ജീവിതം എന്തിന് നമ്മളായി നശിപ്പിക്കണം. എത്രയോ ആളുകള്‍ ശാരീരികമായു മാനസികമായും ചലഞ്ചെട് ആയി ജനിക്കുന്നു. ആരോഗ്യമുള്ളവര്‍ അത് കാത്തുസൂക്ഷിക്കുക.

സമൂഹത്തിന് ഒരു ശാപമാകാതിരിക്കുക. സ്ത്രീധന തര്‍ക്കങ്ങളും വഴക്കുകളും ഒക്കെ പ്രാകൃതമാണ്. അവര്‍ പുതിയ തലമുറ പോയിട്ട് 500 കൊല്ലം മുമ്പ് ജനിക്കേണ്ടവര്‍ ആണ്. കൂടാതെ മതവും പാര്‍ട്ടിയും ഒക്കെ ‘നല്ലതാണ്. അത് മനുഷ്യന് വേണ്ടിയുള്ളതാവണം. മതം ‘മദം’ ആകുമ്പോഴാണ് അത് പൊട്ടിയൊലിക്കുന്നതും പ്രാകൃതമാവുന്നതും.

ആയോധന കലയിലും, സ്‌പോര്‍ട്‌സിലും, ഗെയിംസിലും, പഠിപ്പിലും, ജോലിയിലും കുടുംബത്തിലും, മറ്റുള്ളവരുടെ നന്മയിലും ഒക്കെ ശ്രദ്ധകേന്ദ്രീകരിച്ചാല്‍ ഒരുപാട് അച്ചടക്കം ഉണ്ടാകുകയും പല അപകങ്ങളില്‍നിന്നും ഓഴിവാകുവാനും സാധിക്കും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Actor Babu Antony is sharing his opinion against drug use through a Facebook post