മലയാള സിനിമയിലെ പലര്‍ക്കും താനൊരു ഭീഷണിയായിരുന്നെന്ന് നടന്‍ ബാബു ആന്റണി. തന്റെ കടന്നുവരവോടെ അന്നത്തെ സിനിമയിലെ സിസ്റ്റം തന്നെ ഒന്ന് ഷേക്ക് ചെയ്‌തെന്നും പലരും ഇക്കാര്യം തന്നോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തന്റെ കരിയര്‍ ബ്രേക്കിനാണ് അതെല്ലാം കാരണമായതെന്നും ബാബു ആന്റണി കൂട്ടിച്ചേര്‍ത്തു. എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”നാന പോലുള്ള പണ്ടത്തെ വാരികകളൊന്നും നമ്മളെ മൈന്‍ഡ് ചെയ്യില്ല. സൂപ്പര്‍ സ്റ്റാറുകളെ മാത്രമെ അവര്‍ മൈന്‍ഡ് ചെയ്യൂ. അതിന്റെ അകത്തൊക്കെ ഒരു ഫോട്ടോ വരാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്.
ഞാന്‍ മലയാള സിനിമയിലെ പലര്‍ക്കും ഭീഷണിയാകുമെന്നുള്ള ആശങ്ക അവരിലുണ്ടായിരുന്നു. അതാണ് എനിക്ക് കിട്ടിയ വിവരം. പലര്‍ക്കും ഞാന്‍ വലിയ ഭീഷണിയായി.
അന്നത്തെ സിസ്റ്റം തന്നെ ഒന്ന് ഷേക്ക് ചെയ്തിരുന്നു. കാരണം പെട്ടെന്ന് ഒരു ദിവസം ഒരു പയ്യന്‍ വന്ന് ചെറിയ ബജറ്റില്‍ സിനിമ ചെയ്യുന്നു. അവയെല്ലാം ഹിറ്റാവുന്നു. അങ്ങനെ വരുമ്പോള്‍ അന്ന് നിലനിന്നിരുന്ന ഒരു സിസ്റ്റത്തിന് ഷേക്കുണ്ടാവില്ലേ.
അങ്ങനെ സംഭവിച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. എന്റെ കരിയര്‍ ബ്രേക്കിന് അതെല്ലാം കാരണമായി എന്നാണ് ഞാന്‍ കരുതുന്നത്. പലരും എന്നോട് ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്. പിന്നെ എനിക്കും അവ അനുഭവപ്പെട്ടിട്ടുണ്ട്,” ബാബു ആന്റണി പറഞ്ഞു.
മദനോത്സവമാണ് ബാബു ആന്റണിയുടെ ഏറ്റവും പുതിയ മലയാള സിനിമ. മദനന്‍ മഞ്ഞക്കര എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അദ്ദേഹം അവതരിപ്പിച്ചത്.
സുരാജ് വെഞ്ഞാറമൂട് പ്രധാന വേഷത്തിലെത്തിയ ചിത്രം സംവിധാനം ചെയ്തത് സുധീഷ് ഗോപിനാഥാണ്. രതീഷ് ബാലകൃഷ്ണ പൊതുവാളാണ് തിരക്കഥ തയ്യാറാക്കിയത്.
content highlight: actor babu antony about malayalam cinema industry