മലയാളത്തില്‍ ആക്ഷന്‍ സിനിമകള്‍ ഇല്ലാതെ വന്നപ്പോഴാണ് തമിഴിലെയും തെലുങ്കിലെയും സിനിമകള്‍ ഇവിടെ വന്ന് കാശ് വാരിപ്പോയത്: ബാബു ആന്റണി
Entertainment news
മലയാളത്തില്‍ ആക്ഷന്‍ സിനിമകള്‍ ഇല്ലാതെ വന്നപ്പോഴാണ് തമിഴിലെയും തെലുങ്കിലെയും സിനിമകള്‍ ഇവിടെ വന്ന് കാശ് വാരിപ്പോയത്: ബാബു ആന്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 25th April 2023, 6:51 pm

ആക്ഷന്‍ സിനിമകളാണ് മറ്റ് ഴോണറിലുള്ള സിനിമകളേക്കാള്‍ വരുമാനമുണ്ടാക്കുന്നതെന്ന് നടന്‍ ബാബു ആന്റണി. വലിയൊരു ഓഡിയന്‍സിനെയാണ് മാസ് ആക്ഷന്‍ സിനിമകള്‍ ആകര്‍ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മലയാളത്തില്‍ ആക്ഷന്‍ സിനിമകള്‍ തീരെ ഇല്ലാതായ അവസ്ഥ വന്നപ്പോഴാണ് തമിഴിലെയും തെലുങ്കിലെയും ആക്ഷന്‍ സിനിമകള്‍ കേരളത്തില്‍ നിന്നും കാശ് വാരിപ്പോയതെന്നും ബാബു ആന്റണി പറഞ്ഞു. എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ആക്ഷന്‍ സിനിമകളാണ് നല്ലവണ്ണം പ്രോഫിറ്റ് ഉണ്ടാക്കുന്നത്. മറ്റുള്ള സിനിമകള്‍ നന്നാകുന്നില്ലെന്നല്ല പറയുന്നത്. ആക്ഷന്‍ സിനിമകളില്‍ തന്നെയുള്ള മാസ് സിനിമകള്‍ വലിയൊരു ഓഡിയന്‍സിനെ ആകര്‍ഷിക്കും.

മറ്റ് സിനിമകളായ ഡ്രാമയായാലും ട്രാജഡിയായാലും ഒരു ലിമിറ്റഡ് ഓഡിയന്‍സിനെയാണ് ആകര്‍ഷിക്കുക. മാസ് എന്ന് പറയുന്നത്, മൊത്തം അടിയും പിടിയും ആകുമ്പോഴാണ് വലിയൊരു ഓഡിയന്‍സിനെ ആകര്‍ഷിക്കാന്‍ പറ്റുകയുള്ളൂ.

മലയാളത്തില്‍ അത് തീരെ ഇല്ലാതെ വന്നപ്പോഴാണ് തമിഴിലെയും തെലുങ്കിലെയും ആക്ഷന്‍ സിനിമകള്‍ ഇവിടെ വന്ന് കാശുവാരി പോയത്. അവരിപ്പോഴും അത്തരത്തിലുള്ള ആക്ഷന്‍ സിനിമകള്‍ ഇറക്കുകയാണ്.

ബാഹുബലിയൊക്കെ വന്നപ്പോള്‍ അവര്‍ ഉണര്‍ന്നു. അതിന് ശേഷം ആക്ഷന്‍ സിനിമകള്‍ ഇവിടെ നിര്‍മിക്കാന്‍ തുടങ്ങി. അല്ലെങ്കില്‍ ചെറിയ ഒ.ടി.ടിക്ക് വേണ്ട സിനിമകളാണ് ഇവിടെ നടന്നത്. ബിഗ് ലാര്‍ജ് സ്‌കെയില്‍ ഇന്‍ഡസ്ട്രി വെറും സ്‌മോള്‍ സ്‌കെയില്‍ ഇന്‍ഡസ്ട്രിയായി മാറികൊണ്ടിരിക്കുകയായിരുന്നു,” ബാബു ആന്റണി പറഞ്ഞു.

മദനോത്സവമാണ് ബാബു ആന്റണിയുടെ ഏറ്റവും പുതിയ മലയാള സിനിമ. മദനന്‍ മഞ്ഞക്കര എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അദ്ദേഹം അവതരിപ്പിച്ചത്.

സുരാജ് വെഞ്ഞാറമൂട് പ്രധാന വേഷത്തിലെത്തിയ ചിത്രം സംവിധാനം ചെയ്തത് സുധീഷ് ഗോപിനാഥാണ്. രതീഷ് ബാലകൃഷ്ണ പൊതുവാളാണ് തിരക്കഥ തയ്യാറാക്കിയത്.

content highlight: actor babu antony about malayalam cinema