ഒരാളുമായി റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് അയാളെക്കുറിച്ച് അറിയാനും പഠിക്കാനും ശ്രമിക്കണമെന്ന് ബാബു ആന്റണി. പ്രണയത്തില്‍ നിന്ന് പിന്മാറുന്നതിന്റെ പേരില്‍ നടക്കുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു താരത്തിന്റെ മറുപടി.
വ്യക്തികളെ മനസിലാക്കാനും പഠിക്കാനും ശ്രമിച്ചാല്‍ മാത്രമെ പിന്നീട് ഒരു ഘട്ടത്തില്‍ അവരില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയുകയുള്ളുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. വളരെ പരിമിതമായ ശിക്ഷയാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് നമ്മുടെ നാട്ടില്‍ കൊടുക്കുന്നതെന്നും അത് വീണ്ടും അക്രമം നടത്താന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുകയെ ചെയ്യുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ തന്റെ ലൈഫില്‍ ഉണ്ടായ അത്തരത്തിലൊരു ടോക്‌സിക് റിലേഷന്‍ഷിപ്പിനെക്കുറിച്ചും താരം തുറന്ന് പറഞ്ഞു. കൈരളി ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് ബാബു ആന്റണി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”സ്ത്രീകള്‍ അല്ലെങ്കില്‍ ആരായാലും ഒരാളുമായി ബന്ധപ്പെടുന്നതിന് മുമ്പ് അയാളെക്കുറിച്ച് അറിയാനും പഠിക്കാനും ശ്രമിക്കുക. ബന്ധപ്പെടുന്നതിന് മുമ്പ് ആളുകളെ മനസിലാക്കുക. അങ്ങനെ മാത്രമെ ഇതില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയുകയുള്ളു.
പ്രത്യേകിച്ച് നമ്മളുടെ നാട്ടില്‍ അതില്ലാതെ നടക്കില്ല. യു.എസില്‍ ഒക്കെയാണെങ്കില്‍ ഒരു പ്രശ്‌നമോ അബ്യൂസോ കൊലപാതകമോ നടന്ന് ജയിലില്‍ പോയാല്‍ അമ്പതോ അറുപതോ കൊല്ലം കഴിഞ്ഞാണ് പുറത്ത് വരുക. 50 വര്‍ഷം മാക്‌സിമം തടവൊക്കെ അവിടെ കിട്ടും. അവിടെ ഭയങ്കര സ്ട്രിക്ടാണ്.
ഇവിടെ അങ്ങനെയല്ല, ഒരു 12 വര്‍ഷം തടവ് കൊടുക്കും എന്നിട്ട് ഒരു അഞ്ച് വര്‍ഷം ഇളവ് കൊടുക്കുമെന്ന് എനിക്ക് തോന്നുന്നു. അതൊന്നും പോരാ, നിര്‍ത്തി കൂടുതല്‍ ശിക്ഷ കൊടുക്കണം. എന്നാല്‍ മാത്രമെ ആളുകള്‍ പേടിച്ചിട്ട് ഒന്ന് ഒതുങ്ങുകയുള്ളു.
ഏറ്റവും പ്രധാനം നമ്മള്‍ ആളുകളെ മനസിലാക്കുകയാണ് വേണ്ടത്. നമ്മളെ ഉപദ്രവിക്കുന്ന ഒരാളുമായിട്ട് പിന്നെ ഒരുമിച്ച് നില്‍ക്കരുത്. ആദ്യം തന്നെ അതില്‍ നിന്നും പുറത്ത് കടക്കുക.
എനിക്ക് അതുപോലെയുള്ള അനുഭവം ഉണ്ടായിട്ടുണ്ട്. എനിക്ക് ഒരു റിലേഷന്‍ഷിപ്പ് ഉണ്ടായിരുന്നു. പിന്നെ എനിക്ക് തന്നെ മനസിലായി അവള്‍ അപകടകാരിയാണെന്ന്. ഞാന്‍ അതില്‍ നിന്നും പുറത്തു വന്നു. കാരണം പിന്നെ നമ്മള്‍ അതില്‍ നില്‍ക്കാന്‍ പാടില്ല,” ബാബു ആന്റണി പറഞ്ഞു.
content highlight: actor babu antony about his experience