ഒപ്പമുള്ളവര്‍ക്ക് പറ്റുന്നില്ല, ആ നടനെ എടുത്തുയര്‍ത്താന്‍ ഷൂട്ടിങ് കണ്ടു നിന്ന എന്നെ വിളിച്ചു; ആദ്യചിത്രത്തെ പറ്റി അസീസ്
Film News
ഒപ്പമുള്ളവര്‍ക്ക് പറ്റുന്നില്ല, ആ നടനെ എടുത്തുയര്‍ത്താന്‍ ഷൂട്ടിങ് കണ്ടു നിന്ന എന്നെ വിളിച്ചു; ആദ്യചിത്രത്തെ പറ്റി അസീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 14th December 2023, 11:29 pm

ആദ്യമായി അഭിനയിച്ച സിനിമയിലെ ആദ്യത്തെ ഷോട്ടിനെ പറ്റി സംസാരിക്കുകയാണ് നടന്‍ അസീസ് നെടുമങ്ങാട്. ഫാന്‍സ് അസോസിയേഷന്‍ തുടങ്ങാനായി താനൊരു ഷൂട്ടിങ് സെറ്റില്‍ പോയതാണെന്നും അന്ന് അഭിനയിക്കുന്ന നടനെ എടുത്തുയര്‍ത്താന്‍ ഒപ്പമുള്ള ആര്‍ടിസ്റ്റുകള്‍ക്ക് സാധിച്ചില്ലെന്ന് അസീസ് പറഞ്ഞു. അന്ന് ഷൂട്ടിലേക്ക് തന്നെ വിളിച്ചുവെന്നും താന്‍ എടുത്തുയര്‍ത്തിയ നടന്‍ പൃഥ്വിരാജാണെന്നും അസീസ് പറഞ്ഞു. മീഡിയ വണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആദ്യമായി അഭിനയിച്ച പടത്തില്‍ ഞാന്‍ മനപ്പൂര്‍വം അഭിനയിക്കാന്‍ പോയതല്ല. ഫാന്‍സ് അസോസിയേഷന്‍ തുടങ്ങാനായി ഒരു നടനെ കാണാനായി പോയതാണ്. സെറ്റില്‍ ഞാന്‍ ഷൂട്ടിങ് കണ്ടുകൊണ്ട് നില്‍ക്കുകയാണ്. ഒരു രംഗത്തില്‍ ആ നടനെ എടുത്തുപൊക്കുന്നതിന് ഒപ്പമുള്ള ആര്‍ടിസ്റ്റുകള്‍ക്ക് കഴിയുന്നില്ല. അവിടെ നോക്കിക്കൊണ്ടുനിന്ന എന്നെ കയ്യോടെ പിടിച്ചുകൊണ്ട് വന്ന് ആ സീനില്‍ അഭിനയിപ്പിച്ചു. അതാണ് എന്റെ ആദ്യസിനിമയിലെ ഷോട്ട്.

അവിടേക്ക് എന്നെ വിളിച്ചുകൊണ്ട് വന്നത് നടന്‍ പൃഥ്വിരാജാണ്. ആ സിനിമയുടെ പേര് ഫിഫ്ടി ഫിഫ്ടി എന്നായിരുന്നു. അതിന് രണ്ടാമത് പേരിട്ടതാണ് നമ്മള്‍ തമ്മില്‍ എന്ന്. ഇന്ദ്രജിത്തും പൃഥ്വിരാജും ഗീതു മോഹന്‍ദാസുമൊക്കെയുള്ള സിനിമ,’ അസീസ് പറഞ്ഞു.

പഴഞ്ചന്‍ പ്രണയമാണ് ഒടുവില്‍ റിലീസ് ചെയ്ത അസീസ് നെടുമങ്ങാടിന്റെ ചിത്രം. ഇതിഹാസ മൂവിസിന്റെ ബാനറില്‍ നവാഗതനായ ബിനീഷ് കളരിക്കലാണ് ചിത്രം സംവിധാനം ചെയ്തത്. റോണി ഡേവിഡും വിന്‍സി അലോഷ്യസുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായത്.

രചന – കിരണ്‍ലാല്‍ എം, ഡി.ഒ.പി – അമോഷ് പുതിയാട്ടില്‍, എഡിറ്റര്‍ – അരുണ്‍ രാഘവ്, മ്യൂസിക് – സതീഷ് രഘുനാഥന്‍, വരികള്‍ – ഹരിനാരായണന്‍, അന്‍വര്‍ അലി, സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള പഴഞ്ചന്‍ പ്രണയത്തിലെ ഗാനങ്ങള്‍ പാടിയത് വൈക്കം വിജയലക്ഷ്മി, ആനന്ദ് അരവിന്ദാക്ഷന്‍,ഷഹബാസ് അമന്‍, കാര്‍ത്തിക വൈദ്യനാഥന്‍, കെ എസ് ചിത്ര, മധു ബാലകൃഷ്ണന്‍ എന്നിവരാണ്.

Content Highlight: Actor Aziz Nedumangad talks about the first shot of his first film