ജയിക്കാന്‍ സഞ്ജുവിനെ ഇറക്കിയാലോ... ഞങ്ങള്‍ അവിടെ പട്ടിയെപ്പോലെ നില്‍ക്കുന്നുണ്ട് ഒരാളും മൈന്‍ഡ് ചെയ്യുന്നില്ല, സഞ്ജുവിനെ കാണാന്‍ ജനപ്രവാഹമായിരുന്നു: അസീസ് നെടുമങ്ങാട്
Entertainment news
ജയിക്കാന്‍ സഞ്ജുവിനെ ഇറക്കിയാലോ... ഞങ്ങള്‍ അവിടെ പട്ടിയെപ്പോലെ നില്‍ക്കുന്നുണ്ട് ഒരാളും മൈന്‍ഡ് ചെയ്യുന്നില്ല, സഞ്ജുവിനെ കാണാന്‍ ജനപ്രവാഹമായിരുന്നു: അസീസ് നെടുമങ്ങാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 17th October 2022, 3:55 pm

മലയാളികളുടെ ഇഷ്ട ക്രിക്കറ്റ് താരം സഞ്ജു സാംസണും ബേസില്‍ ജോസഫും നല്ല സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ചുള്ള സൗഹൃദ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ സഞ്ജുവിനൊപ്പം ക്രിക്കറ്റ് കളിക്കുന്ന വീഡിയോയും ബേസില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

ജയ ജയ ജയ ജയ ഹേയുടെ ലൊക്കേഷനില്‍ ക്രിക്കറ്റ് കളിക്കാനായി സഞ്ജുവിനെ ബേസില്‍ വിളിച്ചു വരുത്തിയ അനുഭവം പറയുകയാണ് ഹാസ്യ താരം അസീസ് നെടുമങ്ങാട്. സഞ്ജു വരുന്നത് നാട്ടുകാര്‍ മൊത്തം അറിഞ്ഞെന്നും ജനങ്ങള്‍ മൊത്തം തിങ്ങി നിറഞ്ഞതോടെ സഞ്ജുവിന് തിരിച്ച് പോവേണ്ടി വന്നെന്നും റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ അസീസ് പറഞ്ഞു.

” നമുക്ക് നാളെ കളി ജയിക്കണമെന്ന് ബേസില്‍ ഒരു ദിവസം എന്നോട് പറഞ്ഞു. ഓക്കെ നമുക്ക് കളിജയിക്കാമെന്ന് ഞാനും പറഞ്ഞു. നമുക്ക് ജയിക്കാന്‍ സഞ്ജുവിനെ ഇറക്കിയാലോ എന്നെന്നോട് അവന്‍ ചോദിച്ചു. ഭയങ്കര സീരിയസായിട്ടാണ് അവനെന്നോട് ഇത് പറയുന്നത്. ഞാന്‍ സംശയത്തോടെ ചോദിച്ചു സഞ്ജു വരുമോയെന്ന്.

പിറ്റേ ദിവസം നോക്കുമ്പോള്‍ സഞ്ജു വന്നിരിക്കുന്നു. സാക്ഷാല്‍ സഞ്ജു സാംസണ്‍ ഞങ്ങളെ കൂടെ ടീമില്‍ കളിക്കാന്‍ വേണ്ടി വന്നു. സഞ്ജുവിനെ കൊണ്ടു വന്ന ദിവസം ബേസില്‍ കാരവാനില്‍ നിന്ന് ഡോര്‍ തുറന്ന് മാസ് ആയിട്ട് ഇറങ്ങി.

എന്റെ ആള്‍, സാക്ഷാല്‍ സഞ്ജു സാംസണ്‍ കളിക്കാന്‍ തയ്യാറാണെന്നൊക്കെ പറഞ്ഞ് ബേസില്‍ വരുന്നത് കാണേണ്ട കാഴ്ചയായിരുന്നു(ചിരി). പക്ഷേ സഞ്ജു വന്നത് ആ നാടുമൊത്തം അറിഞ്ഞു. ഫുള്‍ ജനക്കൂട്ടമായിരുന്ന്. ടര്‍ഫിന്റെ ആള്‍ക്കാര്‍ ഫുള്‍ പബ്ലിസിറ്റിയാക്കിയാക്കിയതാണ്.

ഞങ്ങള്‍ ആദ്യം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ ഇങ്ങനെ ക്യാച്ച് പിടിക്കാനായി നില്‍ക്കുമ്പോള്‍ കുറച്ച് ചേച്ചിമാര്‍ ചോദിച്ചത് സഞ്ജു എപ്പോഴാണ് വരുക ശരിക്കും വരുമോയെന്നൊക്കെയാണ്. ഞങ്ങള്‍ അവിടെ പട്ടിയെപ്പോലെ നില്‍ക്കുന്നുണ്ട് ഒരാളും മൈന്‍ഡ് ചെയ്യുന്നില്ല. സഞ്ജു വരുന്നത് കാണാന്‍ ജനപ്രവാഹമായിരുന്നു.

സഞ്ജുവിന് സ്ഥലം അറിയില്ല വിളിച്ചാല്‍ പറഞ്ഞു കൊടുക്കണമെന്ന് ബേസില്‍ പറഞ്ഞിട്ടുണ്ടായിരുന്നു. പിറകിലുള്ള ചേച്ചിമാര്‍ ഇടക്ക് ഇടക്ക് ഇത് കേട്ടിട്ട് ചോദിക്കും ഫോണ്‍ നോക്ക് സഞ്ജു വിളിച്ചിട്ടുണ്ടാകുമെന്ന്.
വിളിച്ചിട്ടുണ്ടാകും നിങ്ങള്‍ കാണാത്തതു കൊണ്ടായിരിക്കും നോക്ക് നോക്ക് എന്ന് ഇടക്കിടക്ക് പറഞ്ഞോണ്ടിരിക്കും.

ശരിക്കും ആ ടര്‍ഫ് ഉദ്ഘാടനം ചെയ്യേണ്ടത് സഞ്ജുവായിരുന്നു. അതിന്റെ സന്തോഷത്തിലാണ് നാടുമൊത്തം എത്തിയത്. ആള്‍ക്കാരെ തിരക്ക് കൊണ്ട് സഞ്ജു ഇറങ്ങിയില്ല. ഹോട്ടലില്‍ ഇരുന്നു, അത്രക്ക് ആള്‍ക്കാരായിരുന്നു. ‘കൊല്ലം’ മൊത്തം അവിടെ ഉണ്ടായിരുന്നു.

 

ഇത്രയും ജനങ്ങളുടെ തിരക്ക് കൊണ്ട് അദ്ദേഹം കളിക്കാന്‍ വന്നില്ല. പക്ഷേ വരാതിരുന്നത് നന്നായി ആ കളി തോറ്റിരുന്നേല്‍ നാണക്കേടാവില്ലേ? (ചിരി). നമ്മളുടെ കൂടെ കളിക്കുന്നതുകൊണ്ട് ആ സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. അവന്‍ നല്ലോണം കളിച്ചാലും ഞങ്ങളൊക്കെയല്ലെ എറിയുന്നത്. ക്രിക്കറ്റ് കളിയായിരുന്നു ഞങ്ങള്‍ക്ക് അവിടെ മെയിന്‍ ക്രിക്കറ്റ് കളിച്ച് സമയമുണ്ടെങ്കില്‍ ഷൂട്ട് ചെയ്യാന്‍ പോകാമെന്ന മൈന്‍ഡായിരുന്നു എല്ലാവര്‍ക്കും,” അസീസ് പറഞ്ഞു.

വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ 21 ന് തിയേറ്ററുകളിലെത്തുകയാണ്. ദര്‍ശന, ബേസില്‍, അസീസ് നെടുമങ്ങാട് എന്നിവര്‍ക്ക് പുറമേ അജു വര്‍ഗീസ്, സുദീര്‍ പരവുര്‍, മഞ്ജു പിള്ള, തുടങ്ങി നിരവധി താരങ്ങളുണ്ട് ജയ ജയ ജയ ജയ ഹേയില്‍. ജയ എന്ന കഥാപാത്രത്തെയാണ് ദര്‍ശന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

content Highlight: Actor Azeez Nedumangad tells about the experience of calling Sanju samson to the base to play cricket at the location of the movie Jaya Jaya Jaya Jaya Hey