ഹാസ്യ വേഷങ്ങള്‍ അവതരിപ്പിച്ച് മലയാളികള്‍ക്ക് പ്രിയങ്കരനായ നടനാണ് അസീസ് നെടുമങ്ങാട്. സി.ബി.ഐ 5 എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് മമ്മൂട്ടിയോടൊപ്പമുള്ള അനുഭവങ്ങള്‍ ജിഞ്ചര്‍ മീഡിയയോട് പങ്കുവെക്കുകയാണ് അസീസ്.
ഓട്ടോറിക്ഷ ഓടിക്കാന്‍ അറിഞ്ഞിട്ടും മമ്മൂക്കയെ പിറകില്‍ ഇരുത്തി ഓടിക്കാന്‍ ഭയമായിരുന്നെന്നും ഡയലോഗ് തെറ്റിപോയപ്പോള്‍ അടുത്ത് വന്ന് അദ്ദേഹം കൂളാക്കിയെന്നും അസീസ് മമ്മൂക്കയെക്കുറിച്ച് അഭിമുഖത്തില്‍ പറഞ്ഞു.
”സി.ബി.ഐ5 ല്‍ മമ്മൂക്കയെ ഓട്ടോറിക്ഷയില്‍ കൊണ്ടുപോകുന്ന സീന്‍ ചെയ്യാന്‍ പറ്റുമോയെന്ന് എന്നോട് ചോദിച്ചു. ആദ്യം ഞാന്‍ വിചാരിച്ചത് ചെയ്യാമെന്നായിരുന്നു.
എനിക്ക് ഓട്ടോ ഓടിക്കാന്‍ അറിയാം പക്ഷേ പിറകില്‍ മമ്മൂക്കയാണ് ഉള്ളത് കുറേ ഡയലോഗ് പറയാനുള്ള സീനുമായിരുന്നു. ആലോചിച്ച് എനിക്ക് ആകെ ടെന്‍ഷനായി. ഓട്ടോറിക്ഷ ഓടിക്കാന്‍ അറിയില്ലെന്ന് ഞാന്‍ അവരോട് പറഞ്ഞു.
ആരെയും കിട്ടാത്ത അവസ്ഥ വന്നപ്പോള്‍ മമ്മൂക്ക പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അവര്‍ പിന്നെയും എന്നെ വിളിച്ചു. അവസാനം എനിക്ക് അങ്ങോട്ട് ഷൂട്ടിന് പോകേണ്ടി വന്നു.
എനിക്ക് ഓട്ടോ ഓടിക്കാന്‍ അറിയില്ലെന്ന് പറഞ്ഞതുകൊണ്ട് മമ്മൂക്ക ഗ്രീന്‍ മാറ്റ് ഇടാമെന്ന് പറഞ്ഞു. അതുപ്രകാരം ഡയലോഗ് സീന്‍സുമാത്രം ഗ്രീന്‍ മാറ്റിലെടുത്തു. അതുപോലെ മമ്മൂക്ക ട്രാഫിക്കിന്റെ അടുത്ത് നിന്ന് ഓട്ടോ വിളിച്ച് പോകുന്ന സീനുണ്ടായിരുന്നു. അതിന് വേണ്ടി ഞാന്‍ രാവിലെ പോയി ഓടിച്ചു പഠിച്ചു. അതുകൊണ്ട് പെട്ടെന്ന് തന്നെ നന്നായി ചെയ്തു.
അറിയില്ലെന്ന് പറഞ്ഞിട്ട് ഇപ്പോ നീ നന്നായി ഓടിച്ചല്ലോയെന്ന് അദ്ദേഹം പറഞ്ഞു. രാവിലെ വന്ന് പഠിച്ച കാര്യം പറഞ്ഞപ്പോള്‍ നീ ആരാ ഐസക് ന്യൂട്ടനോ അപ്പോള്‍ തന്നെ പഠിക്കാന്‍ എന്നായിരുന്നു മമ്മൂക്കയുടെ ചോദ്യം. ഇത്ര അറിഞ്ഞാല്‍ മതിയായിരുന്നു വെറുതെ ഗ്രീന്‍ മാറ്റ് ഇട്ട് ആ സീന്‍ നശിപ്പിച്ചല്ലോയെന്ന് എന്നോട് പറഞ്ഞു.
അത് മാറ്റിയെടുക്കാം എന്നാലേ ഭംഗി കിട്ടുകയുള്ളു. നീ പറഞ്ഞാല്‍ മാറ്റിയെടുക്കാം നിനക്ക് എന്താ തോന്നുന്നത്. ഞാനുണ്ട് കൂടെ നീ പേടിക്കേണ്ട, ഇതെല്ലാം പറഞ്ഞ് മാറ്റിയെടുക്കണോയെന്ന് ചോദിച്ചപ്പോള്‍ കുറച്ച് സംശയത്തില്‍ ഞാന്‍ സമ്മതിച്ചു. അങ്ങനെ മാറ്റിയെടുക്കാമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു.
പെട്ടെന്ന് ‘ഡയറക്ടര്‍ സന്തോഷ് എവിടെയാണുള്ളത്, മറ്റേ സീന്‍ നന്നായിട്ടില്ലെന്നും മാറ്റിയെടുക്കണമെന്നുമാണ് അസീസ് പറയുന്നത്’ മമ്മൂക്ക ഉറക്കെ പറഞ്ഞു. പിന്നെ എന്നെ നോക്കി നീ പറഞ്ഞില്ലെ എന്ന് ചോദിച്ചു. ഞാനാകെ എന്താ പറയേണ്ടതെന്നറിയാതെ നിന്നുപോയി. വീണ്ടും ചോദിച്ചപ്പോള്‍ ഞാന്‍ തലയാട്ടി.
പക്ഷേ ആ സീന്‍ മാറ്റിയെടുത്തില്ല. വെറുതെ എന്നെ തമാശ ആക്കിയതാണ്. അദ്ദേഹം ഭയങ്കര സീരിയസായിട്ടായിരിക്കും ഇതൊക്കെ ചോദിക്കുക. അവസാനത്തെ ചിരിയിലാണ് നമുക്ക് കാര്യം പിടികിട്ടുക.
മമ്മൂക്ക എല്ലാം നമുക്ക് പറഞ്ഞ് തരും. എന്നാലും അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോള്‍ നമുക്ക് പെട്ടെന്ന് അഭിനയിച്ച് തീര്‍ത്ത് പോകാന്‍ തോന്നും. സി.ബി.ഐ 5ല്‍ എന്നോട് ഡയലോഗെല്ലാം കുറേ തെറ്റിപ്പോയി ആകെ ടെന്‍ഷനടിച്ചു. പക്ഷേ അദ്ദേഹം എന്നെ ഭയങ്കര കംഫേര്‍ട്ടാക്കി. നമ്മള്‍ ടെന്‍ഷനിലാണെന്ന് മനസിലായാല്‍ അദ്ദേഹം അടുത്ത് വന്ന് കൂളാക്കാന്‍ നോക്കും,” അസീസ് പറഞ്ഞു.
content highlight: Actor Azeez nedumangad shares his experience with mammootty