കുങ് ഫു സൊഹ്‌റ എന്ന ഫ്രഞ്ച് ചിത്രത്തിന്റെ കോപ്പിയാണ് ജയ ജയ ജയ ജയ ഹേ എന്ന ആരോപണം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിന് മറുപടിയായി തെളിവുകള്‍ സഹിതം സംവിധായകന്‍ വിപിന്‍ ദാസ് പോസ്റ്റ് പങ്കുവെച്ചിരുന്നു.
ചിത്രത്തിന്റെ സക്‌സസ് സെലിബ്രേഷന്‍ വേദിയില്‍ വെച്ച് കോപ്പിയടി ആരോപണത്തില്‍ പ്രതികരിച്ചെത്തിയിരിക്കുകയാണ് നടന്‍ അസീസ് നെടുമങ്ങാട്. സോഷ്യല്‍ മീഡിയയില്‍ തങ്ങള്‍ എയറിലായിരുന്നുവെന്നും താന്‍ ഈ സിനിമയുടെ കഥ കേട്ടിട്ട് തന്നെ രണ്ടുവര്‍ഷമായെന്നും അസീസ് പറഞ്ഞു.
അന്ന് തന്നെ ചിത്രത്തിന്റെ ത്രഡിനെക്കുറിച്ചൊക്കെ പറഞ്ഞതാണെന്നും വിപിന്‍ ദാസ് തെളിവ് സഹിതം സോഷ്യല്‍ മീഡിയയില്‍ കുറിപ്പിട്ടതിനെ തുടര്‍ന്ന് ആരോപണമുന്നയിച്ച വ്യക്തി തന്നെ പോസ്റ്റ് ഡിലീറ്റ് ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.
”സോഷ്യല്‍മീഡിയയില്‍ രണ്ട്, മൂന്ന് ദിവസം വിപിനും ഞങ്ങളുമൊക്കെ എയറിലായിരുന്നു. ഞങ്ങളുടെ പടം കോപ്പിയടിയാണെന്നാണ് പലരും പറയുന്നത്. പക്ഷെ ഞാന്‍ ഈ സിനിമയുടെ കഥ കേട്ടിട്ട് രണ്ട് വര്‍ഷമായി. എന്നെ രണ്ട് വര്‍ഷം മുമ്പ് വിളിച്ചു പറഞ്ഞ കഥയാണ് ജയ ജയ ജയ ജയ ഹേ.
അന്ന് എന്നോട് ചിത്രത്തിന്റെ ത്രഡൊക്കെ പറഞ്ഞിട്ടുണ്ടായിരുന്നു. ഇപ്പോള്‍ അതിനുള്ള മറുപടിയായി തെളിവ് സഹിതം വിപിന്‍ സോഷ്യല്‍ മീഡിയയില്‍ നിരത്തിയിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ ഇട്ട വ്യക്തി തന്നെ പോസ്റ്റ് ഡിലീറ്റ് ചെയ്ടിട്ടുണ്ട്. പക്ഷെ ആ സംഭവം എന്തെന്നാല്‍ ചിലപ്പോള്‍ കഥകള്‍ ഒരേപോലെ തോന്നും. ഒരേപോലെയൊക്കെ ഷൂട്ട് ചെയ്തതാണ്. എന്തായാലും നമ്മുടെ സിനിമ പ്രേക്ഷകര്‍ കൈനീട്ടി സ്വീകരിച്ചു.
കുങ് ഫു സോഹ്റ റിലീസ് ചെയ്യുന്നതിനും ഒരു വര്‍ഷം മുമ്പ് തന്നെ ജയ ഹേയുടെ കഥ താന്‍ പൂര്‍ത്തീകരിച്ചതാണെന്നും ആറ് മാസം മുന്‍പ് ഇറങ്ങിയ സിനിമയില്‍ നിന്നും കോപ്പി അടിച്ചു കഥയുണ്ടാക്കി റിലീസ് ചെയ്യാന്‍ എളുപ്പല്ലെന്ന് വിവേകമുള്ളവര്‍ക്ക് മനസിലാകുമെന്നായിരുന്നു വിപിന്‍ ദാസ് സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞത്.
രംഗങ്ങളിലെ സാമ്യത ഞെട്ടലോടെയാണ് താന്‍ കണ്ടതെന്നും പഴയ ജാക്കി ചാന്‍, ജെറ്റ് ലി സിനിമകളുടെ ശൈലി പിന്തുടര്‍ന്നത് കൊണ്ടാകാം ഇത് സംഭവിച്ചതെന്നും ഇനി ഇത്തരം കുപ്രചരണങ്ങള്‍ നടത്തുന്നവരെ നിയമപരമായി നേരിടുമെന്നും വിപിന്‍ ദാസ് കുറിപ്പില്‍ പറഞ്ഞിരുന്നു.
Content Highlight: actor azeez nedumangad has responded to allegations that Jay Jay Jay Jay Hey is a copy of a French film