| Friday, 18th November 2022, 1:33 pm

നിന്റെ അതേ സ്വഭാവത്തിലുള്ള ഒരു കഥാപാത്രത്തെ ഞാന്‍ ചെയ്യുന്നുണ്ട്; അത് ഏത് സ്വഭാവം അളിയാ എന്ന് അവന്‍; ' യഥാര്‍ത്ഥ' അനിയണ്ണനെ കുറിച്ച് അസീസ് നെടുമങ്ങാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അടുത്തകാലത്ത് തിയേറ്ററില്‍ എത്തിയ സിനിമകളില്‍ വലിയ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയ ചിത്രമാണ് വിപിന്‍ ദാസിന്റെ സംവിധാനത്തിലൊരുങ്ങിയ ജയ ജയ ജയ ജയ ഹേ. ചിത്രം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം വിവിധ തലത്തില്‍ ചര്‍ച്ചകള്‍ക്ക് വിധേയമായിരുന്നു. ദര്‍ശനയും ബേസില്‍ ജോസഫും അസീസ് നെടുമങ്ങാടും സുധീര്‍ പറവൂരുമൊക്കെ മികച്ച പെര്‍ഫോമന്‍സ് നടത്തിയ ചിത്രം ഇപ്പോഴും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

ചിത്രത്തില്‍ അസീസ് നെടുമങ്ങാട് അവതരിപ്പിച്ച അനിയണ്ണന്‍ എന്ന കഥാപാത്രമൊക്കെ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അനിയെന്ന കഥാപാത്രത്തെ താന്‍ ഉള്‍ക്കൊണ്ടത് എങ്ങനെയാണെന്ന് പറയുകയാണ് അസീസ് നെടുമങ്ങാട്.

അനിയണ്ണന്റെ അതേ സ്വഭാവമുള്ള ഒരു കൂട്ടുകാരന്‍ തനിക്കുണ്ടെന്നും ഷൂട്ടിനിടെ താന്‍ അവനെ വിളിച്ച് കാര്യം പറഞ്ഞിരുന്നെന്നും അവന്റെ അതേ മാനറിസമാണ് താന്‍ കഥാപാത്രത്തിനായി പിടിച്ചതെന്നും അസീസ് നെടുമങ്ങാട് പറയുന്നു.

ജയഹേയിലെ ഓരോ കഥാപാത്രങ്ങളും നമ്മുടെ നാട്ടില്‍ നമുക്ക് അറിയുന്നവരാണ്. അല്ലാതെ ഒരു ക്യാരക്ടറിന് വേണ്ടി ഉണ്ടാക്കിയെടുത്തതല്ല. ഇപ്പോഴും നമ്മള്‍ അങ്ങനെയുള്ള ആളുകളെ കണ്ടുകൊണ്ടിരിക്കുന്നുണ്ട്. ബേസിലിന്റെ അമ്മയാണെങ്കിലും എന്റെ ക്യാരക്ടറാണെങ്കിലുമെല്ലാം.

അനിയണ്ണന്‍ എന്ന കഥാപാത്രത്തെ ഞാന്‍ ചെയ്തുതുടങ്ങിയപ്പോള്‍ എന്റെ കൂട്ടുകാരനെയാണ് എനിക്ക് ഓര്‍മ വന്നത്. ഞാന്‍ അപ്പോള്‍ തന്നെ അവനെ വിളിച്ചു. എടാ നിന്റെ അതേ സ്വഭാവത്തിലുള്ള ഒരു സാധനം ഞാന്‍ ഒരു സിനിമയില്‍ ചെയ്യുന്നുണ്ടെന്ന് പറഞ്ഞു. അതെന്ത് സ്വഭാവം അളിയാ എന്നായിരുന്നു അവന്റെ ചോദ്യം.

സിനിമ കാണുമ്പോള്‍ നിനക്കറിയാം ഇതാണ് നീയെന്ന് എന്ന് ഞാന്‍ മറുപടി കൊടുത്തു. നിന്റെ ആറ്റിറ്റിയൂഡ്, നിന്റെ കോസ്റ്റിയൂം, നിന്റെ രീതി, നിന്റെ നടത്തം അങ്ങനെ എല്ലാം നീയായിട്ട് എനിക്ക് തോന്നിയെന്ന് അവനോട് പറഞ്ഞു. അപ്പോള്‍ ഞാന്‍ നിന്നെ തന്നെ അങ്ങ് പിടിച്ചു എന്ന് പറഞ്ഞു (ചിരി), അസീസ് നെടുമങ്ങാട് പറയുന്നു.

ചിത്രത്തില്‍ രാജേഷിന് എല്ലാ രീതിയിലുള്ള കുബുദ്ധിയും ഉപദേശിച്ചുകൊടുക്കുന്ന കഥാപാത്രമായിരുന്നു അസീസിന്റെ അനിയണ്ണന്‍. സ്ത്രീകള്‍ക്ക് വേണ്ടത് ഭക്തിയും സംസ്‌കാരവും കുട്ടികളും മാത്രമാണെന്ന് വിശ്വസിക്കുന്ന അനിയണ്ണന്‍ എന്ന കഥാപാത്രത്തെ അതിമനോഹരമായാണ് അസീസ് ചിത്രത്തില്‍ അവതരിപ്പിച്ചത്.

Content Highlight: Actor Azees Nedumnagad About Original Aniyannan In Jaya Jaya jaya jaya he Movie

We use cookies to give you the best possible experience. Learn more