| Thursday, 21st September 2023, 5:33 pm

മമ്മൂക്കയുടെ വീടിന്റെ മുറ്റത്ത് നിന്ന് ഞാന്‍ ഒരുപിടി മണ്ണുവാരി വീട്ടില്‍ കൊണ്ടുപോയി; ഇത് കേട്ടപ്പോള്‍ മമ്മൂക്കയുടെ മറുപടി ഇതായിരുന്നു: അസീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ മമ്മൂട്ടിയോടുള്ള തന്റെ ആരാധനയെ കുറിച്ചും ആരാധനമൂത്ത് താന്‍ നടത്തിയ ചില പ്രവൃത്തികളെ കുറിച്ചുമൊക്കെ പറയുകയാണ് നടന്‍ അസീസ്. മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്‌ക്വാഡ് എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അസീസ് എത്തുന്നുണ്ട്. സിനിമയുമായി ബന്ധപ്പെട്ട് മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മമ്മൂട്ടിയുമായുള്ള അടുപ്പത്തെ കുറിച്ചും മിമിക്രി കളിച്ചു നടന്ന സമയത്ത് അദ്ദേഹം ജനിച്ചുവളര്‍ന്ന വീട്ടില്‍ താന്‍ പോയതിനെ കുറിച്ചുമൊക്കെ അസീസ് സംസാരിച്ചത്.

‘ ഞാന്‍ ഈ കഥ മമ്മൂക്കയുടെ അടുത്ത് തന്നെ പറഞ്ഞിട്ടുണ്ട്. അദ്ദേഹം ചിരിച്ചുപോയി. ഞാന്‍ മമ്മൂക്കയുടെ കുടുംബവീടിന്റെ തൊട്ടടുത്തായി, ഏകദേശം 500 മീറ്റര്‍ വ്യത്യാസത്തില്‍ വൈക്കം ചെമ്പില്‍ അമ്പലത്തില്‍ ഒരു പ്രോഗ്രാമിന് പോയിരുന്നു. അവിടെ എനിക്ക് കുറേ ഫാന്‍സിനെ കിട്ടി.

ഞാന്‍ നോക്കുമ്പോള്‍ എന്റെ ഫ്‌ളക്‌സൊക്കെ അവിടെ വെച്ചിരിക്കുന്നു. എന്നെ കമ്മിറ്റിക്കാര്‍ ആദരിക്കുകയൊക്കെ ചെയ്തു. മുഹമ്മദ് കുട്ടിയെ നമ്മള്‍ ആദരിച്ച വേദിയില്‍ വെച്ച് ഈ കലാകാരനേയും ആദരിക്കുകയാണ് എന്നൊക്കെ പറഞ്ഞാണ് എന്നെ ആദരിക്കുന്നത്. ഞാന്‍ ഞെട്ടിപ്പോയി. അങ്ങനെ പ്രോഗ്രാമൊക്കെ കഴിഞ്ഞപ്പോള്‍ അവിടെയുള്ള കുറച്ചുപയ്യന്മാര്‍ എന്നെ അവരുടെ ബൈക്കിലിരുത്തി മമ്മൂക്കയുടെ കുടുംബ വീട്ടിലേക്ക് കൊണ്ടുപോയി.

രാത്രി രണ്ട് മണിക്കാണ്. മതിലുചാടി കടന്നു. ടോര്‍ച്ചൊക്കെ അടിച്ച് മമ്മൂക്ക ഓടിനടന്ന സ്ഥലവും അദ്ദേഹം കിടന്ന മുറിയും മമ്മൂക്ക ഇരുന്ന സ്ഥലവുമൊക്കെയാണെന്ന് പറഞ്ഞ് അവര്‍ ടോര്‍ച്ചടിച്ച് എല്ലാം കാണിച്ചുതരുകയാണ്. ഞാന്‍ അവിടുന്ന് ഒരുപിടി മണ്ണുവാരി കൈയിലെടുത്തു. അമ്പലത്തിന്റെ അടുത്ത് ട്രൂപ്പിന്റെ വണ്ടിയുണ്ട്. അതില്‍ കയറി.

മമ്മൂക്കയുടെ വീട്ടില്‍ എന്നെ കൊണ്ടുപോയെന്നും അവിടുത്തെ മുറ്റത്തെ മണ്ണാണ് ഇതെന്നും പറഞ്ഞ് ഞാന്‍ ഈ മണ്ണ് വണ്ടിയിലുള്ള എന്റെ കൂട്ടുകാരെ കാണിച്ചു. ‘എടാ..’ എന്ന് പറഞ്ഞ് അവരുടെ ആ വികാരം എനിക്ക് പറയാന്‍ പറ്റുന്നില്ല. അത്രയേറെ സന്തോഷത്തോടെ അവര്‍ ആ മണ്ണൊക്കെ തൊട്ട് നെറുകില്‍ വെച്ചു.

നമ്മള്‍ അത്രത്തോളം സ്‌നേഹിച്ച് അദ്ദേഹത്തിന്റെ പാതയിലേക്ക് പോകാനും കൂടെ അഭിനയിക്കാനുമൊക്കെ ആഗ്രഹിക്കുന്ന കലാകാരന്‍മാരല്ലേ. ചിലര്‍ കുറച്ച് മണ്ണ് എന്റെ കൈയില്‍ നിന്ന് വാങ്ങിച്ചു. ബാക്കിയുള്ള മണ്ണ് ഞാന്‍ എന്റെ വീട്ടിലേക്ക് കൊണ്ടുപോയി. ഞാന്‍ ഈ കഥ പിന്നീട് മമ്മൂക്കയോട് പറഞ്ഞു. ‘പോടാ എന്തോന്നാ ഇത് ‘എന്ന് ചോദിച്ച് അദ്ദേഹം എന്റെ തോളില്‍ അടിച്ചു.

മമ്മൂട്ടി ലാലേട്ടന്‍ എന്നൊക്കെ പറയുന്നത് നമ്മുടെ വികാരമല്ലേ. അവരല്ലേ നമ്മളെ ഇങ്ങനെയാക്കിയത്. നമ്മുടെ ഉള്ളില്‍ ഈ വികാരമൊക്കെ ഉണ്ടാക്കിയത് അവരല്ലേ. ആ ഒരുപിടി മണ്ണ് വാരിക്കൊണ്ടു വന്ന കഥ സിനിമയിലുള്ള ഒരു സുഹൃത്തിനോട് പറഞ്ഞു. നമ്മള്‍ അതിയായി ഒരു കാര്യം ആഗ്രഹിച്ചാല്‍, അല്ലെങ്കില്‍ ഒരാളെ സ്‌നേഹിച്ചാല്‍ അവരും അത് അറിയുമെന്നും അങ്ങനെയാണ് നിനക്ക് കണ്ണൂര്‍ സ്‌ക്വാഡ് കിട്ടിയത് എന്നൊക്കെ അവനും പറഞ്ഞു. നിനക്ക് ആ മണ്ണ് വാരാന്‍ തോന്നിയില്ലേ അത്രത്തോളം ഇഷ്ടപ്പെട്ടല്ലേ നീ അത് ചെയ്തത് എന്നും ചോദിച്ചു.
നമ്മള്‍ അതിയായി ഒരു കാര്യം ആഗ്രഹിച്ചാല്‍ അത് നടക്കുമെന്നാണ് ഞാനും വിശ്വസിക്കുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഞാന്‍ സ്റ്റേജ് പ്രോഗ്രാം ചെയ്യുന്നില്ല. ഒരു സ്‌റ്റേജ് പ്രോഗ്രാം കാരണം തീവണ്ടി എന്ന സിനിമ എനിക്ക് നഷ്ടപ്പെട്ടതാണ്. അന്ന് ഞാന്‍ തീരുമാനിച്ചതാണ് ഞാന്‍ സ്റ്റേജ് പ്രോഗ്രാം വിടുകയാണെന്ന്. എനിക്ക് സിനിമയാണ് വലുതെന്ന് ഉറപ്പിച്ചു.

ചിലപ്പോള്‍ പട്ടിണിയായിരിക്കും. ചിലപ്പോള്‍ കഞ്ഞിയായിരിക്കും ഉപ്പിട്ട് കുടിക്കേണ്ടി വരും. അതൊന്നും പ്രശ്‌നമല്ലെന്ന് ഞാനും ഭാര്യയും തീരുമാനിച്ചു. സിനിമയ്ക്ക് വേണ്ടി ഞാന്‍ എറണാകുളത്ത് പോയി. അങ്ങനെ പല പല ലൊക്കേഷനുകളില്‍ പോയി ആളുകളെ കണ്ടു. നിരന്തരം ചാന്‍സ് ചോദിച്ചു. കുറേ കഷ്ടപ്പെട്ടു.

കഠിനമായ പ്രയത്‌നം ഇല്ലെങ്കില്‍ നമ്മള്‍ രക്ഷപ്പെടില്ല. അല്ലെങ്കില്‍ നമ്മള്‍ പൃഥ്വിരാജോ ദുല്‍ഖറോ ആയിരിക്കണം. ഒരു പിന്‍ബലമെങ്കിലും ഉണ്ടാകണം. പക്ഷേ അവര്‍ പോലും കഠിനാധ്വാനം ചെയ്തിട്ടുണ്ട്,’ അസീസ് പറഞ്ഞു.

Content Highlight: Actor Azees Nedumangad Share a funny Moments with mammootty

We use cookies to give you the best possible experience. Learn more