| Sunday, 24th September 2023, 11:37 pm

മമ്മൂട്ടിയെ പോലൊരാള്‍ ഞങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നത് ഭാഗ്യമാണ്: അസീസ് നെടുമങ്ങാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയെ പോലെയൊരാള്‍ തങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നത് ഭാഗ്യമായി കരുതുന്നുവെന്ന് നടന്‍ അസീസ് നെടുമങ്ങാട്. മമ്മൂട്ടി ഒരു ഗോഡ്ഫാദറിനെ പോലെ കൂടെയുണ്ടാകുമെന്നും തങ്ങള്‍ പോലും അറിയാതെ തങ്ങള്‍ക്ക് വേണ്ടി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സില്ലി മോങ്ക്‌സ് മോളിവുഡില്‍ തങ്ങളുടെ പുതിയ സിനിമയായ കണ്ണൂര്‍ സ്‌ക്വാഡിന്റെ വിശേഷങ്ങള്‍ പങ്കുവെക്കവെയാണ് അസീസ് നെടുമങ്ങാടിന്റെ പ്രതികരണം.

‘അര്‍ജുന്‍ അശോകന്‍, ജോജു ചേട്ടന്‍, സുരാജണ്ണന്‍ ഇവര്‍ക്കൊക്കെ മമ്മുക്കയുടെ കൂടെ അഭിനയിക്കാന്‍ ഭാഗ്യം കിട്ടിയവരാണ്. കാരണം മമ്മുക്ക ഒരു ഗോഡ്ഫാദറിനെ പോലെ കൂടെയുണ്ടാകും. നമുക്ക് വേണ്ടി സംസാരിക്കാന്‍ ഒരാളുണ്ടെങ്കില്‍ അതാണ് ഭാഗ്യം എന്ന് പറയുന്നത്. നമ്മള്‍ ചിലപ്പോള്‍ ഒരു ഉപകാരവും ചെയ്തിട്ടുണ്ടാകില്ല.

നമ്മള്‍ പോലും അറിയാതെ നമുക്ക് വേണ്ടി സംസാരിക്കുക എന്നത് വലിയ ഭാഗ്യമാണ്. ഇങ്ങനെ വന്നവരാണ് അവരൊക്കെ. നമുക്കൊക്കെ എന്നാണാവോ ഈ ഭാഗ്യം ലഭിക്കുക എന്നാണ് ഞാനൊക്കെ ചിന്തിച്ചിരുന്നു. ഇപ്പോള്‍ കറക്ടായി,’ അസീസ് പറഞ്ഞു.

‘സുരാജ്, ജോജു, ഉണ്ട എന്ന സിനിമയില്‍ അര്‍ജുന്‍ അങ്ങനെ മമ്മുക്കയുടെ കൂടെ അഭിനയിക്കാന്‍ അവസരം ലഭച്ചവര്‍ക്കൊക്കെ കരിയറില്‍ തന്നെ ചേഞ്ചാകുന്ന വിധമുള്ള അവസരങ്ങള്‍ ലഭിച്ചിട്ടുണ്ടല്ലോ എന്ന അവതാരകയുടെ ചോദ്യത്തിനായിരുന്നു അസീസിന്റെ മറുപടി.

റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂര്‍ സ്‌ക്വാഡ് മമ്മൂട്ടി കമ്പനിയാണ് നിര്‍മിക്കുന്നത്. സമീപകാലത്തായി വ്യത്യസ്ത രീതിയിലുള്ള കഥാപാത്രങ്ങള്‍ പരീക്ഷിക്കുന്ന മമ്മൂട്ടിയുടെ മറ്റൊരു ഗംഭീരകഥാപാത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും. സെപ്റ്റംബര്‍ 28നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് ഷാഫിയാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതു ഷാഫിയോടോപ്പം റോണി ഡേവിഡും ചേര്‍ന്നാണ്. എസ്.ജോര്‍ജ് ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്.

Content Highlight: Actor Azees Nedumangad feels lucky to have someone like Mammootty speak for them

We use cookies to give you the best possible experience. Learn more