ബി.പി കൂടല്ലേയെന്ന് മമ്മൂട്ടി, ഇപ്പോള്‍ താഴെ വീഴുമെന്ന് അസീസ്; കണ്ണൂര്‍ സ്‌ക്വാഡിലെ അസീസിന്റെ പ്രകടനത്തെ അഭിനന്ദിച്ച് മമ്മൂട്ടി
കണ്ണൂര്‍ സ്‌ക്വാഡ് എന്ന സിനിമയില്‍ പൊലീസ് കഥാപാത്രമായാണ് നടന്‍ അസീസ് നെടുമങ്ങാട് എത്തുന്നത്. സിനിമ ഷൂട്ടിങ്ങിനിടയില്‍ പൊലീസ് കഥാപാത്രങ്ങളെ എങ്ങനെ അവതരിപ്പിക്കണം എന്നതിനെ പറ്റി മമ്മൂക്ക പറഞ്ഞുതന്ന ചില കാര്യങ്ങളെ കുറിച്ച് പറയുകയാണ് അസീസ്. പൊലീസ് കഥാപാത്രം ചെയ്യുമ്പോള്‍ നിന്റെ പല്ലുപോലും പുറത്തുകാണരുതെന്നും ചിരിക്കരുതെന്നും മമ്മൂക്ക പറഞ്ഞെന്നായിരുന്നു അസീസിന്റെ വാക്കുകള്‍. അസീസിന്റെ പ്രകടനത്തെ മമ്മൂട്ടി അഭിനന്ദിച്ചപ്പോള്‍ ബി.പി കൂടി താന്‍ ഇപ്പോള്‍ താഴെ വീഴുമെന്നായിരുന്നു അസീസിന്റെ മറുപടി.
‘നീ ഒരുപാട് കോമഡിയെല്ലാം ചെയ്തിട്ടുള്ള ഒരാളാണ്. പക്ഷേ ഈ കഥാപാത്രം ചെയ്യുമ്പോള്‍ നീ നിന്റെ പല്ല് പോലും പുറത്ത് കാണിക്കരുത്. നീ ചിരിക്കരുത്. നീ ഒരു പൊലീസുകാരനാണ്’ എന്നാണ് മമ്മൂക്ക എന്നോട് പറഞ്ഞത്. ഇങ്ങനെ ഒന്നും പറഞ്ഞതായി മമ്മൂക്കയ്ക്ക് ഓര്‍മ്മയുണ്ടാവില്ലെന്നും എന്നാല്‍ ആ വാക്കുകള്‍ മനസില്‍ വച്ചാണ് താന്‍ ഈ സിനിമ മുഴുവന്‍ അഭിനയിച്ചതെന്നുമായിരുന്നു അസീസ് പറഞ്ഞത്.
ഒരു നടനായിട്ട് അസീസിനെ കാണാന്‍ സാധിക്കുന്ന സിനിമയാണ് കണ്ണൂര്‍ സ്‌ക്വാഡെന്നായിരുന്നു ഇതോടെ മമ്മൂട്ടി പറഞ്ഞത്. പുറമെ കാണുന്ന ആളല്ല, അസീസിന്റെ കയ്യില്‍ ചില കാര്യങ്ങളൊക്കെയുണ്ടെന്ന് നിങ്ങള്‍ക്ക് മനസിലാകും. പെര്‍ഫെക്ട് നടനായിട്ടാണ് അസീസ് ജോസ് എന്ന കഥാപാത്രത്തെ കണ്ണൂര്‍ സ്‌ക്വാഡില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരണ അപ്പുറത്തുമില്ല ഇപ്പുറത്തുമില്ല എന്ന രീതിയിലാണ് അസീസ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത് എന്ന് മമ്മൂട്ടി പറഞ്ഞപ്പോള്‍ താങ്ക് യു എന്നായിരുന്നു അസീസിന്റെ മറുപടി.
ഇതോടെ ബി.പി കൂടല്ലേ എന്ന് തിരിച്ച് കൗണ്ടറടിക്കുകയായിരുന്നു മമ്മൂട്ടി. ഇതുകൂടി കേട്ടപ്പോള്‍ താന്‍ ഇപ്പോള്‍ വീഴുമെന്നായി അസീസ്.
എല്ലാ നടന്മാരും അവരുടെ പരമാവധി എഫേര്‍ട്ട് ഇട്ടാണ് ഈ സിനിമ ചെയ്തതെന്നും വ്യത്യസ്ത ലൊക്കേഷനുകളില്‍ ചെന്ന് മഞ്ഞും മഴയും വെയിലും കൊണ്ട് ഒരുപാട് എഫേര്‍ട്ട് എടുത്ത് ചെയ്ത സിനിമയാണെന്നും അതിന്റെ ഫലം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നെന്നും മ്മൂട്ടിയും പറഞ്ഞു.
വലിയ റാങ്കുകളൊന്നും ഇല്ലാത്ത ഒരു സാധാരണ പൊലീസ് കഥാപാത്രമാണ് തന്റേതെന്നും 20 ശതമാനം മാത്രമേ ഈ സിനിമയില്‍ കഥയുള്ളുവെന്നും ബാക്കിയെല്ലാം യാഥാര്‍ത്ഥ്യമാണെന്നും മമ്മൂട്ടി പറഞ്ഞു.
റോബി വര്‍ഗ്ഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂര്‍ സ്‌ക്വാഡ് സെപ്റ്റബര്‍ 28 ന് റിലീസ് ചെയും നടന്‍ വിജയരാഘവനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Content Highlight: Actor Azees Nedumangad and mammootty Funny Conversation