| Sunday, 28th January 2024, 8:25 pm

'ലാലേട്ടന്റെ മകനാണെന്ന് പ്രണവൊരിക്കലും തോന്നിപ്പിച്ചിട്ടില്ല' ഹൃദയത്തിലെ ആന്റണി താടിക്കാരന്‍ പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്‍ രചനയും സംവിധാനവും ചെയ്ത് 2022ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഹൃദയം. കൊവിഡിന് ശേഷം തിയേറ്ററുകളില്‍ യൂത്ത് ആഘോഷമാക്കി മാറ്റിയ ചിത്രം കൂടിയായിരുന്നു ഇത്. ജനപ്രിയ ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ചിത്രം നേടിയിരുന്നു.

പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ അശ്വത് ലാല്‍ ആന്റണി താടിക്കാരന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

ഇപ്പോള്‍ തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ജാങ്കോ സ്‌പേസ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രണവ് മോഹന്‍ലാലിനെ കുറിച്ച് സംസാരിക്കുകയാണ് അശ്വത്.

ഹൃദയം സിനിമയില്‍ എങ്ങനെയാണ് പ്രണവുമായി കെമിസ്ട്രി കൊണ്ടുവന്നതെന്നും മോഹന്‍ലാലിന്റെ മകന്റെ കൂടെ അഭിനയിക്കുമ്പോള്‍ പേടി തോന്നിയില്ലേയെന്നുമുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

മോഹന്‍ലാലിന്റെ മകനാണെന്ന് പ്രണവ് ഒരിക്കലും തോന്നിപ്പിച്ചിട്ടില്ലെന്നും വളരെ ഫ്രീയായിട്ടാണ് അദ്ദേഹം ഇങ്ങോട്ട് പെരുമാറിയതെന്നും അശ്വത് പറഞ്ഞു. അതുകൊണ്ട് അങ്ങോട്ടും അങ്ങനെ തന്നെ നില്‍ക്കാന്‍ തനിക്ക് സാധിച്ചുവെന്നും താരം പറയുന്നു.

തങ്ങള്‍ക്കിടയില്‍ ഐസ് ബ്രേക്കിങ് മൊമെന്റില്ലായിരുന്നെന്നും കാരണം ബ്രേക്ക് ചെയ്യാന്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും അശ്വത് കൂട്ടിച്ചേര്‍ത്തു.

‘ലാലേട്ടന്റെ മകനാണെന്ന് പ്രണവ് ഒരിക്കലും തോന്നിപ്പിച്ചിട്ടില്ല. വളരെ ഫ്രീയായിട്ടാണ് പുള്ളി ഇങ്ങോട്ട് പെരുമാറിയത്. അതുകൊണ്ട് അങ്ങോട്ടും അങ്ങനെ തന്നെ നില്‍ക്കാന്‍ സാധിച്ചു. ഞങ്ങള്‍ക്ക് ഇടയില്‍ ഐസ് ബ്രേക്കിങ് മൊമെന്റില്ലായിരുന്നു. കാരണം ബ്രേക്ക് ചെയ്യാന്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല,’ അശ്വത് ലാല്‍ പറയുന്നു.

അശ്വതിന്റേതായി തിയേറ്ററിലെത്താനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് എല്‍.എല്‍.ബി. അശ്വത് ലാലിന് പുറമെ ശ്രീനാഥ് ഭാസി, ലാലു അലക്‌സ്, സുധീഷ്, വിശാഖ് നായര്‍ എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായെത്തും.

എ.എം. സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രം മുജീബ് രണ്ടത്താണിയാണ് നിര്‍മിക്കുന്നത്. എല്‍.എല്‍.ബിയില്‍ സംഗീതം നല്‍കിയിരിക്കുന്നത് ബിജിബാലാണ്.


Content Highlight: Actor Aswath Lal Talks About Pranav Mohanlal

We use cookies to give you the best possible experience. Learn more