ഷാജി കൈലാസിന്റെ കൂടെ സിനിമ ചെയ്യുക എന്നത് തന്റെ വലിയ ആഗ്രഹമായിരുന്നുവെന്ന് നടന്‍ ആസിഫ് അലി. മലയാളത്തിലെ പല സീനിയര്‍ സംവിധായകരുമായി ചേര്‍ന്ന് സിനിമ ചെയ്യാന്‍ സാധിച്ചെന്നും, ഷാജി കൈലാസ് താന്‍ ഉദ്ദേശിച്ചത് പോലെയുള്ള ആളല്ലെന്നും താരം പറഞ്ഞു. കാപ്പ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ് മീറ്റിലാണ് ആസിഫ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘എല്ലാവര്‍ക്കും നമസ്‌കാരം, ഇന്നീ വേദിയില്‍ ഇങ്ങനെ നില്‍ക്കാന്‍ കഴിയുന്നത് തന്നെ എന്റെ ഭാഗ്യമാണ്. സിനിമ സ്വപ്‌നം കണ്ടപ്പോഴും ആഗ്രഹിച്ചപ്പോഴുമൊക്കെ എന്റെ മനസിലുണ്ടായിരുന്ന മുഖങ്ങളാണ് ഇപ്പോള്‍ എന്റെ മുമ്പിലിരിക്കുന്നത്. പിന്നെ ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ ഒരു സിനിമ പ്രൊഡ്യൂസ് ചെയ്യുന്നു, അതില്‍ അഭിനയിക്കാനായി എന്നെ വിളിക്കുന്നുവെന്ന് പറയുന്നത് തന്നെ വളരെ അഭിമാനിക്കാവുന്ന കാര്യമാണ്.
കാരണം, ഫെഫ്ക ഒരു സിനിമ ചെയ്യുമ്പോള്‍ ഈ ഇന്‍ഡസ്ട്രിയിലുള്ള ആരെ വിളിച്ചാലും ഉറപ്പായും അഭിനയിക്കും. എന്നെ വിളിച്ചപ്പോള്‍ ഞാന്‍ ശമ്പളത്തില്‍ ഭയങ്കരമായ അഡ്ജസ്റ്റ്‌മെന്റ് ഒന്നും ചെയ്തിട്ടില്ല. ഒരു മടിയും കൂടാതെ ഞാന്‍ ചോദിച്ച ശമ്പളം മൊത്തമായി തന്നു. അതുകൊണ്ട് തന്നെ ഇവരോട് എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു.
പിന്നെ എല്ലാവരും പറഞ്ഞതുപോലെ എനിക്കും പറയാനുള്ള ഒരു പേര് ഷാജി സാറിന്റെയാണ്. ഞാന്‍ തിയേറ്ററില്‍ പോയി സിനിമ കാണാന്‍ തുടങ്ങിയ കാലംമുതല്‍ സംവിധായകന്റെ പേര് എഴുതി കാണിക്കുമ്പോള്‍ ജനങ്ങള്‍ കയ്യടിക്കുന്നത് ഒരേ ഒരാള്‍ക്ക് വേണ്ടിയാണ് അത് ഷാജി ചേട്ടന് വേണ്ടിയാണ്. സാറിന്റെ കൂടെ സിനിമ ചെയ്യണമെന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു.
പിന്നെ എനിക്ക് കിട്ടിയ മറ്റൊരു ഭാഗ്യമാണ്, സിനിമയില്‍ വന്ന കാലം മുതല്‍ പല സീനിയേഴ്‌സിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റിയെന്നത്. അതില്‍ ഇനി കുറച്ച് പേരുടെ കൂടെ മാത്രമാണ് സിനിമ ചെയ്യാന്‍ ബാക്കിയുള്ളത്. അതും നടക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിലൊരു പേരായിരുന്നു ഷാജി സാറിന്റേത്.
ഞാന്‍ മനസില്‍ വിചാരിച്ചത് പോലെയുള്ള ഒരാളായിരുന്നില്ല ഷാജി സാര്‍. എന്നും ചീത്ത പറയുന്ന വഴക്ക് പറയുന്ന ഒരാളാണെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ ഈ സിനിമയിലെ എന്റെ കഥാപാത്രം ചെയ്യാന്‍ എന്നെ ഏറ്റവും കൂടുതല്‍ സഹായിച്ചത് അദ്ദേഹമാണ്. സിനിമയുടെ ലൊക്കേഷനില്‍ മുഴുവന്‍ അത്ര വാത്സല്യത്തോടെയാണ് എന്നോട് പെരുമാറിയത്.
ഞാന്‍ നേരത്തെ പറഞ്ഞില്ലേ ശമ്പളത്തിന്റെ കാര്യം. എനിക്കറിയില്ലായിരുന്നു ഇത്രയും വലിയൊരു ഇനിഷ്യേറ്റീവാണിതെന്ന്. സിനിമ കഴിഞ്ഞുള്ള പല സമയങ്ങളിലും രാജുവേട്ടനോട് സംസാരിക്കുമ്പോഴാണ് ഇത് എത്ര വലിയ മൊമന്റാണെന്ന് ഞാന്‍ തന്നെ തിരിച്ചറിയുന്നത്. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഒരു ഇന്‍ഡസ്ട്രി ഇങ്ങനെയൊരു കാര്യം ചെയ്യുന്നത്. നമ്മുടെ ഇടയില്‍ നിന്നുള്ള ഒരു യൂണിയനാണെന്ന് അറിഞ്ഞതില്‍ എനിക്ക് ഒരുപാട് അഭിമാനമുണ്ട്. അതില്‍ പങ്കാളിയാകാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യവുമാണ്,’ ആസിഫ് അലി പറഞ്ഞു.
content highlight: actor asif ali talks about shaji kailas