| Saturday, 14th January 2023, 9:08 am

എന്റെ ആ അവസ്ഥ കണ്ടപ്പോള്‍ ഉമ്മ പേടിച്ച് കരഞ്ഞു: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയിലേക്ക് വരാനും സിനിമയോട് തനിക്ക് ഇഷ്ടം തോന്നാനുമുള്ള കാരണങ്ങള്‍ പറയുകയാണ് നടന്‍ ആസിഫ് അലി. സ്‌കൂളില്ലാത്ത ദിവസങ്ങളില്‍ അച്ഛന്റെ പെട്രോള്‍ പമ്പില്‍ പോയിരിക്കുമായിരുന്നെന്നും, തന്നെ അവിടെ നിന്ന് ഒഴിവാക്കാനായി അച്ഛന്‍ തിയേറ്ററില്‍ കൊണ്ടിരിത്തുമായിരുന്നെന്നും അങ്ങനെ ഒരുപാട് സിനിമകള്‍ കാണുകയും, അതുവഴിയാണ് സിനിമയോട് താല്‍പര്യം കൂടിയതെന്നും ആസിഫ് അലി പറഞ്ഞു.

കഥ തുടരുന്നു എന്ന സിനിമ കാണാന്‍ കുടുംബത്തോടൊപ്പം തിയേറ്ററില്‍ പോയ അനുഭവവും താരം പങ്കുവെച്ചു. തന്റെ മയ്യത്ത് കൊണ്ടുപോകുന്ന സീന്‍ കണ്ട് ഉമ്മ പേടിച്ച് കരഞ്ഞെന്നും താരം പറഞ്ഞു. ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘എന്റെ വാപ്പക്ക് ഒരു പെട്രോള്‍ പമ്പ് ഉണ്ടായിരുന്നു. ഞാന്‍ ആണെങ്കില്‍ വീക്ക് എന്‍ഡ്‌സില്‍ എല്ലാം അവിടെ പോയിരിക്കും. സ്‌കൂളില്ലാത്ത ദിവസങ്ങളിലെല്ലാം ഞാന്‍ അവിടെ പോയാണ് ഇരിക്കുന്നത്. സത്യം പറഞ്ഞാല്‍ ഒരു പെട്രോള്‍ പമ്പില്‍ പോയിരുന്ന് എനിക്ക് ഒന്നും തന്നെ ചെയ്യാനില്ല. കുറേ നേരം ഞാന്‍ ഓഫീസ് റൂമിലിരിക്കും. അത് കഴിഞ്ഞ് വണ്ടികളുടെ ഇടയിലൊക്കെ പോയി നില്‍ക്കും എന്നിട്ട് പെട്രോള്‍ അടിക്കുന്നത് കാണും.

അല്ലാതെ എനിക്ക് അവിടെ പ്രത്യേകിച്ച് പണിയൊന്നുമില്ല. കുറേ കഴിയുമ്പോള്‍ പമ്പിലെ ഒരു സ്റ്റാഫിനെയും കൂട്ടി എന്നെ സിനിമക്ക് വിടും. തൊട്ടടുത്തുള്ള ശ്രീകൃഷ്ണ എന്നുപറയുന്ന തിയേറ്ററിലാണ് സിനിമാ കാണാന്‍ വിടുന്നത്. അവിടെ ചെന്ന് ബാല്‍ക്കണിക്ക്‌ ടിക്കറ്റെടുത്ത് എന്നെ അവിടെ കയറ്റിയിരുത്തും. ഏത് സിനിമയാണ് ഓടുന്നതെന്നൊന്നും വാപ്പ നോക്കുന്നില്ല. കാരണം ഈ ഒമ്പത് മണി വരെ എന്റെ ശല്യം ഒഴിവാക്കുക എന്നായിരിക്കും ചിലപ്പോള്‍ അതിന്റെ ലക്ഷ്യം.

അങ്ങനെ ഞാന്‍ ഒരുപാട് സിനിമകള്‍ കണ്ടു. പിന്നെ വാപ്പ ഭയങ്കരമായി സിനിമയെ പിന്തുടരുന്ന ഒരാളാണ്. വാപ്പ മോഹന്‍ലാല്‍, മമ്മൂട്ടി പടങ്ങളെല്ലാം റിലീസ് ചെയ്യുമ്പോള്‍ തന്നെ പോയി കാണാറുണ്ട്. ഞങ്ങള്‍ ഫാമിലിയായിട്ട് പോയി കാണാറുണ്ട്. കഥ തുടരുന്നു എന്ന സിനിമ കാണാന്‍ ഞങ്ങള്‍ എല്ലാവരും ഒരുമിച്ചാണ് തിയേറ്ററില്‍ പോയത്.

സിനിമയില്‍ എന്റെ മയ്യത്ത് കൊണ്ടുപോകുന്ന സീനുണ്ട്. അതിങ്ങനെ കൃത്യമായി മതപരമായ ചടങ്ങുകളുമായി പോകുന്നത് കണ്ടപ്പോള്‍ എന്റെ ഉമ്മ ഭയങ്കരമായിട്ട് പേടിച്ച് കരഞ്ഞു. അത് എനിക്കൊരു വലിയ അനുഭവം തന്നെയായിരുന്നു,’ ആസിഫ് അലി പറഞ്ഞു.

content highlight: actor asif ali talks about kadha tudarunnu movie

We use cookies to give you the best possible experience. Learn more