ജിസിനെ ഞങ്ങള്‍ വിളിക്കുന്നത് ന്യൂജനറേഷന്‍ സത്യന്‍ അന്തിക്കാടെന്ന്; ചാക്കോച്ചന്‍ പറഞ്ഞ തമാശയില്‍ നിന്നാണ് ഈ സിനിമയുണ്ടാകുന്നത്; പുത്തന്‍ സിനിമാ വിശേഷങ്ങള്‍ പങ്കുവെച്ച് ആസിഫ് അലി
മൂന്ന് സിനിമകള്‍ ഒരുമിച്ച് ചെയ്ത് മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടന്‍-സംവിധായകന്‍ കൂട്ടുകെട്ടാണ് ആസിഫ് അലി-ജിസ് ജോയ്. ആസിഫിനെ നായകനാക്കി ജിസ് ജോയ് ഒരുക്കുന്ന നാലാമത്തേതും ജിസിന്റെ അഞ്ചാമത്തേതുമായ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്.
പേരിട്ടിട്ടില്ലാത്ത സിനിമയുടെ വിശേഷങ്ങളും ജിസ് ജോയിയുമൊത്തുള്ള സൗഹൃദത്തെക്കുറിച്ചും സംസാരിക്കുകയാണ് ഇപ്പോള്‍ ആസിഫ് അലി. കാന്‍ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്.
കുഞ്ചാക്കോ ബോബന്‍ ജിസ് ജോയിയെ വിളിച്ച് പറഞ്ഞ തമാശയില്‍ നിന്നാണ് ജിസിന് സിനിമയുടെ ചിന്ത വന്നതെന്നും, പിന്നീട് തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ്മാരോട് പറഞ്ഞപ്പോഴാണ് ഇതില്‍ ഒരു സിനിമയ്ക്കുള്ള സാധ്യതയുള്ളതായി അവര്‍ പറഞ്ഞതെന്നും ആസിഫ് അഭിമുഖത്തില്‍ പറഞ്ഞു.
”ചാക്കോച്ചന്‍ ലോക്ക്ഡൗണ്‍ സമയത്ത് രാവിലെ വിളിച്ച് പറഞ്ഞ ഒരു തമാശയില്‍ നിന്നുണ്ടായ ഒരു ചിന്തയാണ് ഈ സിനിമയുണ്ടാവാന്‍ കാരണം. ശരിക്കും ചാക്കോച്ചന് ഇപ്പോഴും അറിയില്ല ഞങ്ങളിത് അടിച്ച് മാറ്റിയ കാര്യം.
അത് ഞാനിവിടെ എക്‌സ്‌ക്ലൂസീവായി പുറത്തു വിടുന്നു,” ആസിഫ് തമാശ രൂപേണ പറഞ്ഞു.
ജിസ് ജോയിയോടുള്ള തന്റെ സൗഹൃദത്തെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. ”എന്നെ ഏറ്റവും നന്നായി മനസിലാക്കുന്ന സംവിധായകനാണ് ജിസ് ജോയ്. സംവിധായകനേക്കാളുപരി എന്റെ നല്ല ഫ്രണ്ടാണ്. ജിസിനെ അറിയാവുന്ന എല്ലാവര്‍ക്കുമറിയാം ഒരു ഉദാഹരണമായി പറയാവുന്ന നല്ല മനുഷ്യനാണ് അദ്ദേഹം.
ജിസിന്റെ കൂടെ സിനിമ ചെയ്യുമ്പോള്‍ ഭയങ്കര കംഫര്‍ട്ടബിളാണ്. ഒരു സമയത്ത് എന്റെ സ്‌ക്രിപ്റ്റ് സെലക്ഷന്‍ മോശമായിരുന്ന സമയത്ത് ജിസിന്റെ കൂടെയുള്ള സിനിമകളായിരുന്നു എനിക്ക് പ്രതീക്ഷ നല്‍കിയത്,” ആസിഫ് പറഞ്ഞു.
ജിസ് ജോയിയെ തങ്ങള്‍ സുഹൃത്തുക്കള്‍ വിളിക്കുന്നത് ന്യൂജനറേഷന്‍ സത്യന്‍ അന്തിക്കാട് എന്നാണെന്നും എല്ലാ കാറ്റഗറിയിലുള്ള പ്രേക്ഷകരെയും എന്റര്‍ടെയിന്‍ ചെയ്യാന്‍ പറ്റുന്ന സിനിമകള്‍ ചെയ്യുന്നതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. ജിസ് ഇതുവരെ ചെയ്തതില്‍ നിന്നും വ്യത്യസ്തമായ ഒരു ത്രില്ലര്‍ സിനിമയാണ് പുറത്തിറങ്ങാനിരിക്കുന്നതെന്നും താരം പറഞ്ഞു.
ജിസ് ജോയിയുടെ സംവിധാനത്തില്‍ ഇതുവരെ പുറത്തിറങ്ങിയ നാല് സിനിമകളിലും ആസിഫ് അലി അഭിനയിച്ചിട്ടുണ്ട്. ഇതില്‍ ബൈസൈക്കിള്‍ തീവ്‌സ്, സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും എന്നിവയില്‍ നായകനായും മോഹന്‍കുമാര്‍ ഫാന്‍സില്‍ അതിഥി താരമായുമാണ് ആസിഫ് എത്തിയത്.
ആസിഫിന് പുറമേ ആന്റണി വര്‍ഗീസ്, നിമിഷ സജയന്‍, റെബ മോണിക്ക ജോണ്‍ എന്നിവരാണ് ജിസ് ജോയ് ഒരുക്കുന്ന പേരിട്ടിട്ടില്ലാത്ത ഈ ത്രില്ലറിലെ മറ്റ് പ്രധാന താരങ്ങള്‍.
കുഞ്ഞെല്‍ദോ, എല്ലാം ശരിയാകും, കുറ്റവും ശിക്ഷയും എന്നിവയാണ് ഷൂട്ടിംഗ് പൂര്‍ത്തിയായി റിലീസിനൊരുങ്ങുന്ന ആസിഫ് അലി സിനിമകള്‍.
അപൂര്‍വരാഗം, ഉന്നം, വയലിന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് അലിയെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്യുന്ന കൊത്ത് എന്ന സിനിമയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.