| Sunday, 10th October 2021, 4:06 pm

യൂണിഫോമിലല്ലെങ്കില്‍ അദ്ദേഹം പൊലീസുകാരനാണെന്ന് വിശ്വസിക്കാനാവില്ല; യൂണിഫോം ഇടുന്നതും സല്യൂട്ട് ചെയ്യുന്നതും തോക്ക് പിടിക്കുന്നതുമെല്ലാം വിശദമായി പറഞ്ഞുതന്നു; കുറ്റവും ശിക്ഷയും വിശേഷങ്ങളുമായി ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആസിഫ് അലി-രാജീവ് രവി കൂട്ടുകെട്ടില്‍ റിലീസിനൊരുങ്ങുന്ന സിനിമയാണ് കുറ്റവും ശിക്ഷയും. സിബി തോമസ്-ശ്രീജിത് ദിവാകരന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലെ സാജന്‍ എന്ന പൊലീസ് ഓഫീസറുടെ വേഷത്തില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച സിബി തോമസ് യഥാര്‍ത്ഥ ജീവിതത്തിലും പൊലീസുകാരനാണെന്നത് ഒരു പൊലീസ് സ്റ്റോറിയായ സിനിമയ്ക്ക് കൂടുതല്‍ ഗുണം ചെയ്തിട്ടുണ്ടെന്നാണ് ആസിഫ് പറയുന്നത്.

കാന്‍ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ആസിഫ് അലി സിനിമയെക്കുറിച്ചും സിബി തോമസിനെക്കുറിച്ചും സംസാരിച്ചത്.

സിബി തോമസ് തിരക്കഥയെഴുതുമ്പോള്‍ ഒരു എഴുത്തുകാരന്‍ എഴുതുന്നതിനേക്കാള്‍ അതിന് കൂടുതല്‍ വിശ്വാസ്യതയും യഥാര്‍ത്ഥവുമായിരിക്കുമെന്ന് താരം പറഞ്ഞു.

”എന്റെ കരിയറിലെ ഒരു മേജര്‍ പൊലീസ് കഥാപാത്രമാണ് കുറ്റവും ശിക്ഷയും ചിത്രത്തിലേത്. അതിലെ ഏറ്റവും വലിയ എക്‌സൈറ്റ്‌മെന്റ്, ഇന്ത്യന്‍ സിനിമയിലെ തന്നെ ഐക്കണ്‍ ആയ രാജീവ് രവി സാറിന്റെ കൂടെയാണ് എന്നുള്ളതാണ്,” ആസിഫ് പറഞ്ഞു.

ഒരു പൊലീസ് ഓഫീസര്‍ അദ്ദേഹത്തിന്റെ സര്‍വീസ് സ്‌റ്റോറി പറയുമ്പോള്‍ അത് കൂടുതല്‍ സത്യസന്ധമാണ്. ഒരു എഴുത്തുകാരന്റെ ഭാവനയില്‍ ഉണ്ടാകുന്നതിനേക്കാള്‍ കുറേ സംഭവങ്ങള്‍ കുറ്റവും ശിക്ഷയും സിനിമയിലുണ്ടെന്നും ആസിഫ് അലി അഭിമുഖത്തില്‍ പറഞ്ഞു.

സിബി തോമസ് സോഫ്റ്റ് സ്‌പോക്കണ്‍ ആയ ഒരു സാധാരണ മനുഷ്യനാണെന്നും യൂണിഫോമിലല്ലെങ്കില്‍ അദ്ദേഹം പൊലീസുകാരനാണെന്ന് വിശ്വസിക്കാനാവില്ലെന്നും നടന്‍ പറഞ്ഞു.

സിനിമയുടെ ചിത്രീകരണ സമയത്ത് മുഴുവനും സിബി തോമസ് ഒപ്പമുണ്ടായിരുന്നു. യൂണിഫോം ഇടുന്നത്, സല്യൂട്ട് ചെയ്യുന്നത്, തോക്ക് പിടിക്കുന്നത് എല്ലാം അദ്ദേഹം വിശദമായി കാണിച്ച് മനസിലാക്കി തരുമായിരുന്നു. ആ സിനിമയുടെ ഭാഗമായി ഒരു തിരക്കഥാകൃത്തിനേക്കാള്‍ കൂടുതല്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ഷൂട്ടിംഗ് സമയത്ത് ഉണ്ടായിരുന്നെന്നും ആസിഫ് പറഞ്ഞു.

തന്റെ ശരീരപ്രകൃതി കാരണം കുറ്റവും ശിക്ഷയും ചെയ്യുന്ന സമയത്ത് പൊലീസ് കഥാപാത്രം ചെയ്യാന്‍ ആത്മവിശ്വാസക്കുറവ് ഉണ്ടായിരുന്നെന്നും താരം പറയുന്നു. ” ഞാന്‍ എന്റെ വലിപ്പത്തില്‍ നിന്നുകൊണ്ട് പൊലീസ് കഥാപാത്രം ചെയ്യുന്നതില്‍ കോണ്‍ഫിഡന്‍സ് കുറവ് ഉണ്ടായിരുന്നു. സിനിമയില്‍ കാണുന്ന പൊലീസുകാര്‍ ഭയങ്കര മസ്‌കുലര്‍ ആയ, ഫിറ്റ് ആയ ആള്‍ക്കാരാണ്.

ഞാന്‍ ഇത് പറഞ്ഞപ്പോള്‍ സിബി സര്‍ പറഞ്ഞത്, നീ എന്നെ നോക്ക്. ഞാനൊരു പൊലീസ് ഓഫീസറാണ്. സി.ഐ റാങ്കിലുള്ള ഒരാളാണ്. എന്റെ കഥ പറയുമ്പോള്‍ എനിക്ക് ഇങ്ങനെ ഒരാളെ മതി, എന്നായിരുന്നു,” ആസിഫ് കൂട്ടിച്ചേര്‍ത്തു.

സിനിമയുടെ പ്രിവ്യൂ കാണുന്ന സമയത്ത്, കുഴപ്പമില്ല തന്നെ കാണാന്‍ പൊലീസ് ഓഫീസറെ പോലെയുണ്ട് എന്ന് സംവിധായകന്‍ രാജീവ് രവി പറഞ്ഞതായും താരം അഭിമുഖത്തില്‍ പറഞ്ഞു.

ആസിഫ് അലിയെക്കൂടാതെ സണ്ണി വെയ്ന്‍, അലന്‍സിയര്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actor Asif Ali talking about his new movie Kuttavum Shikshayum

We use cookies to give you the best possible experience. Learn more