ആസിഫ് അലിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് കുറ്റവും ശിക്ഷയും. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആസിഫിന്റെ കരിയറിലെ വ്യത്യസ്തമായ ഒരു പൊലീസ് കഥാപാത്രമാണ് ചിത്രത്തിലേത്. സണ്ണി വെയ്ന്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണ, അലന്‍സിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്.
കുറ്റവും ശിക്ഷയും ഷൂട്ടിങ് സമയത്തെ ചില രസകരമായ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ആസിഫ് അലി. രാജസ്ഥാനില്‍ നടന്ന ഷൂട്ടിങ്ങിനെ കുറിച്ചാണ് സിനിമ ഡാഡിക്ക് നല്‍കിയ അഭിമുഖത്തില്‍ ആസിഫ് സംസാരിച്ചത്.
സ്ത്രീകള്‍ ആരുമില്ലാത്ത പുരുഷന്‍മാര്‍ മാത്രമുള്ള ഒരു സെറ്റായിരുന്നു തങ്ങളുടേതെന്നും പണ്ടത്തെ ഒരു ബോയ്‌സ് ഹോസ്റ്റല്‍ ഫീലൊക്കെ തങ്ങള്‍ക്ക് കിട്ടിയെന്നുമായിരുന്നു അഭിമുഖത്തില്‍ ആസിഫ് പറഞ്ഞത്.
‘ നിങ്ങള്‍ സിനിമയുടെ പോസ്റ്റര്‍ നോക്കിയാല്‍ മനസിലാകും ഒരു സ്ത്രീ കഥാപാത്രം പോലുമില്ല. അങ്ങനെ ഒരു ക്യാരക്ടറിന് ഉള്ള സ്‌കോപ് ഇല്ലായിരുന്നു. ഈ അഞ്ച് പൊലീസുകാര്‍ നടത്തുന്ന യാത്ര, അവര്‍ നേരിടുന്ന കുറേ പ്രശ്‌നങ്ങള്‍ ഒക്കെയാണ് സിനിമയില്‍ ഉള്ളത്. അതില്‍ ഒരു പോയിന്റില്‍ പോലും ഒരു ലേഡി ക്യാരക്ടര്‍ വരാനുള്ള ചാന്‍സ് ഇല്ല.
അതുകൊണ്ട് തന്നെ ഞങ്ങള്‍ക്ക് ഒരു ബോയ്‌സ് ഹോസ്റ്റല്‍ ഫീലായിരുന്നു മൊത്തം. നമ്മള്‍ താമസിക്കുന്ന ഹോട്ടലില്‍ അത്യാവശ്യം ഭംഗിയുള്ള ഒരു പെണ്‍കുട്ടി വന്നാല്‍ പെട്ടെന്ന് ഇന്‍ഫര്‍മേഷന്‍ പാസ്സ് ചെയ്യുകയും എല്ലാവരും ബാല്‍ക്കണിയിലേക്ക് എത്തുകയും ചെയ്യുന്ന പഴയ ഹോസ്റ്റല്‍ സ്വഭാവം ഞങ്ങള്‍ പുറത്തെടുത്തു(ചിരി), ആസിഫ് പറഞ്ഞു.
സെറ്റില്‍ തങ്ങള്‍ ഫേസ് ചെയ്ത ഏറ്റവും വലിയ പ്രശ്‌നം ഭക്ഷണമായിരുന്നെന്നും അഭിമുഖത്തില്‍ ആസിഫ് പറഞ്ഞു.’ നമ്മളൊക്കെ ശീലിച്ചിരിക്കുന്ന ബ്രേക്ക്ഫാസ്റ്റ് രീതികളൊന്നുമല്ല അവിടെ. രാജസ്ഥാനില്‍ അവരുടെ കാലാവസ്ഥയ്ക്ക് പറ്റുന്ന ഭക്ഷണ രീതികളാണ് അവര്‍ക്കുള്ളത്. പക്ഷേ നമ്മള്‍ക്ക് അത് ശീലമില്ല. നമുക്ക് രാവിലെ ഹെവി ബ്രേക്ക് ഫാസ്റ്റ് വേണം. ഉച്ചയ്ക്ക് ചോറും കറിയും വേണം അത് ഭയങ്കര പ്രശ്‌നമായിരുന്നു. പ്രത്യേകിച്ച് അലന്‍സിയറേട്ടന്. ഒടുവില്‍ ഇവിടുന്ന് ഒരാളെ അരിയും ഉണക്കമീനുമൊക്കെയായിട്ട് അവിടേക്ക് കയറ്റിവിട്ടു. അത് അവിടെ എത്തി രണ്ടാമത്തെ ദിവസം കൊവിഡ് കാരണം ഷൂട്ട് ബ്രേക്ക് ചെയ്യണ്ടി വന്നു. മലയാള സിനിമയിലെ ആദ്യത്തെ ഒഫീഷ്യല്‍ ക്വാറന്റൈന്‍ ഞങ്ങളുടേതായിരുന്നു (ചിരി), ആസിഫ് പറഞ്ഞു.
ഇനി ഒരു പക്കാ കൊമേഴ്‌സ്യല്‍ സിനിമയ്ക്ക് വേണ്ടിയാണ് താന്‍ കാത്തിരിക്കുന്നതെന്നും പെട്ടെന്ന് തന്നെ അത് സംഭവിക്കട്ടെയെന്ന് ആഗ്രഹിക്കുകയാണെന്നും ആസിഫ് പറഞ്ഞു.
മഹാവീര്യറും കൊത്തുമാണ് ഇനി റിലീസിന് തയ്യാറായി നില്‍ക്കുന്നത്. മഹാവീര്യര്‍ ഫാന്റസി സിനിമയാണ്. ഇങ്ങനെ ഒരു സിനിമ മലയാളത്തില്‍ ചിന്തിച്ചു എന്നതില്‍ നമുക്ക് അഭിമാനിക്കാം. അത്തരത്തിലുള്ള മേക്കിങ്ങാണ്. എബ്രിഡ് ഷൈനിന്റെ മാസ്റ്റര്‍ പീസായിരിക്കും മഹാവീര്യറെന്നും അഭിമുഖത്തില്‍ ആസിഫ് പറഞ്ഞു.
നടന്‍ സിബി തോമസും മാധ്യമപ്രവര്‍ത്തകന്‍ ശ്രീജിത് ദിവാകരനും ചേര്‍ന്നാണ് കുറ്റവും ശിക്ഷയും സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്.
Content Highlight: Actor Asif Ali shared a Funny incident during Kuttavum shikshayum movie shoot