| Monday, 24th October 2022, 1:28 pm

മമ്മൂക്ക എല്ലാ ഫ്രീഡവും തന്നെങ്കിലും അദ്ദേഹത്തിന്റെ കാരവനിലേക്ക് നേരിട്ട് കയറിച്ചെല്ലാന്‍ പേടിയാണ്, ജോര്‍ജേട്ടന്‍ വരുന്നതുവരെ പുറത്ത് കാത്തുനില്‍ക്കും: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിസാം ബഷീറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ റോഷാക്കില്‍ ദിലീപ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ പ്രശംസ നേടുകയാണ് നടന്‍ ആസിഫ് അലി. സിനിമയിലുടനീളം മുഖംമൂടി വെച്ച നിലയിലാണ് ആസിഫിനെ കാണിക്കുന്നത്. പലരും ചെയ്യാന്‍ മടിക്കുന്ന വേഷം സധൈര്യം ഏറ്റെടുക്കുകയും മികച്ച രീതിയില്‍ ആ കഥാപാത്രത്തെ പ്രേക്ഷകന് മുന്നില്‍ എത്തിക്കുകയും ചെയ്തിട്ടുണ്ട് ആസിഫ്.

നേരത്തെ മമ്മൂട്ടി നായകനായ ഉണ്ടയിലും അതിഥി വേഷത്തില്‍ ആസിഫ് എത്തിയിരുന്നു. ജവാന്‍ ഓഫ് വെള്ളിമലയിലും മമ്മൂട്ടിക്കൊപ്പം ഒരു മുഴുനീള വേഷത്തില്‍ ആസിഫ് അഭിനയിച്ചിരുന്നു. മമ്മൂട്ടിയുമായുള്ള തന്റെ അടുപ്പത്തെ കുറിച്ചും അദ്ദേഹത്തോടുള്ള ബഹുമാനം കലര്‍ന്ന പേടിയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ആസിഫ്.

തനിക്ക് എല്ലാ വിധത്തിലുള്ള സ്വാതന്ത്ര്യവും മമ്മൂക്ക തന്ന സമയത്ത് പോലും അദ്ദേഹത്തിന്റെ കാരവനിലേക്ക് ഒറ്റയ്ക്ക് കയറിപ്പോകാന്‍ തനിക്ക് പേടിയായിരുന്നെന്നും പലപ്പോഴും ജോര്‍ജേട്ടന്‍ വരുന്നതുവരെ താന്‍ കാരവന് പുറത്ത് കാത്തുനിന്നിട്ടുണ്ടെന്നുമാണ് കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആസിഫ് പറയുന്നത്.

‘നമ്മള്‍ ഒരുപാട് പേരെ കാണണം എന്ന് ലൈഫില്‍ ആഗ്രഹിക്കും. ഇവരുമായി നമുക്കൊരു ക്ലോസ് ഇന്ററാക്ഷന്‍ വന്ന് കഴിയുമ്പോള്‍ ഇവര്‍ നമുക്ക് പരിചയമുള്ള ഒരാളായി മാറും. എന്നാല്‍ മമ്മൂക്കയുടെ കാര്യത്തില്‍ അങ്ങനെയല്ല.

മമ്മൂക്കയുമായി  ഇങ്ങനെ ഇരുന്ന് ഒരു 20 മിനുട്ട് സംസാരിച്ചിട്ട് ഞാന്‍ പുറത്തേക്ക് പോയി വീണ്ടും തിരിച്ചു വന്ന് മമ്മൂക്കയെ കാണുമ്പോള്‍ പേടിയാകും.

ജവാന്‍ ഓഫ് വെള്ളിമല ഷൂട്ട് ചെയ്യുന്ന സമയത്ത് ഇതുപോലെ തന്നെ മമ്മൂക്കയുടെ കാരവനിലാണ് ഞാന്‍ ഫുള്‍ ടൈം ഉള്ളത്. എന്റെ ഡിവൈസസ് ആണ് എല്ലാത്തിലും കണക്ട് ചെയ്തതൊക്കെ. ഞാന്‍ അവിടെ ഇരുന്ന് സിനിമ കാണുന്നൊക്കെയുണ്ട്.

അത്തരത്തില്‍ എല്ലാത്തിലും എനിക്ക് ഫ്രീഡം തന്നിട്ടുണ്ട്. പക്ഷേ എല്ലാ ദിവസവും രാവിലെ സെറ്റില്‍ എത്തിയാല്‍ ഈ കാരവന്റെ അകത്ത് കയറാന്‍ എനിക്ക് പേടിയാണ്.

ഞാന്‍ ഒരു പതിനഞ്ച് മിനിട്ട് പുറത്തുനിന്ന് ജോര്‍ജേട്ടനെ വിളിച്ച് ജോര്‍ജേട്ടന്റെ കൂടെയേ കയറിപ്പോകുള്ളൂ. അത് ചിലപ്പോള്‍ നമുക്ക് നമ്മുടെ വീട്ടിലുള്ള ഒരാളോടുള്ള ബഹുമാനം ഇല്ലേ അങ്ങനെയൊരു ഫീലിങ്ങ് ആയിരിക്കാം, ആസിഫ് പറഞ്ഞു.

എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമാണ് ലാലേട്ടന്റെ കാര്യമെന്നും മമ്മൂക്കയുടെ അടുത്തുള്ള ആ ബഹുമാനം കലര്‍ന്ന പേടി ലാലേട്ടന്റെ അടുത്തില്ലെന്നും ആസിഫ് പറയുന്നു.

ലാലേട്ടന്‍ എന്ന് പറഞ്ഞാല്‍ എപ്പോഴും കംഫര്‍ട്ടബിള്‍ ആക്കി വെക്കുന്ന ആളാണ്. പല സമയത്തും ഒരു നോട്ടം കൊണ്ടൊക്കെ അദ്ദേഹം നമ്മളെ കംഫര്‍ട്ടാക്കും. ഈ പേടി അവിടെയില്ല. അവിടെ വേണമെങ്കില്‍ എനിക്ക് ഒരു തമാശയൊക്കെ പറയാനുള്ള ഗ്യാപ്പുണ്ട്, ആസിഫ് പറഞ്ഞു.

Content Highlight: Actor Asif Ali Share an Experiance with Mammootty on Movie set

We use cookies to give you the best possible experience. Learn more