നല്ല സിനിമകള്‍ ചെയ്താല്‍ എല്ലാ കാലത്തും ആളുകള്‍ തിയേറ്ററില്‍ വരും: ആസിഫ് അലി
Entertainment news
നല്ല സിനിമകള്‍ ചെയ്താല്‍ എല്ലാ കാലത്തും ആളുകള്‍ തിയേറ്ററില്‍ വരും: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 29th August 2023, 4:17 pm

നല്ല സിനിമകള്‍ ചെയ്താല്‍ എല്ലാ കാലത്തും ആളുകള്‍ തിയേറ്ററില്‍ വരുമെന്ന് നടന്‍ ആസിഫ് അലി. പുതിയ ആളുകളുടെ സിനിമകള്‍ കാണാന്‍ ആളുകള്‍ ശ്രമം നടത്താത്ത കാലത്താണ് ഋതുവും സോള്‍ട്ട് ആന്‍ഡ് പെപ്പറുമെല്ലാം വന്നതെന്നും ആസിഫ് അലി ചൂണ്ടിക്കാട്ടി. ധന്യ വര്‍മയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. പുതിയ സംവിധായകരും അഭിനേതാക്കളും അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുമ്പോഴും ഇന്ന് തിയേറ്ററില്‍ പോയി സിനിമ കാണുന്ന പ്രേക്ഷകര്‍ കുറയുകയല്ലേ എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു ആസിഫ് അലി.

ഒരിക്കലും പുതിയ ആളുകളുടെ സിനിമകള്‍ കാണാന്‍ ആളുകള്‍ എഫേര്‍ട്ട് ഇടാത്ത കാലത്താണ് ഋതുവും സോള്‍ട്ട് ആന്‍ഡ് പെപ്പറും ട്രാഫിക്കുമെല്ലാം വന്നതെന്നും ട്രാഫിക്കില്‍ എല്ലാവരും പുതിയ ആളുകള്‍ അല്ലായിരുന്നെങ്കിലും അന്ന് അത് ഒരു പുതിയ കോണ്‍സെപ്റ്റ് ആയിരുന്നുവെന്നും ആസിഫ് പറഞ്ഞു. ചിത്രം ഇറങ്ങി ഒന്നര ദിവസം ഒരു മനുഷ്യനും തിയേറ്ററില്‍ ഉണ്ടായിരുന്നില്ല എന്നും ഓര്‍മിച്ച താരം സിനിമ നല്ലതാണെങ്കില്‍ ആളുകള്‍ വരികയും കാണുകയും ചെയ്യുമെന്നും പറഞ്ഞു.

‘2018 എന്ന സിനിമ നമ്മള്‍ ചെയ്തു. മലയാളത്തില്‍ അത്രയും വലിയ ബജറ്റിലാണ് ആ സിനിമ ചെയ്തത്. അത് ഏറ്റവും വലിയ വിജയമായത് ആ സിനിമ നല്ലതായതുകൊണ്ടാണ്. ഇന്ന് വേറെ ഒരാളെ വച്ച് ഒരു നല്ല സിനിമ ചെയ്താല്‍, അയാളുടെ സിനിമ കാണാന്‍ ആളുകള്‍ വരും. അതൊരിക്കലും അഭിനേതാക്കള്‍ കാരണമല്ല, സിനിമ നല്ലതാകുമ്പോഴാണ് ആളുകള്‍ വരുന്നത്.

നമുക്ക് പ്രിയപ്പെട്ട അഭിനേതാക്കള്‍ മരിക്കുമ്പോള്‍ നമ്മള്‍ അവരില്ലാതെ സിനിമ എങ്ങനെ മുന്നോട്ട് പോകുമെന്ന് ആലോചിക്കാറുണ്ട്. എന്നാല്‍ സിനിമ ആര്‍ക്ക് വേണ്ടിയും കാത്തിരിക്കില്ല. അവര്‍ റീപ്ലേസ് ചെയ്യപ്പെടും. സിനിമ നന്നാകുമ്പോഴാണ് എല്ലാവര്‍ക്കും നമ്മളോട് ഇഷ്ടം തോന്നുന്നത്. പത്തു മോശം സിനിമകള്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നെ ആരുമില്ല,’ ആസിഫ് അലി പറഞ്ഞു.

സിബി മലയില്‍ സംവിധാനം ചെയ്ത ഫ്‌ലാഷ് എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുമ്പോള്‍ ചാന്‍സ് ചോദിക്കാന്‍ സംവിധായകനെ കാണാന്‍ പോയ അനുഭവം ആസിഫ് വിവരിക്കുന്നു. സിബി മലയിലിന്റെ അടുത്തേക്ക് താന്‍ നടന്നു പോകുമ്പോഴാണ് ഷോട്ട് കഴിഞ്ഞു മോഹന്‍ലാല്‍ വന്നതെന്നും അദ്ദേഹത്തിന് ചുറ്റും സെക്യൂരിറ്റി സര്‍വീസുകാര്‍ സുരക്ഷാ വലയം തീര്‍ത്തത് കാരണം തനിക്ക് സിബി മലയിലിനെ കാണാന്‍ സാധിക്കാതെ സങ്കടത്തോടെ മടങ്ങേണ്ടി വന്നെന്നും താരം ഓര്‍മിക്കുന്നു. എന്നാല്‍ പിന്നീട് സിബി മലയിലിന്റെ നാല് ചിത്രങ്ങളില്‍ താനായിരുന്നു ഹീറോ എന്നും ആസിഫ് അലി പറഞ്ഞു.

Content Highlight: Actor Asif Ali says that people will always come to theaters if they make good films