| Monday, 16th May 2022, 9:51 pm

ഐ.സിയിലെ അംഗങ്ങള്‍ രാജി വെച്ചതോടെ പ്രതീക്ഷ ഇല്ലാത്ത സ്ഥിതിയിലേക്കായി പോയി: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അമ്മ സംഘടനയിലെ ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റിയില്‍ നിന്നും മാലാ പാര്‍വതി, കുക്കു പരമേശ്വരന്‍, ശ്വേത മേനോന്‍ എന്നിവര്‍ രാജി വെക്കാന്‍ പാടില്ലായിരുന്നു എന്ന നടന്‍ ആസിഫ് അലി. പ്രശ്‌നങ്ങളുണ്ടായിരുന്നു എന്ന് കണ്ടെത്തിയിരുന്നെങ്കില്‍ ഐ.സിയില്‍ നിന്ന് തന്നെ പോരാടണമായിരുന്നു എന്ന് ആസിഫ് അലി പറഞ്ഞു.

ഡൂള്‍ന്യൂസിന് വേണ്ടി അന്ന കീര്‍ത്തി ജോര്‍ജ് നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആസിഫ്.

‘അമ്മയില്‍ എന്തെങ്കിലും മാറ്റത്തിനുള്ള ഓപ്ഷനുണ്ടെങ്കില്‍ അതിന് തീര്‍ച്ചയായും പ്രേരിപ്പിക്കും. പല രീതിയിലുള്ള വ്യാഖ്യാനങ്ങളാണ് വരുന്നത്. പറയുന്ന സ്റ്റേറ്റ്‌മെന്റ്‌സിന്റെ പല രീതിയിലുള്ള വേര്‍ഷന്‍സാണ് പുറത്ത് വരുന്നത്. അതുകൊണ്ട് ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കാനും പറയാനും ആര്‍ക്കും പറ്റുന്നില്ല.

ഇത്തരത്തിലുള്ള ഒരു കാര്യം ഫേസ് ചെയ്തിട്ടില്ല. നടി ആക്രമിക്കപ്പെട്ട കേസ് ഭയങ്കര ഷോക്കിംഗായിരുന്നു. നമുക്ക് അറിയാവുന്ന ഒരാള്‍ക്ക് സംഭവിക്കും എന്ന് പ്രതീക്ഷിക്കുന്ന കാര്യമല്ല. അന്ന് മുതലിങ്ങോട്ട് വിശ്വസിക്കാന്‍ പറ്റുന്ന കാര്യങ്ങളല്ല നടക്കുന്നത്,’ ആസിഫ് അലി പറഞ്ഞു.

‘ഇന്റേണല്‍ കമ്മിറ്റി രൂപീകരിക്കുന്നത് പുതിയ തീരുമാനമായിരുന്നു. അതിന്റെ പ്രവര്‍ത്തനങ്ങളും മനസിലാക്കി വരുന്നേയുള്ളൂ. എടുത്തു രാജി വെക്കുന്നതിന് മുമ്പ് ഇന്റേണല്‍ കമ്മിറ്റിയില്‍ തന്നെ നിന്ന് ഫൈറ്റ് ചെയ്യാന്‍ തയാറാകണമായിരുന്നു.

അവര്‍ രാജി വെച്ചത് കൊണ്ട് ഇക്കാര്യത്തില്‍ ഒരു പ്രതീക്ഷയില്ലാത്ത സ്ഥിതിയിലേക്ക് ആയിപ്പോയി. അങ്ങനെ ഒരു പ്രശ്‌നമുണ്ടെന്ന് അവര്‍ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അതിന് വേണ്ടി ഫൈറ്റ് ചെയ്യണമായിരുന്നു,’ ആസിഫ് അലി പറഞ്ഞു.

വിജയ് ബാബുവിനെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും മാറ്റിനിര്‍ത്തണമെന്നാവശ്യപ്പെട്ട് ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി നല്‍കിയ ശിപാര്‍ശ അംഗീകരിക്കാത്ത ‘അമ്മ’യുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് മാലാ പാര്‍വതി ഇന്റേണല്‍ കമ്മിറ്റിയില്‍ നിന്നും രാജി വെച്ചത്. പിന്നാലെ ഐ.സിയില്‍ അംഗങ്ങളായിരുന്ന ശ്വേത മേനോന്‍, കുക്കു പരമേശ്വരന്‍ എന്നിവരും രാജി വെച്ചിരുന്നു.

കുറ്റവും ശിക്ഷയുമാണ് ഇനി പുറത്ത് വരാനുളള ആസിഫ് അലിയുടെ ചിത്രം. രാജീവ് രവിയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന് മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ചിത്രം മെയ് 27 ന് റിലീസ് ചെയ്യും.

Content Highlight: Actor Asif Ali says Mala Parvathy, Kuku Parameswaran and Shwetha Menon should not have resigned from the Internal Complaints Committee

We use cookies to give you the best possible experience. Learn more