ബിടെക്കിലെ സ്‌മോക്കിങ് സീൻ എന്റെ മകൻ അനുകരിച്ചപ്പോൾ ഒരു നിമിഷം സ്റ്റക്കായിപ്പോയി: നടൻ ആസിഫ് അലി
Film News
ബിടെക്കിലെ സ്‌മോക്കിങ് സീൻ എന്റെ മകൻ അനുകരിച്ചപ്പോൾ ഒരു നിമിഷം സ്റ്റക്കായിപ്പോയി: നടൻ ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 13th September 2023, 12:08 pm

ബിടെക്കിലെ സ്‌മോക്കിങ് സീൻ തന്റെ മകൻ അനുകരിച്ചപ്പോൾ ഒരു നിമിഷം സ്തംബ്ധനായിപ്പോയി എന്ന് നടൻ ആസിഫ് അലി. മകനെ സിഗരറ്റു വലിക്കാൻ താൻ പ്രേരിപ്പിച്ചു എന്നാണ് ആദ്യം തോന്നിയതെന്നും, ഇനി സിനിമയിൽ അത്തരത്തിലുള്ള സീനുകൾ താൻ ചെയ്യില്ല എന്നും തീരുമാനിച്ചെന്ന് ആസിഫ് പറഞ്ഞു. റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

സിനിമയെ സിനിമയായിട്ട് കാണണമെന്നും സിനിമയിലെ കഥാപാത്രങ്ങൾ വ്യത്യസ്ത സ്വഭാവമുള്ളവരായിരിക്കുമെന്നും അത് ചെയ്യുന്നതിൽ തെറ്റില്ല എന്നുമാണ് താൻ കരുതുന്നതെന്ന് താരം പറഞ്ഞു. ഇത് തന്റെ ലോജിക് മാത്രമാണെന്നും ഇതിന്റെ പൊളിറ്റിക്കൽ കറക്ട്നെസ് തനിക്ക് അറിയില്ല എന്നും താരം കൂട്ടിചേർത്തു.

‘ബി ടെക് വലിയ സക്സസായി അതിന്റെ പ്രൊമോ സോങ്സും സീൻസുമെല്ലാം യൂട്യുബിലും ടിവിയിലും വന്നുകൊണ്ടിരിക്കുന്നു.
ഞാൻ വീട്ടിൽ ചെല്ലുമ്പോൾ എന്റെ മോൻ ആദു ഒരു ഡെനിം ജാക്കറ്റും ഇട്ട് ഒരു കൂളിംഗ് ഗ്ലാസും വെച്ച് ഒരു സ്ട്രോ കട്ട് ചെയ്തിട്ട് ഇങ്ങനെ വലിച്ചോണ്ട് നിൽക്കുകയാണ്. ഞാൻ ഒരു നിമിഷം സ്റ്റക്കായി പോയി. സിഗരറ്റ് വലിക്കാൻ എന്റെ മോനെ ഞാൻ പ്രേരിപ്പിച്ചു എന്നാണ് എനിക്ക് ആദ്യം തോന്നിയത്. ഞാൻ വലിയൊരു തീരുമാനമെടുക്കാൻ പോവുകയാണ്, ഇത്തരത്തിലുള്ള കാര്യങ്ങളൊന്നും സിനിമയിലൂടെ കാണിക്കില്ല എന്ന്.


ഇതിന്റെ പൊളിറ്റിക്കൽ കറക്ട്നെസ്സ് എനിക്ക് അറിയില്ല, ഞാൻ പറയുന്നത് കൃത്യമാണോ എന്നും എനിക്കറിയില്ല. പക്ഷെ ഈ ലോകത്ത് എല്ലാ തരത്തിലുമുള്ള ആളുകളുണ്ട്. ഇവർക്കെല്ലാം അവരുടേതായ സ്വഭാവങ്ങളും(മോശം സ്വഭാവങ്ങളും നല്ല സ്വഭാവങ്ങളും) ഐഡന്റിറ്റിയുമുണ്ട്.

നമ്മൾ ഒരു കഥാപാത്രത്തെ കാണിക്കുമ്പോൾ അയാളുടെ സ്വഭാവം പല രീതിയിലുള്ളതായിരിക്കും . അയാൾ സിഗരറ്റ് വലിക്കുന്നുണ്ടാവാം, കള്ളുകുടിക്കുന്നുണ്ടാവാം, ഉയരെയിലെ ഗോവിന്ദിനെ പോലെയുള്ള ഒരാളായിരിക്കാം. ആ കഥാപാത്രം ചെയ്യുന്ന സമയത്ത്, ഗോവിന്ദ് ഞാൻ ചെയ്യാം പക്ഷെ ആസിഡ് ഒഴിക്കില്ല എന്ന് പറയാൻ പറ്റില്ല. അത് ഒരു കഥാപാത്രമാണ്. ഒരു ക്യാരക്ടറിനെ ഒരു സ്ക്രിപ്റ്റ് റൈറ്ററോ സംവിധായകനോ നമ്മളെ വിശ്വസിച്ച് ഏല്പിക്കുകയാണെങ്കിൽ അത് നമ്മൾ ചെയ്യണം.


ഞാൻ ഒരു കള്ളനായിട്ട് അഭിനയിക്കുമ്പോൾ ഞാൻ കള്ളനായിരിക്കണം. ഞാൻ ഒരു മര്യാദക്കാരനായ കള്ളനാവണമെന്ന് പറയുന്നതിൽ കാര്യമില്ലല്ലോ. ആ ലോജിക്കാണ് ആളുകൾ മനസ്സിലാക്കേണ്ടത്.


സിനിമയെ സിനിമയായിട്ട് കാണുക. അത് എന്റർടെയ്‌ൻ ചെയ്യിക്കാനാണ് വരുന്നത്. അതിലൊരു സീനിൽ ഡിമാൻഡ് ചെയ്യുന്ന കാര്യങ്ങൾ ചെയ്യുന്നത് കൊണ്ട് തെറ്റില്ല എന്നാണ് എന്റെ വിശ്വാസം. ഇതിന്റെ പൊളിറ്റിക്കൽ കറക്ട്നെസ് എനിക്ക് അറിയില്ല. ഇത് എന്റെ ലോജിക് മാത്രമാണ്,’ ആസിഫ് അലി പറഞ്ഞു.

Content Highlight: Actor Asif Ali says he was stunned for a moment when his son imitated the smoking scene in BTech