| Monday, 11th September 2023, 3:11 pm

കെട്ട്യോളാണെന്റെ മാലാഖയുടെ അവസാന സീൻ അതായിരുന്നില്ല; നാല് പേജോളം ഷൂട്ട് ബാക്കിയുണ്ടായിരുന്നു: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കെട്ട്യോളാണെന്റെ മാലാഖ സിനിമയുടെ അവസാന സീൻ അങ്ങനെയായിരുന്നില്ലെന്ന് നടൻ ആസിഫ് അലി. നിസാം എന്ന സംവിധായകന്റെ കോൺഫിഡൻസ് താൻ കണ്ടത് ഈ സിനിമയിലാണെന്നും താരം പറഞ്ഞു. ആസിഫലി എന്ന നായകന്റെ മികച്ച സിനിമകളിലൊന്നാണ് കെട്ട്യോളാണെന്റെ മാലാഖ. ദ ന്യൂ ഇന്ത്യൻ എക്സ്പ്രെസ്സിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കെട്ട്യോളാണെന്റെ മാലാഖയിൽ നിസാമിന്റെ കോൺഫിഡൻസ് ഞാൻ കണ്ടതാണ്. റിൻസിയുടെ അടുത്ത് ലാസ്റ്റ് സ്ലീവാച്ചൻ ബെഡിൽവെച്ച് പറയുന്ന ഡയലോഗ് കഴിഞ്ഞിട്ട് ആ സീനിൽ ബാക്കി നാല് പേജ് കൂടി ഉണ്ടായിരുന്നു. അത് ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോൾ രാത്രി ഒരു ഒന്നരമണിക്ക് നിസാം എന്നെ വിളിച്ച് ഒരു മിനിറ്റ് വരാമോ എന്ന് ചോദിച്ചു. ഞാൻ ചെല്ലുമ്പോൾ ഇവൻ റഫ് കട്ട് ചെയ്ത് ഇങ്ങനെ ഇരിക്കുകയാണ്. എന്നിട്ട് എന്നോട് പറഞ്ഞു നമ്മൾ ഇത്രയല്ലേ പറയാൻ ആഗ്രഹിച്ചിട്ടുള്ളൂ, പിന്നെ വലിച്ചു നീട്ടിയിട്ട് എന്ത് ചെയ്യാനാണ്, നമുക്ക് ഇത്രയും മതി എന്ന്.

ഞാനൊരു മിനിട്ട് സ്റ്റക്ക് ആയി നിന്നു. എന്നിട്ട് എടാ നിനക്ക് ഉറക്കം വരുന്നുണ്ടോ ഞാൻ അവനോട് ചോദിച്ചു എന്ന്. ഇല്ലടാ എനിക്ക് ഇത്രയും മതി, എനിക്ക് ഇത്രയേ ആവശ്യമുള്ളൂ എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു ബാക്കി സീൻ നമുക്ക് ഷൂട്ട് ചെയ്ത് വെക്കാം. എഡിറ്റ് കഴിഞ്ഞ് ആവശ്യം വന്നാൽ കാണിക്കാമല്ലോ എന്ന് ഓർത്തിട്ട്. അപ്പോൾ അവൻ പറഞ്ഞു എനിക്കിത് വേണ്ട എന്നെ എന്തിനാ നിർബന്ധിക്കുന്നേ എന്റെ സിനിമയ്ക്ക് എനിക്ക് ഇത്രയും മതി എന്ന് പറഞ്ഞ് അവൻ അവിടെ വച്ച് പാക്കപ്പ് ചെയ്തു,’ ആസിഫ് അലി പറഞ്ഞു.

റോഷാക്കിലേക്ക് നിസാം വിളിച്ചപ്പോൾ എന്തെങ്കിലുമൊരു കാര്യമുണ്ടാകുമെന്ന് താൻ കരുതിയിരുന്നെന്നും താരം പറഞ്ഞു. ‘നിസാം എന്റെയടുത്തു വന്നിട്ട് വെറുതെ ഒരു കാര്യം പറയില്ല എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. പക്ഷെ പിന്നെ പിന്നെ ഇത് എന്റെ മനസ്സിൽ കിടക്കും. ഇത് കൊള്ളാം ഇതൊന്ന് പരീക്ഷിച്ച് നോക്കാമെന്ന്. അപ്പോഴും എന്റെ മനസ്സിലുണ്ടായിരുന്നത് കുറെ നാൾ കഴിഞ്ഞ് ഇതിന്റെ അണിയറ പ്രവർത്തകൻ മുഖം മൂടിയിട്ടത് ആസിഫ് അലിയാണെന്ന് റിവീൽ ചെയ്യുമെന്നാണ് കരുതിയത്. പക്ഷെ എന്റെ കണ്ണ് കണ്ടിട്ട് മലയാളികൾ എന്നെ മനസ്സിലാക്കി എന്ന് പറയുന്നത്, ഇത് വരെയുള്ള എന്റെ സിനിമ ജീവിതത്തിലെ വലിയൊരു കാര്യമാണ്,’ താരം പറഞ്ഞു.

Content Highlight: Actor Asif Ali said that the last scene of the movie Ketyolanente Malakha was not like that

We use cookies to give you the best possible experience. Learn more