|

ഇത്തരം ചിത്രങ്ങള്‍ വീണ്ടും വരണമെന്ന് പ്രേക്ഷകരെ ആഗ്രഹിപ്പിക്കുന്ന അപൂര്‍വ്വ സിനിമ; ട്രാഫികിന്‍റെ  പത്താം വര്‍ഷത്തില്‍ ഓര്‍മ്മകളും ഇഷ്ട സീനുകളും പങ്കുവെച്ച് ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയില്‍ പാരലല്‍ സ്റ്റോറി ലൈനുകളിലൂടെ കഥ പറഞ്ഞ് വ്യത്യസ്തായ ത്രില്ലിംഗ് അനുഭവം നല്‍കിയ ചിത്രമായിരുന്നു ട്രാഫിക്. രാജേഷ് പിള്ള ആദ്യമായി സംവിധാനം ചെയ്ത ചിത്രം 2011ലാണ് തിയേറ്ററുകളിലെത്തിയത്. ഇപ്പോള്‍ ചിത്രത്തിന്റെ പത്താം വാര്‍ഷികത്തില്‍ ട്രാഫികിനെ ഓര്‍മിക്കുകയാണ് നടന്‍ ആസിഫ് അലി.

ഇത്തരം സിനിമകള്‍ ഇനിയുമുണ്ടാകണമെന്ന് പ്രേക്ഷകരെ കൊണ്ട് ചിന്തിപ്പിക്കുന്ന അപൂര്‍വ്വം ചിത്രങ്ങളിലൊന്നാണ് ട്രാഫിക് എന്നായിരുന്നു ആസിഫ് അലി ഫേസ്ബുക്കിലെഴുതിയത്. ട്രാഫികിന്റെ പത്ത് വര്‍ഷങ്ങള്‍ എന്നു പറഞ്ഞുകൊണ്ടാണ് ആസിഫ് കുറിപ്പ് ആരംഭിക്കുന്നത്.

ട്രാഫികിലെ ഏറ്റവും ഹിറ്റ് ഡയലോഗായ ‘നിങ്ങളുടെ ഒരൊറ്റ യെസ് ചിലപ്പോള്‍ ചരിത്രമാകും’ എന്ന ജോസ് പ്രകാശ് കഥാപാത്രത്തിന്റെ ഡയലോഗും ആസിഫ് പങ്കുവെച്ചിട്ടുണ്ട്. കൂടാതെ ട്രാഫികിന്റെ അവസാന ഭാഗത്ത് നിവിന്‍ പോളി സ്പീഡ് പേടിയില്ലല്ലോ എന്ന് ആസിഫ് കഥാപാത്രത്തോട് ചോദിക്കുന്ന രംഗത്തിന്റെ വീഡിയോയും നടന്‍ കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

ബോക്‌സ് ഓഫീസ് വിജയത്തോടൊപ്പം നിരൂപകശ്രദ്ധയും നേടിയ ചിത്രമായിരുന്നു ട്രാഫിക്.

ബോബി – സഞ്ജയ് എഴുതി രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് നിര്‍മ്മിച്ചത് ലിസ്റ്റിന്‍ സ്റ്റീഫനായിരുന്നു. ശ്രീനിവാസന്‍, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, റഹ്മാന്‍, അനൂപ് മേനോന്‍, വിനീത് ശ്രീനിവാസന്‍, സന്ധ്യ, രമ്യ നമ്പീശന്‍, ലെന, നമിത പ്രമോദ് എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്.


മേജോ ജോസഫും സാംസണ്‍ കോട്ടൂരും ചേര്‍ന്ന് സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിലെ പാട്ടുകളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ക്യാമറയും എഡിറ്റിംഗും ഒരുപോലെ പ്രശംസ നേടിയ ചിത്രം കൂടിയായിരുന്നു ട്രാഫിക്. ഷൈജു ഖാലിദായിരുന്നു ക്യാമറ, മഹേഷ് നാരായണന്‍ എഡിറ്റിംഗും.

പരസ്പരം അറിയാത്ത നാലോളം പേരുടെ ജീവിതത്തില്‍ നടക്കുന്ന ചില സംഭവങ്ങളും ഇവരെല്ലാവരും ഒരു ജീവന്‍ രക്ഷിക്കാനായി ഒരൊറ്റ ദിവസം ഒന്നിച്ചു പ്രവര്‍ത്തിക്കുന്നതുമായിരുന്നു ട്രാഫികിന്റെ പ്രമേയം. ത്രില്ലടിപ്പിക്കുന്ന റോഡ് മൂവി കൂടിയായിരുന്നു ട്രാഫിക്. ഇതിനിടയില്‍ വ്യക്തിജീവിതത്തിലെ ചില സങ്കീര്‍ണ്ണതകള്‍ കൂടി ഈ കഥാപാത്രങ്ങള്‍ക്ക് നേരിടേണ്ടി വരുന്നതോടെ കഥ കൂടുതല്‍ ഉദ്വേഗഭരിതമാകുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Asif Ali remembers Malayalam movie Traffic on it’s tenth anniversary