| Wednesday, 12th October 2022, 7:32 pm

കൊത്തിനു ശേഷം 'കൂമന്‍' ; പോസ്റ്റര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആസിഫ് അലിയുടെ പുതിയ ചിത്രം കൂമന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ജീത്തു ജോസഫാണ് കൂമന്‍ സംവിധാനം ചെയ്യുന്നത്. ആസിഫലി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ പങ്കുവെച്ചത്.

ഏറെ ദുരൂഹമായ കഥാപശ്ചാത്തലമാകും ചിത്രത്തിന്റേതെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. ആസിഫലിയും ജീത്തു ജോസഫും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് കൂമന്‍.

മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണിയുമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കെ.ആര്‍ കൃഷ്ണകുമാറാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

നേരത്തെ ജീത്തു ജോസഫ് സംവിധാനം നിര്‍വഹിച്ച ട്വെല്‍ത്ത് മാന്‍ എഴുതിയതും കൃഷ്ണകുമാറായിരുന്നു. ഇവര്‍ ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. മഴയില്‍ പേടിച്ചു നോക്കുന്ന ആസിഫലിയെയാണ് പോസ്റ്ററില്‍ കാണുന്നത്.

സിനിമയുടെ ടൈറ്റില്‍ വീഡിയോ അണിയറപ്രവര്‍ത്തകര്‍ നേരത്തെ പുറത്തു വിട്ടിരുന്നു. മരത്തില്‍ തൂങ്ങിക്കിടക്കുന്ന പാമ്പും മൂങ്ങയും പശ്ചാത്തലത്തില്‍ പൂര്‍ണ ചന്ദ്രനും ഓടുന്ന യുവാവുമാണ് ടൈറ്റില്‍ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

തികഞ്ഞ ത്രില്ലറായിരിക്കും ചിത്രമെന്ന സൂചനയാണ് പോസ്റ്ററും ഇപ്പോള്‍ നല്‍കുന്നത്. ആസിഫ് അലിയെ കൂടാതെ രഞ്ജി പണിക്കര്‍, ബാബുരാജ്, മേഘനാഥന്‍, ഹന്നാ രജി കോശി, ആദം അയൂബ്, ബൈജു, ജാഫര്‍ ഇടുക്കി, പൗളി വില്‍സണ്‍, കരാട്ടേ കാര്‍ത്തിക്, ജോര്‍ജ് മരിയന്‍, രമേശ് തിലക്, പ്രശാന്ത് മുരളി, അഭിരാം രാധാകൃഷ്ണന്‍, രാജേഷ് പറവൂര്‍, ദീപക് പറമ്പോള്‍, ജയിംസ് ഏലിയ, വിനോദ് ബോസ്, പ്രദീപ് പരസ്പരം, റിയാസ് നര്‍മ്മകല എന്നീ വന്‍ താരനിരയും ‘കൂമന്‍’ സിനിമയിലുണ്ട്.

സിബി മലയില്‍ സംവിധാനം ചെയ്ത കൊത്തും റോഷാക്കുമാണ് ആസിഫലിയുടെ അടുത്തിടെ ഇറങ്ങിയ ചിത്രങ്ങള്‍. റോഷാക്കില്‍ ദിലീപ് എന്ന മാസ്‌ക്കിട്ട കഥാപാത്രമായാണ് ആസിഫ് എത്തിയത്.

മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായ ട്വെില്‍ത്ത് മാനായിരുന്നു ജീത്തു ജോസഫിന്റെ അടുത്തിടെ ഇറങ്ങിയ ചിത്രം. മോഹന്‍ലാല്‍, ഉണ്ണിമുകുന്ദന്‍, സൈജു കുറുപ്പ്, അനു സിത്താര, അനുശ്രീ തുടങ്ങി വമ്പന്‍ താരനിര തന്നെ സിനിമയിലുണ്ടായിരുന്നു.

Content Highlight: Actor Asif Ali new film kooman first poster relesed

We use cookies to give you the best possible experience. Learn more