|

അനുരാഗ കരിക്കിന്‍ വെള്ളത്തിന് ശേഷം ആസിഫും രജിഷയും; 'എല്ലാം ശരിയാകും' ചിത്രീകരണം തുടങ്ങുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അനുരാഗ കരിക്കിന്‍വെള്ളത്തിന് ശേഷം ആസിഫ് അലിയും രജിഷ വിജയനും ഒന്നിക്കുന്ന പുതിയ ചിത്രം ‘എല്ലാ ശരിയാകും’ ചിത്രീകരണം ആരംഭിക്കുന്നു. വെള്ളിമൂങ്ങയുടെ സംവിധായകന്‍ ജിബു ജേക്കബിന്റെ അടുത്ത ചിത്രമാണ് എല്ലാം ശരിയാകും. ഡിസംബര്‍ 18നാണ് ഷൂട്ടിംഗ് തുടങ്ങുന്നത്.

ഈ ചിത്രത്തിലും രാഷ്ട്രീയക്കാരന്‍ തന്നെയാണ് ജിബുവിന്റെ കേന്ദ്ര കഥാപാത്രം. ഈരാറ്റുപേട്ടയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ആസിഫ് അലിയുടെ രാഷ്ട്രീയക്കാരന്‍ വെള്ളിമൂങ്ങയിലെ ബിജു മേനോന്‍ കഥാപാത്രത്തില്‍ നിന്നും വ്യത്യസ്തമാകുമോയെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

‘എല്ലാം ശരിയാകും’ എന്ന കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫിന്റെ ക്യാംപെയ്ന്‍ വാചകം തന്നെ ചിത്രത്തിന്റെ പേരായതിനാല്‍ ഇടത് യുവനേതാവായിട്ടായിരിക്കും ആസിഫ് അലി എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ആന്റണി, സേതുലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കോമഡി എന്റര്‍ടെയ്‌നര്‍ രീതിയിലൊരുങ്ങുന്ന ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് ഷാരിസ് മുഹമ്മദാണ്.

രാജീവ് രവിയുടെ കുറ്റവും ശിക്ഷയും സിബി മലയിലിന്റെ കൊത്ത് എന്നീ ചിത്രങ്ങളുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ശേഷമാണ് ആസിഫ് അലി ജിബു ജേക്കബ് ചിത്രത്തിലെത്തുന്നത്. ജിബു ജേക്കബിന്റെ ആദ്യ ചിത്രമായ വെള്ളിമൂങ്ങയില്‍ അതിഥി കഥാപാത്രമായി ആസിഫ് അലി എത്തിയിരുന്നു.

ധനുഷിന്റെ തമിഴ് ചിത്രം കര്‍ണന്‍, രാഹുല്‍ റിജി നായരിന്റെ സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രം ഖോ ഖോ എന്നിവയാണ് രജിഷയുടെ വരാനുള്ള ചിത്രങ്ങള്‍. രണ്ടു ചിത്രങ്ങളുടെയും ഷൂട്ടിംഗ് പൂര്‍ത്തിയായി കഴിഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Asif Ali and Rajisha Vijayan new movie Elaam Sheriyakum shooting started