| Friday, 15th September 2023, 12:36 pm

ആസിഫിനെ വേഷപ്രച്ഛന്നനാക്കി കണ്ണൂരിലെ 15 ഓളം തെയ്യങ്ങള്‍ കാണിക്കാന്‍ കൊണ്ടുപോയി; അവസാന ദിവസം പൊലീസിന്റെ സഹായം വേണ്ടി വന്നു: മൃദുല്‍ നായര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൈലിയും കീറിയ ഒരു ഷര്‍ട്ടും ഇടീച്ച് നടന്‍ ആസിഫ് അലിയെ കണ്ണൂരേയും കാസര്‍ഗോട്ടേയും പതിനഞ്ചോളം തെയ്യങ്ങള്‍ കാണിക്കാന്‍ കൊണ്ടുപോയ കഥ പങ്കുവെക്കുകയാണ് സംവിധായകന്‍ മൃദുല്‍ നായര്‍.

റിലീസിനൊരുങ്ങുന്ന കാസര്‍ഗോള്‍ഡ് എന്ന ചിത്രത്തിന്റെ ഭാഗമായി ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് തങ്ങളുടെ മറ്റൊരു സിനിമയ്ക്ക് വേണ്ടി ആസിഫിനെ തെയ്യം കാണിക്കാന്‍ കൊണ്ടുപോയ കഥ മൃദുല്‍ നായര്‍ പറഞ്ഞത്.

തട്ടും വെള്ളാട്ടും എന്ന മൃദുലിന്റെ അടുത്ത സിനിമയില്‍ ആസിഫ് അലിക്ക് അഭിനയിക്കാന്‍ വേണ്ടി 15 ഓളം തെയ്യങ്ങളെ പരിജയപ്പെടുത്തുന്നിനായി കണ്ണൂരേയും കാസര്‍കോഡേയും തെയ്യപ്പരിപാടികള്‍ക്ക് കൊണ്ടു പോയതിനെക്കുറിച്ച് മൃദുല്‍ നായര്‍ പറയുന്നത്.

‘തട്ടും വെള്ളാട്ടും എന്ന സിനിമക്ക് വേണ്ടി രണ്ട് മൂന്ന് മാസം ആസിഫിനെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കൊണ്ടുപോയി, പതിനഞ്ചോളം തെയ്യങ്ങള്‍ ഞാന്‍ കാണിച്ച് കൊടുത്തിട്ടുണ്ട്. 15 സ്ഥലങ്ങളിലും 2000 മുതല്‍ 5000 വരെ ആള്‍ക്കാരുണ്ടായിരുന്നു.

ആസിഫിനെ സാധാരണ വേഷത്തില്‍ കൈലിയും കീറിയ ഒരു ഷര്‍ട്ടും തലേക്കെട്ടുമായാണ് കൊണ്ടുപോയത്. തെയ്യത്തിന്റെ മുഖത്തഴുത്ത്, പുറപ്പാട് തുടങ്ങി പലതരത്തിലുള്ള തെയ്യത്തെയും കാണിച്ച് കൊടുത്തു.

പതിഞ്ചാമത്തെ ദിവസം ആസിഫിനെ കണ്ടിട്ടല്ല സമയെ കണ്ടിട്ട് ആള്‍ക്കാര്‍ക്ക് മനസ്സിലായി. ആളുകള്‍ കൂടി. പിന്നെ ഞങ്ങള്‍ 15 മിനിട്ട് കൊണ്ട് ആ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് പൊലീസിന്റെ സഹായത്തോടെ പുറത്തുകടന്നു’, മൃദുല്‍ നായര്‍ പറഞ്ഞു.

തട്ടും വെള്ളാട്ടും തന്റെ ഒരു ഡ്രീം പ്രൊജക്ടാണെന്നും ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വരെയത്തിയതാണെന്നും പിന്നീട് കൊവിഡ് ലോക്ക്ഡൗണ്‍ വന്നപ്പോള്‍ നിര്‍ത്തിവെക്കേണ്ടി വന്നതാണെന്നും ആസിഫ് അലിയും പറഞ്ഞു.

‘ഞങ്ങളുടെ ഒരു ഡ്രീം പ്രൊജക്ടാണ് ഇത്. പ്രീ പ്രൊഡക്ഷന്റെ അവസാന സ്റ്റേജ് വരെയെത്തിയിരുന്നു. പിന്നീട് കൊവിഡ് ലോക്ക്ഡൗണ്‍ വന്നപ്പോള്‍ പെട്ടെന്ന് അത്രയും വലിയ സിനിമ ചെയ്യുന്നത് പോസിബിളായിരുന്നില്ല.

പിന്നെയും ആ സിനിമയെപറ്റി വീണ്ടും ആലോചിച്ചപ്പോഴാണ് കാന്താര എന്ന സിനിമ വന്നത്. അതുകൊണ്ട് ഞങ്ങള്‍ ഈ സിനിമ മാറ്റിവെച്ചതാണ്. എന്നാല്‍ ഈ സിനിമക്ക് കാന്താരയുമായിട്ട് ഒരു ബന്ധവുമില്ല എന്നാലും തട്ടും വെള്ളാട്ടും എന്റെ ഒരു ഡ്രീം പ്രൊജക്ടാണ്,’ ആസിഫ് അലി പറഞ്ഞു.

Content Highlight: Actor Asif Ali and Mridul nair Goes to Watch Theyyam

Latest Stories

We use cookies to give you the best possible experience. Learn more