എല്ലാ കാര്യങ്ങള്‍ക്കും സോഷ്യല്‍ മീഡിയ വഴി പ്രതികരിക്കുന്ന ആളല്ല താനെന്ന് നടന്‍ ആസിഫ് അലി. സാമൂഹ്യ ദുരന്തത്തിന്റെ ഭാഗമായി ചെയ്യുന്ന കാര്യങ്ങള്‍ അഡ്വര്‍ടൈസ് ചെയ്യാന്‍ തനിക്ക് താത്പര്യമില്ലെന്നും ആസിഫ് അലി പറഞ്ഞു. സോഷ്യല്‍ മീഡിയയിലെ ഇടപെടലുകളെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ആസിഫിന്റെ മറുപടി.
ജൂഡ് ആന്തണി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ 2018 ന്റെ ഭാഗമായി ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആസിഫ്.
‘ഞാന്‍ സോഷ്യല്‍ മീഡിയയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളല്ല. ഞാല്‍ അതില്‍ വിശ്വസിക്കുന്നുമില്ല. അസുരവിത്ത് എന്ന സിനിമയുടെ സമയത്ത് സേവ് മുല്ലപ്പെരിയാര്‍ എന്ന ക്യാമ്പയിന്‍ ചെയ്തിരുന്നു. ഒരു സോഷ്യല്‍ കോസിനുവേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ അഡ്വര്‍ടൈസ് ചെയ്യാന്‍ എനിക്ക് താല്‍പര്യമില്ല. ഞാന്‍ അത് ചെയ്യുന്നത് ഒരാളെ പ്രചോദിപ്പിക്കുന്നുണ്ടങ്കില്‍ തീര്‍ച്ചയായും ചെയ്യും. അല്ലാതെ ഞാന്‍ സോഷ്യല്‍ മീഡിയയില്‍ കുറെ പോസ്റ്റ് ചെയ്തത് കൊണ്ട് മുല്ലപ്പെരിയാര്‍ പൊട്ടാതിരിക്കുമെന്ന് വിശ്വസിക്കുന്നില്ല.’ ആസിഫ് അലി പറഞ്ഞു.
കേരളം നേരിട്ട മറ്റൊരു മഹാമാരിയായ നിപ്പ പശ്ചാത്തലമാക്കി ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രത്തിലും ആസിഫ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
സിനിമാ ഷൂട്ടിനിടെ ജീവന്റെ കാര്യത്തില്‍ പേടി തോന്നിയ നിമിഷമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് വൈറസ് സിനിമ ഷൂട്ടിങ്ങിനിടെയുണ്ടായ ഒരു സംഭവത്തെ കുറിച്ചായിരുന്നു ആസിഫ് സംസാരിച്ചത്.
‘നിപ്പ വന്ന സമയത്ത് ന്യൂസ് ചാനല്‍ വഴിയായിരുന്നു അതിന്റെ ഭീകരത മനസിലാക്കിയത്. കോഴിക്കോടായിരുന്നു ഇതിന്റെ ഭീകരത. വൈറസ് ഷൂട്ട് ചെയ്യുന്ന സമയത്ത് ഒരു ഐസോലേഷന്‍ വാര്‍ഡ് കാണിക്കുന്നുണ്ട്. ഞാനും മഡോണയും കൂടെയുള്ള സീനാണ് എടുക്കുന്നത്. ഞങ്ങള്‍ അവിടെ നില്‍ക്കുമ്പോള്‍ മെഡിക്കല്‍ കോളേജിലെ ഒരു ഹെഡ് നേഴ്സ് ഒരു ഫോട്ടോ എടുക്കാന്‍ വന്നു.
ഫോട്ടോ എടുത്ത് കഴിഞ്ഞപ്പോള്‍ അവര്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ കഴുകി. എപ്പോഴാണ് ഷൂട്ട് കഴിയുക എന്നും എന്നിട്ട് വേണം ഇത് തുറന്ന് കൊടുക്കാനെന്നും ഞങ്ങളോട് പറഞ്ഞു. അതെന്താണെന്ന് ചോദിച്ചപ്പോള്‍ നിപ്പ രോഗികളെ പ്രവേശിപ്പിച്ച ശേഷം ആ ഐസൊലേഷന്‍ വാര്‍ഡ് മറ്റു രോഗികള്‍ക്കായി തുറന്നുകൊടുത്തിട്ടില്ലെന്നായിരുന്നു അവരുടെ മറുപടി. അത് കേട്ടപ്പോള്‍ മനസില്‍ ഒരു പേടി തോന്നി.
ജൂഡ് ആന്തണി സംവിധാനം ചെയ്ത് ടോവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, അപര്‍ണ ബാലമുരളി, നരേന്‍, ഇന്ദ്രന്‍സ്, ലാല്‍, തന്‍വിറാം എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ചലച്ചിത്രമാണ് 2018. 2018-ലെ കേരളത്തിലെ പ്രളയത്തെ ആസ്പദമാക്കിയാണ് കഥ കടന്നുപോകുന്നത്. മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ ആസിഫ് അലിയുടെ പ്രകടനവും കയ്യടി നേടുന്നുണ്ട്.
Content Highlight: Actor Asif Ali About Virus Movie and 2018