| Friday, 15th September 2023, 3:29 pm

അയ്യോ എന്തൊരു നല്ല പടമാണ്, എന്താണ് തിയേറ്ററില്‍ ഓടാതിരുന്നത്; ചോദ്യം കേള്‍ക്കുമ്പോള്‍ പിടിച്ച് ഇടിക്കാന്‍ തോന്നും: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആളുകള്‍ കാണാത്തതു കാരണം തിയേറ്ററില്‍ പരാജയപ്പെടുന്ന സിനിമകള്‍ ടോറന്റിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലും വന്ന ശേഷം കണ്ട് ചിലര്‍ അഭിപ്രായം പറയുന്നതു കേള്‍ക്കുമ്പോള്‍ ദേഷ്യം തോന്നാറുണ്ടെന്ന് നടന്‍ ആസിഫ് അലി.

എക്സ്പിരിമെന്റെ് സിനിമകള്‍ തിയേറ്ററില്‍ പരാജയപ്പെടുകയും എന്നാല്‍ ടോറന്റിലും ഓണ്‍ലൈനായിട്ടും റിലീസാക്കുമ്പോള്‍ ഇത് എന്തൊരു നല്ല പടമായിരുന്നെന്നും എന്താണ് തിയേറ്ററില്‍ ഓടാതിരുന്നതെന്നുമുള്ള ചോദ്യവും കേള്‍ക്കുമ്പോള്‍ പിടിച്ചിടിക്കാന്‍ തോന്നുമെന്നാണ് കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആസിഫ് പറഞ്ഞത്.

ഒരു സിനിമ പരീക്ഷണ സിനിമയാണെന്ന് പറയാന്‍ പേടിയാണെന്നും സിനിമ എന്നത് ഒരുപാടുപേരുടെ സമയവും പൈസയും ചെലവാകുന്നതാണെന്നും അതില്‍ പരീക്ഷണം നടത്താന്‍ താല്‍പര്യമില്ലെന്നും ആസിഫ് അലി പറഞ്ഞു.

‘സിനിമ എന്നത് ഒരുപാടുപേരുടെ സമയവും പൈസയും ചെലവാകുന്ന ഒരു പരിപാടിയാണ്. ഇത് ഒരു എക്സ്പിരിമെന്റ് സിനിമയണെന്ന് അഭിമുഖത്തില്‍ പറയാന്‍ എനിക്ക് പേടിയാണ്. അങ്ങനെ പറഞ്ഞ സിനിമകള്‍ തിയേറ്ററില്‍ ഹിറ്റാകാതെ കുറേനാള്‍ കഴിയുമ്പോള്‍ ടൊറന്റിലും ഓണ്‍ലൈനായിട്ടും റിലീസാക്കുമ്പോള്‍ ‘അയ്യോ ഇത് എന്തൊരു പടമാണ്, ഇത് എന്താണ് തിയേറ്ററില്‍ ഓടാതിരുന്നതെന്ന’ ചോദ്യം കേള്‍ക്കുമ്പോള്‍ എനിക്ക് പിടിച്ച് ഇടിക്കാന്‍ തോന്നിയിട്ടുണ്ട്.

അതുകൊണ്ട് തന്നെ അത്തരത്തിലുള്ള സിനിമകള്‍ കഴിയുന്നതും ഒഴിവാക്കുക എന്ന തീരുമാനത്തിലേക്ക് ഒരുപാട് നടന്മാര്‍ മാറിയിട്ടുണ്ടെന്നും താനൊക്കെ അതില്‍ ഒരാളാണെന്നും ആസിഫ് പറഞ്ഞു. കുറച്ചുകാലം ഫീല്‍ഗുഡ് സിനിമകള്‍ മാത്രം ചെയ്യേണ്ടി വന്നത് അതൊക്കെ കൊണ്ടാണെന്നും താരം പറഞ്ഞു.

ആളുകള്‍ക്ക് തിയേറ്ററില്‍ പോയി ആസ്വദിക്കാന്‍ സാധിക്കുന്ന സിനിമകള്‍ ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും അതിന് എന്റര്‍ടൈന്‍മെന്റ് സിനിമകളാണ് വേണ്ടതെന്നും നടന്‍ പറയുന്നു.

‘കൊവിഡിനുശേഷം നമ്മള്‍ ആളുകളില്‍ കാണുന്ന ഒരു മാറ്റമുണ്ട്. ഒരു സിനിമ ഇറങ്ങിയാല്‍ ഒ.ടി.ടിയില്‍ കാണണോ അതോ തിയേറ്ററില്‍ കാണണോയെന്ന് അവര്‍ ആലോചിക്കും. തിയേറ്ററിലേക്ക് ആളുകളെ കൊണ്ടുവരണമെങ്കില്‍ എന്റര്‍ടൈന്‍മെന്റ് സിനിമകള്‍ തന്നെ വേണം. അതുകൊണ്ട് എന്റര്‍ടൈന്‍മെന്റ് സിനിമകള്‍ക്ക് മുന്‍ഗണന കൊടുക്കണമെന്നാണ് എന്റെ ആഗ്രഹം’, ആസിഫ് അലി പറഞ്ഞു.

ഇബിലീസ്, കാറ്റ്, അഡ്വെന്‍ഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ എന്നീ സിനിമകള്‍ തിയേറ്ററില്‍ ഹിറ്റാകാതെ ടോറന്റില്‍ ഹിറ്റായതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ആസിഫിന്റെ മറുപടി.

Content Highlight:  Actor Asif Ali about Theatre Flop and OTT Success Movies

We use cookies to give you the best possible experience. Learn more