| Friday, 18th February 2022, 1:04 pm

ലൊക്കേഷനില്‍ സാറിന്റെ പ്രാങ്ക് വരെ ഉണ്ടാകാറുണ്ട്, അത്രയും ഫ്രീഡമുണ്ട്; സിബി മലയിലിനെ കുറിച്ച് ആസിഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിബി മലയില്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ കൊത്തില്‍ ഷാനവാസ് എന്ന കണ്ണൂരുകാരനായി എത്തുകയാണ് ആസിഫ് അലി. കുഞ്ഞെല്‍ദോ, എല്ലാം ശരിയാകും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് കൊത്ത്.

സിബി മലയിലിനൊപ്പമുള്ള ആസിഫിന്റെ നാലാമത്തെ ചിത്രമാണ് കൊത്ത്. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ ആസിഫ്.

തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളോടൊപ്പം പോലും ഇത്രയും സിനിമകള്‍ ചെയ്തിട്ടില്ലെന്നും തന്റെ കരിയറിന്റെ തുടക്കകാലം മുതല്‍ തന്നെ സിബി സാറിന് തന്നെ അറിയാമെന്നും ആസിഫ് പറയുന്നു.

സിബി സാര്‍ എന്റെ വഴികാട്ടിയാണ്. പിന്നെ ഏറ്റവും അച്ചടക്കത്തോടെ ഞാനിരിക്കുന്നതും അദ്ദേഹത്തിന്റെ സെറ്റിലാണ്. ലൊക്കേഷനില്‍ ബഹളമുണ്ടാക്കുമെങ്കിലും സിബിസാറുണ്ടെങ്കില്‍ അച്ചടക്കത്തോടെ ഇരിക്കാറുണ്ട്. അദ്ദേഹം സ്ട്രിക്ട് ആയതുകൊണ്ടല്ല അത്. മറിച്ച് ഇത്രയും വലിയ അനുഭവസമ്പത്തുള്ള സംവിധായകനെ നമ്മള്‍ ബഹുമാനിക്കേണ്ടതുകൊണ്ടാണ്.

ലൊക്കേഷനില്‍ സാറിന്റെ പ്രാങ്ക് വരെ ഉണ്ടാവാറുണ്ട്. നമ്മളെ അസ്സലായി കളിയാക്കും. അത്രയും ഫ്രീഡം തരാറുണ്ട്. പക്ഷേ അത് ദുരുപയോഗം ചെയ്യാറില്ല, ആസിഫ് പറയുന്നു.

എപ്പോഴും എന്റെ സൗഹൃദവലയത്തിലുള്ളവര്‍ക്കൊപ്പം സിനിമ ചെയ്യാന്‍ ശ്രമിക്കാറുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്നത്. സിനിമാഭിനയം എന്നത് ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്ന കാര്യമാണ്. അപ്പോള്‍ അതിനെ ഒരു രീതിയിലും രണ്ടാമത് ചിന്തിപ്പിക്കുന്ന തരത്തിലുള്ള ഒരു കാര്യവും ഞാന്‍ ചെയ്യില്ല. സുഹൃത്തുക്കള്‍ക്ക് എല്ലാവര്‍ക്കും ഞാനൊരു കംഫര്‍ട്ട് സ്പേസ് കൊടുക്കാറുണ്ട്. ആ ഒരു അറ്റാച്ച്മെന്റ് അവര്‍ക്ക് എന്നോടുമുണ്ട്’, ആസിഫ് പറയുന്നു.

കൊവിഡ് ഭീഷണി കാരണം സിനിമ ഇല്ലാതിരുന്ന ദിവസങ്ങളെ കുറിച്ചും ആസിഫ് അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. ‘ എല്ലാവരേയും പോലെ എനിക്കും കടുപ്പമായിരുന്നു ആ ദിവസങ്ങള്‍. എന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമ ഇറങ്ങിക്കഴിഞ്ഞ സമയത്തായിരുന്നു കൊവിഡ് വരുന്നത്. കെട്ട്യോളാണ് എന്റെ മാലാഖയിലെ കഥാപാത്രത്തിന് ഒരുപാട് അഭിനന്ദനങ്ങള്‍ കിട്ടി. പക്ഷേ ആ സന്തോഷത്തിന്റെ തുടര്‍ച്ചകളെ കൊവിഡ് കാലം ഇല്ലാതാക്കി. കൊവിഡ് വന്നതിന് ശേഷം ഒരുപാട് നിയന്ത്രണങ്ങള്‍ വന്നു. പിന്നീട് ഒരു ഫ്ളാറ്റിലോ മുറിയിലോ വെച്ച് ഷൂട്ട് ചെയ്യുന്ന സിനിമകള്‍ വന്നുകൊണ്ടിരുന്നു. അതിലും പരിമിതികളുണ്ടല്ലോ’, ആസിഫ് പറഞ്ഞു.

Content Highlight: Actor Asif Ali About Sibi Malayil and New Movie Kothu

We use cookies to give you the best possible experience. Learn more