മലയാളികളുടെ പ്രിയതാരമാണ് ആസിഫ് അലി. സ്വാഭാവികമായ അഭിനയശൈലിയിലൂടെ വളരെ അനായാസമായി ഏതൊരു കഥാപാത്രത്തേയും തന്മയത്വത്തോടെ അഭിനയിച്ചുഫലിപ്പാന്‍ ആസിഫിന് സാധിക്കാറുണ്ട്.
ആസിഫിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായ കെട്ട്യോളാണെന്റെ മാലാഖ പുറത്തിറങ്ങിയ സമയത്തായിരുന്നു കൊവിഡിന്റെ വരവ്.
അതിന് പിന്നാലെ കുഞ്ഞെല്‍ദോ, എല്ലാം ശരിയാകും എന്നീ ചിത്രങ്ങളും ആസിഫിന്റേതായി പുറത്തിറങ്ങി. സിബി മലയില്‍ സംവിധാനം ചെയ്യുന്ന കൊത്താണ് ആസിഫിന്റേതായി ഇനി പുറത്തിറങ്ങാനുള്ള പുതിയ ചിത്രം.
തന്റെ സിനിമ കരിയറിനെ കുറിച്ചും താന്‍ ഏറ്റവും ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്ന സിനിമാ താരത്തെ കുറിച്ചും മനസുതുറക്കുകയാണ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ ആസിഫ്.
ഏത് നടന്റെ ആരാധകനാണ് താങ്കള്‍ എന്ന ചോദ്യത്തിന്, ഡിപ്ലോമാറ്റിക് അല്ലാത്ത രീതിയില്‍ ഈ ചോദ്യത്തിന് മറുപടി പറയാന്‍ പറ്റില്ലെന്നായിരുന്നു ആസിഫിന്റെ മറുപടി.
‘ നല്ല മോഹന്‍ലാല്‍ സിനിമകള്‍ കണ്ടാല്‍ ഞാന്‍ മോഹന്‍ലാല്‍ ഫാനാണ്. നല്ല മമ്മൂട്ടി സിനിമകള്‍ കണ്ടാല്‍ മമ്മൂട്ടി ഫാനും. പക്ഷേ എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ളത് കമല്‍ഹാസന്‍ സാറാണ്. അദ്ദേഹത്തിന്റെ കട്ട ഫാനാണ് ഞാന്‍. അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടിട്ടാണ് സിനിമ കാണാനുള്ള ആഗ്രഹം തന്നെ എനിക്ക് തോന്നിത്തുടങ്ങിയത്. ചെറുപ്പത്തിലേ അഭിനയിക്കണമെന്നൊക്കെയുള്ള മോഹം ഉള്ളിലുണ്ടാവുന്നത് അങ്ങനെയാണ്, ആസിഫ് അലി പറഞ്ഞു.
സ്‌കൂളില്‍ പഠിക്കുന്ന സമയങ്ങളില്‍ ഒരു കസേര പിടിച്ചിടാന്‍ പോലും ഞാന്‍ സ്‌റ്റേജില്‍ കയറിയിട്ടില്ല. ഏതാണ് സിനിമയിലേക്കുള്ള വഴി എന്ന് എനിക്ക് അറിയില്ലായിരുന്നു. എല്ലാവരും ഉപദേശിക്കുമായിരുന്നു. എടാ, എന്താ ഇങ്ങനെ നടക്കുന്നത് എന്നൊക്കെ ചോദിച്ച്.
പക്ഷേ ആ സമയത്തും എനിക്ക് ഉറപ്പായിരുന്നു ഞാന്‍ എന്തായാലും സിനിമയിലേക്ക് വരുമെന്ന്. പരിശ്രമിക്കുക, നമ്മളില്‍ തന്നെ വിശ്വാസം അര്‍പ്പിക്കുക. ഞാന്‍ അത്ഭുതങ്ങളില്‍ വിശ്വസിക്കുന്ന ആളാണ്. എന്നെങ്കിലുമൊരിക്കല്‍ അത് സംഭവിക്കും. ആ പ്രതീക്ഷ എന്നും എപ്പോഴുമുണ്ട്,’ ആസിഫ് പറഞ്ഞു.
Content Highlight: Actor Asif Ali About Mohanlal Mammootty And His Favorite Actor