പ്രേമലേഖനം എഴുതിത്തന്നത് സുഹൃത്ത്, കയ്യക്ഷരം ഇഷ്ടപ്പെട്ട പെണ്‍കുട്ടി ഒടുവില്‍ അവനൊപ്പം പോയി; സ്‌കൂള്‍കാലഘട്ടത്തിലെ രസകരമായ അനുഭവം പങ്കുവെച്ച് ആസിഫ് അലി
Malayalam Cinema
പ്രേമലേഖനം എഴുതിത്തന്നത് സുഹൃത്ത്, കയ്യക്ഷരം ഇഷ്ടപ്പെട്ട പെണ്‍കുട്ടി ഒടുവില്‍ അവനൊപ്പം പോയി; സ്‌കൂള്‍കാലഘട്ടത്തിലെ രസകരമായ അനുഭവം പങ്കുവെച്ച് ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 5th October 2021, 12:34 pm

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളത്തിന്റെ പ്രിയതാരമായി മാറിയ വ്യക്തിയാണ് ആസിഫ് അലി. ഗൗരവമുള്ള നിരവധി കഥാപാത്രങ്ങളുമായി എത്തിയിട്ടുണ്ടെങ്കിലും മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ പരിവേഷമാണ് ആസിഫിനുള്ളത്. നിരവധി ആരാധികമാരും താരത്തിനുണ്ട്.

സ്‌കൂള്‍ പഠനകാലത്ത് തനിക്ക് ആരാധന തോന്നിയ നിരവധി പേരുണ്ടായിരുന്നെന്നും എന്നാല്‍ ആരില്‍ നിന്നും തനിക്ക് പ്രണയലേഖനമൊന്നും കിട്ടിയിരുന്നില്ലെന്നും പറയുകയാണ് ആസിഫ്. അഞ്ചിനോട് ഇഞ്ചോടിഞ്ച് എന്ന സൂര്യ ടിവിയില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കവേയാണ് തന്റെ സ്‌കൂള്‍ കോളേജ് പഠനകാലത്തെ കുറിച്ച് താരം വാചാലനായത്.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒരു ആവറേജ് വിദ്യാര്‍ത്ഥി മാത്രമായിരുന്നു താനെന്നും ഒരു ക്ലാസില്‍ പോലും താന്‍ മുന്‍ ബെഞ്ചില്‍ ഇരുന്നിട്ടില്ലെന്നും ആസിഫ് പറയുന്നു.

സ്‌കൂള്‍ കാലഘട്ടത്തിലെ പ്രണയത്തെ കുറിച്ചും പ്രണയിച്ച് പെണ്‍കുട്ടി മറ്റൊരാള്‍ക്കൊപ്പം പോയതിനെ കുറിച്ചുമൊക്കെ പരിപാടിയില്‍ ആസിഫ് പറയുന്നുണ്ട്.

പരിപാടിയില്‍ ആസിഫിന് ഒരു അഞ്ജാത പ്രണയലേഖനം ലഭിക്കുന്നുണ്ട്. റിയല്‍ ലൈഫില്‍ ഇങ്ങനെ എന്തെങ്കിലും കിട്ടിയിട്ടുണ്ടോ എന്ന സുരേഷ് ഗോപിയുടെ ചോദ്യത്തിന് സുരേഷേട്ടാ കിട്ടിയിട്ടില്ല കൊടുത്തിട്ടുണ്ടെന്നായിരുന്നു ആസിഫ് അലിയുടെ മറുപടി.

ഞാന്‍ ബോര്‍ഡിങ്ങിലാണ് പഠിച്ചത്. സ്‌കൂള്‍കാലഘട്ടം മൊത്തം ബോര്‍ഡിങ്ങിലായിരുന്നു. അങ്ങനെയിരിക്കെ നല്ല കൈയക്ഷരമുള്ള സുഹൃത്തിനെ കൊണ്ട് അവന്റെ ഭാവനയില്‍ എഴുതിപ്പിച്ച് അവന്‍ പേപ്പര് മടങ്ങി തന്ന് ഞാന്‍ ഒരു പെണ്‍കുട്ടിക്ക് കൊടുത്തിട്ടുണ്ട്, എന്നായിരുന്നു ആസിഫ് പറഞ്ഞത്.

ഒടുവില്‍ പെണ്ണ് അവന്റെ കൂടെപ്പോയോ എന്ന സുരേഷ് ഗോപിയുടെ ചോദ്യത്തിന് സ്വാഭാവികമായും എന്നായിരുന്നു ആസിഫിന്റെ മറുപടി. ആ പെണ്‍കുട്ടിക്ക് ഇഷ്ടപ്പെട്ടത് ആ കൈയക്ഷരമായിരുന്നെന്നും ആസിഫ് പറഞ്ഞു.

ഇതുവരെ ഒരു ക്ലാസിലും ഞാന്‍ ഫസ്റ്റ് ബെഞ്ചര്‍ ആയിട്ടില്ല. ലാസ്റ്റ് ബെഞ്ചര്‍ ആയിരുന്നു. റോക്കറ്റ് വിടുന്ന ടീമായിരുന്നോ എന്ന ചോദ്യത്തിന് അതെയെന്നായിരുന്നു ആസിഫിന്റെ മറുപടി. ഒരു റെസ്‌പെക്ട്ഫുള്‍ കിഡ്ഡായിരുന്നു ഞാന്‍. അത്ര അലമ്പൊന്നും അല്ല. പക്ഷേ പഠിക്കാന്‍ മോശമായിരുന്നു.

ഏത് എക്‌സാമിന് ഇരുന്നാലും അടുത്തുള്ള പെണ്‍കുട്ടികള്‍ തന്നെ ചതിച്ചിട്ടുണ്ടെന്നും തന്റെ പേരില്‍ എം.ജി യൂണിവേഴ്‌സിറ്റിയില്‍ ഒരു ഓഡിറ്റോറിയം തന്നെ ഉണ്ടെന്നും താന്‍ സപ്ലി എഴുതാന്‍ കൊടുത്ത കാശിനാണ് ആ കെട്ടിടം ഉണ്ടാക്കിയതെന്നും ആസിഫ് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: actor Asif Ali About His School time and Love Letter