പോയ വര്‍ഷം ഏറ്റവും സങ്കടം തന്ന കാര്യം അതാണ്: ആസിഫ് അലി പറയുന്നു
Malayalam Cinema
പോയ വര്‍ഷം ഏറ്റവും സങ്കടം തന്ന കാര്യം അതാണ്: ആസിഫ് അലി പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 9th January 2021, 12:06 pm

ആസിഫ് അലിയെന്ന നടനെ സംബന്ധിച്ച് ഏറെ പ്രത്യേകതകളുള്ള, അതിലേറെ സന്തോഷങ്ങള്‍ നല്‍കേണ്ട ഒരു വര്‍ഷമായിരുന്നു 2020. കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷം പ്രതീക്ഷയുള്ള നിരവധി ചിത്രങ്ങള്‍ റിലീസിനൊരുങ്ങിയ വര്‍ഷമായിരുന്നു 2020ലേത്.

എന്നാല്‍ കൊവിഡും ലോക്ക്ഡൗണും എത്തിയതോടെ ഷൂട്ടിങ്ങുകള്‍ മുടങ്ങി. തിയേറ്ററുകള്‍ അടയ്ക്കുകയും സിനിമാ വ്യവസായം പൂര്‍ണമായും സ്തംഭിക്കുകയും ചെയ്തു. കഴിഞ്ഞ വിഷുക്കാലത്ത് റിലീസിനൊരുങ്ങിയ കുഞ്ഞെല്‍ദോ എന്ന ചിത്രം തിയേറ്റററില്‍ റിലീസ് ചെയ്യേണ്ട ചിത്രമായതുകൊണ്ട് തന്നെ ഒ.ടി.ടിയില്‍ പുറത്തിറക്കാനും സാധിച്ചില്ല.

തന്നെ സംബന്ധിച്ചും പോയ വര്‍ഷം നഷ്ടങ്ങളുടെ കണക്കുകള്‍ തന്നെയാണ് സമ്മാനിച്ചതെന്ന് പറയുകയാണ് ആസിഫ് അലി നാന മാഗസിന് നല്‍കിയ അഭിമുഖത്തില്‍.

ഏറെ നാളുകള്‍ക്ക് ശേഷമായിരുന്നു കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിലൂടെ തനിക്ക് ഒരു തിയേറ്റര്‍ ബ്ലോക്ക് ബസ്റ്റര്‍ ലഭിച്ചത്. പലരും പറഞ്ഞത് തന്റെ അടുത്തുനിന്ന് പ്രതീക്ഷിച്ചതിലും വലിയ സിനിമയായിരുന്നു അതെന്നാണ്. ആ ചിത്രത്തിന് ശേഷം കരിയറില്‍ വലിയൊരു ഹൈപ്പ് ഉണ്ടായി.

എന്നാല്‍ 2020 എന്ന വര്‍ഷത്തില്‍ എല്ലാവര്‍ക്കും നഷ്ടങ്ങളുടെ കണക്കുകളാണ് കൂടുതല്‍. എനിക്ക് ഏറ്റവും സങ്കടം തന്ന ഒരു കാര്യമുണ്ട്. കെട്ട്യോളാണെന്റ് മാലാഖ പോലെ തിയേറ്ററില്‍ ഇത്രയും വലിയ ഒരു ഇംപാക്ട് ഉണ്ടാക്കിയ ഒരു സിനിമയ്ക്ക് ശേഷം തിയേറ്ററുകള്‍ അടയ്ക്കുന്നു. ഷൂട്ടിങ് തന്നെ നിന്നുപോകുന്നു. ഒരോരുത്തരും ഓരോ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നു. നമ്മുടെ കരിയറിനെ വെച്ചുനോക്കുമ്പോള്‍ ഈ രീതിയില്‍ ഒരു ക്വസ്റ്റിയന്‍ മാര്‍ക്ക് എല്ലാവരുടേയും മുന്നില്‍ വന്നു നിന്നു. അത് തീര്‍ച്ചയായും വലിയ ഒരു സങ്കടമാണ്’, ആസിഫ് പറയുന്നു.

നമുക്കിപ്പോഴുള്ള റെഗുലേഷന്‍സൊക്കെ വെച്ച് പുതിയ സിനിമകള്‍ ആലോചിച്ചുതുടങ്ങിയിട്ടുണ്ടെന്നും എങ്കിലും കമ്മിറ്റ് ചെയ്തിരുന്ന സിനിമകളുടെ ഓര്‍ഡറുകളിലൊന്നും സിനിമ ചെയ്യാന്‍ കഴിയുന്നില്ലെന്നും താരം പറയുന്നു. ഔട്ട്‌ഡോര്‍ ഷൂട്ട് ചെയ്യാനും പരിമിതികളുണ്ട്. അതുകൊണ്ട് തന്നെ ലിമിറ്റേഷന്‍സിനുള്ളില്‍ നിന്ന് ഷൂട്ട് ചെയ്യാവുന്ന സിനിമകളെ കുറിച്ച് ഇപ്പോള്‍ ചര്‍ച്ചകള്‍ തുടങ്ങി. എല്ലാം നോര്‍മല്‍ ആയി വരുമെന്ന പ്രതീക്ഷയിലാണ് താനെന്നും ആസിഫ് അലി പറയുന്നു.

അതേസമയം തന്നെ ലോക്ക് ഡൗണില്‍ കുടുംബവുമായി വളരെ ഗംഭീരമായി കുറച്ചുസമയം ചിലവഴിക്കാന്‍ സമയം കിട്ടിയെന്നും സിനിമയില്‍ വന്ന് പതിനൊന്ന് വര്‍ഷമായെങ്കിലും ഇതുവരെയും ഇങ്ങനെയൊരു സാഹചര്യം കിട്ടിയിരുന്നില്ലെന്നും താരം പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Asif Ali About his loss on 2020