റോഷാക്കിലെ ദിലീപ് എന്ന തന്റെ കഥാപാത്രം ഇത്രയേറെ ചര്‍ച്ചയാകുമെന്നൊന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നും അതൊരു മമ്മൂക്ക ചിത്രമാണെന്നതെന്നാണ് തന്നെ ആ കഥാപാത്രത്തിലേക്ക് ആകര്‍ഷിച്ചതെന്നും നടന്‍ ആസിഫ് അലി.
ആളുകള്‍ക്ക് തന്നെ മനസിലാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും സിനിമ ഇറങ്ങി ഒരാഴ്ചയൊക്കെ കഴിഞ്ഞ് അണിയറ പ്രവര്‍ത്തകര്‍, മാസ്‌ക്കിട്ട കഥാപാത്രം ചെയ്തത് ആസിഫ് അലിയാണെന്ന് പോസ്റ്റിടുമ്പോള്‍ മാത്രമേ ആളുകള്‍ക്ക് തന്നെ മനസിലാകൂ എന്നാണ് കരുതിയതെന്നും ആസിഫ് മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘ആ സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തും എന്റെ വളരെയടുത്ത സുഹൃത്തുക്കളാണ്. കെട്ട്യോളാണെന്റെ മാലാഖയുടെ സംവിധായകനാണ്. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്റേയും ഇബിലിസിന്റേയും തിരക്കഥാകൃത്താണ്. ഇവര്‍ രണ്ട് പേരും വന്ന് എന്റെ അടുത്ത് അങ്ങനെ ഒരു വേഷം ചെയ്യാമോ എന്ന് ചോദിക്കുന്നത് അത് അവര്‍ക്ക് അത്രത്തോളം ആവശ്യമായതുകൊണ്ടാണെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.
ദിലീപ് എന്ന കഥാപാത്രത്തെ ഏതെങ്കിലും സ്റ്റണ്ട് ഡബിളിനേയോ ജൂനിയര്‍ ആര്‍ടിസ്റ്റിനേയോ വെച്ച് ചെയ്യാമെന്നായിരുന്നു ആദ്യത്തെ പ്ലാന്‍. പക്ഷേ ഒരു സംവിധായകന് ആ ക്യാരക്ടറിനെ കൊണ്ട് അതില്‍ കൂടുതല്‍ ആവശ്യമുണ്ടായിരുന്നു. അവര്‍ എന്റെ അടുത്ത് ഫുള്‍ സ്‌ക്രിപ്റ്റ് ആയിട്ട് തന്നെ വന്ന് കഥ പറഞ്ഞു.
പിന്നെ എന്റെ ഒരു സ്വഭാവം അറിയാമല്ലോ. എനിക്ക് അങ്ങനത്തെ എക്‌സ്പിരിമെന്റല്‍ റോളുകള്‍ ചെയ്യാന്‍ ഇഷ്ടമാണ്. സുഹൃദ്ബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന ആളാണ് ഞാന്‍. അതിലൊക്കെ ഉപരി അതൊരു മമ്മൂട്ടി ചിത്രമാണ്. അദ്ദേഹത്തിനൊപ്പം കുറച്ച് സമയം സ്‌പെന്‍ഡ് ചെയ്യാന്‍ കിട്ടുക എന്നത് എന്നെ സംബന്ധിച്ച് വലിയ കാര്യമാണ്. അങ്ങനെയാണ് ആ ക്യാരക്ടര്‍ ചെയ്തത്.
അത് ഇത്ര വലിയ ചര്‍ച്ചാവിഷയമാകുമെന്നൊന്നും പ്രതീക്ഷിച്ചിട്ടില്ല. ആളുകള്‍ എന്നെ മനസിലാക്കിയത് വലിയ അംഗീകാരമാണ്. ഞാന്‍ വിചാരിച്ചത് സിനിമ ഇറങ്ങി ഒരാഴ്ചയെങ്കിലും കഴിഞ്ഞ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തര്‍ ആ മുഖംമൂടിയിട്ട് നിന്നത് ആസിഫ് അലി ആയിരുന്നു എന്ന് പറഞ്ഞ് ഒരു പോസ്റ്റിടുമ്പോഴായിരിക്കും ആളുകള്‍ മനസിലാക്കുക എന്നായിരുന്നു.
പക്ഷേ റിലീസിന് രണ്ട് ദിവസം മുന്‍പ് വന്ന ടീസറില്‍ തന്നെ അത് ആസിഫ് അലിയാണെന്ന് ആളുകള്‍ മനസിലാക്കുകയും ആ ചിത്രത്തിലെ വില്ലന്‍ ഞാനാണെന്ന് പറഞ്ഞ് പോസ്റ്റുകള്‍ വന്ന് തുടങ്ങുകയും ചെയ്തു. അപ്പോഴേക്ക് എനിക്ക് ടെന്‍ഷനായി തുടങ്ങി. ഞാന്‍ ആ സിനിമയ്ക്ക് ഇനി ഒരു ബാധ്യതയായി മാറുമോയെന്ന് ആലോചിച്ചിട്ട്. പക്ഷേ അങ്ങനെ സംഭവിച്ചില്ല, ആസിഫ് അലി പറഞ്ഞു.
വിവിധ സിനിമകളില്‍ ചെയ്ത ഗസ്റ്റ് റോളുകള്‍ എല്ലാം സൗഹൃദത്തിന്റെ പേരില്‍ ചെയ്തതാണെന്നും പക്ഷേ ആ റോളുകള്‍ കൊണ്ട് ആ സിനിമയ്ക്ക് ഉണ്ടായതിനേക്കാള്‍ ഗുണം തനിക്ക് ഉണ്ടായിട്ടുണ്ടെന്നും ആസിഫ് അലി പറഞ്ഞു.
Content Highlight: Actor Asif Ali About His Concerns On Rorschach Movie and his Character