അന്നൊക്കെ സെറ്റില്‍ ഞാന്‍ പിണങ്ങി മാറിനില്‍ക്കുമായിരുന്നു, പക്ഷേ ഇന്ന് ഞാനത് പറഞ്ഞ് മനസിലാക്കാന്‍ തുടങ്ങി: ആസിഫ് അലി
മലയാളത്തിലെ യുവതാരങ്ങളില്‍ ഏറെ ആരാധകരുള്ള നടനാണ് ആസിഫ് അലി. കരിയറിലുണ്ടായ ഓരോ ഉയര്‍ച്ചകളിലും താഴ്ചകളിലും സ്വയം പഠിച്ചും തിരുത്തിയും മുന്നോട്ടു പോകുകയാണ് ആസിഫ്.
ഒരു തരത്തില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ സിനിമയില്‍ തന്റേതായ ഒരു വഴിവെട്ടുകയാണ് അദ്ദേഹം. ഒരു നടനെന്ന നിലയില്‍ തനിക്ക് സംഭവിച്ച ചില മാറ്റങ്ങളെ കുറിച്ചും അത് കരിയറിലുണ്ടാക്കിയ വ്യത്യാസത്തെ കുറിച്ചുമെല്ലാം പറയുകയാണ് മാതൃഭൂമിക്ക് നല്‍കി അഭിമുഖത്തില്‍ ആസിഫ്. ഓരോ സിനിമ കഴിയുമ്പോഴും തന്നില്‍ മാറ്റമുണ്ടാകുന്നുണ്ടെന്നാണ് ആസിഫ് പറയുന്നത്.
‘ ഓരോ സിനിമ കഴിയുമ്പോഴും ഞാന്‍ മാറുന്നുണ്ട്. പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റാത്ത മാറ്റമല്ലെങ്കിലും എനിക്ക് തിരിച്ചറിയാന്‍ കഴിയുന്ന ചില മാറ്റങ്ങളുണ്ടായിട്ടുണ്ട്. സിനിമയെ അപ്രോച്ച് ചെയ്യുന്ന രീതിയും സിനിമ തിരഞ്ഞെടുക്കുന്ന രീതിയും മാറി. എന്തിനേറെ പറയുന്നു ലൊക്കേഷനിലുള്ള സ്വഭാവത്തിലും എന്റെ സ്വകാര്യ ജീവിതത്തിലുള്ള സ്വഭാവത്തിലും വരെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്.
ആദ്യമൊക്കെ ഞാന്‍ ഭയങ്കര ഷോര്‍ട്ട് ടെംപേര്‍ഡ് ആയിരുന്നു. പല സമയത്തും ദേഷ്യം വരും. ഞാന്‍ അന്നും ഇന്നും ലൊക്കേഷനില്‍ ഡിമാന്‍ഡ് ചെയ്യുന്നത് സൈലന്‍സാണ്. ഷോട്ടുകള്‍ എടുക്കുന്ന സമയത്ത് എനിക്ക് സൈലന്‍സ് വേണം. പിന്‍ഡ്രോപ് സൈലന്‍സ് വേണം. അതില്ലെങ്കില്‍ ഞാന്‍ റിയാക്ട് ചെയ്യുമായിരുന്നു.
ആദ്യമൊക്കെ ഞാന്‍ ഭയങ്കരമായി ദേഷ്യപ്പെട്ട് മാറിനില്‍ക്കും. ആരോടും മിണ്ടില്ല. പിണങ്ങി നില്‍ക്കുകയായിരുന്നു ചെയ്യുക. ഇപ്പോള്‍ ഞാനത് പറഞ്ഞ് മനസിലാക്കാന്‍ തുടങ്ങി. എന്തുകൊണ്ടാണ് ഞാന്‍ സൈലന്‍സ് ആവശ്യപ്പെടുന്നതെന്ന്. അപ്പോള്‍ അത്തരത്തിലൊരു പക്വത എന്റെ ജീവിതത്തിലും വന്നിട്ടുണ്ട്,’ ആസിഫ് അലി പറഞ്ഞു.
മലയാളികള്‍ എല്ലാ ഭാഷയിലുമുള്ള സിനിമകളും സീരീസുകളും കാണാന്‍ തുടങ്ങിയെന്നതാണ് കൊവിഡിന് ശേഷം വന്ന വലിയ മാറ്റം എന്നും ഇന്റര്‍നാഷണല്‍ സിനിമകളിലേക്കൊക്കെ വലിയ എക്‌സ്‌പ്ലോഷന്‍ കിട്ടിയെന്നും ആസിഫ് പറയുന്നു.
അതുകൊണ്ട് തന്നെ നമ്മള്‍ നേരത്തെ കേട്ട് കമിറ്റ് ചെയ്തു വെച്ച പല സിനിമകളും ഇന്നത്തെ മലയാളി പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്നത് കൂടി ഒരു ചോദ്യമായി നില്‍ക്കുകയാണെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ