| Friday, 11th November 2022, 11:52 pm

അദ്ദേഹം കുറേ നേരം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്ത ദൃശ്യത്തെക്കുറിച്ച് പറഞ്ഞു, എല്ലാവര്‍ക്കും അത് തന്നെയാണ് ഇഷ്ടം:ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജീത്തു ജോസഫ് സംവിധാനം ചെയ്ത കൂമന്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്. റിലീസ് ദിവസം മുതല്‍ തന്നെ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മോഷണമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ആസിഫ് അലിയുടെ അഭിനയത്തെക്കുറിച്ചും മികച്ച അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

ദൃശ്യം സിനിമയുമായി ബന്ധപ്പെട്ടുള്ള തന്റ ഒരു അനുഭവം പറയുകയാണ് ആസിഫ്. ഫ്‌ളൈറ്റില്‍ പോകുമ്പോള്‍ ഹിന്ദി സംസാരിക്കുന്ന വ്യക്തിയെ പരിചയപ്പെട്ടതും ആക്ടറാണെന്ന് പറഞ്ഞപ്പോള്‍ ദൃശ്യം സിനിമയെക്കുറിച്ച് അദ്ദേഹം ഒരുപാട് സംസാരിച്ചുവെന്നും ആസിഫ് പറഞ്ഞു.

”ഞാന്‍ ഒരു പ്രാവശ്യം ഫ്‌ളൈറ്റില്‍ വരുമ്പോള്‍ എന്നോട് ഒരാള്‍ സംസാരിച്ചിരുന്നു. ഹിന്ദിക്കാരനാണ് അദ്ദേഹം. രണ്ട് പേര് എന്റെ കൂടെ നിന്ന് ഫാട്ടോ എടുക്കുന്നത് കണ്ടപ്പോള്‍ അവര്‍ എന്തുകൊണ്ടാണ് ഫോട്ടോ എടുത്തതെന്ന്. മലയാളത്തിലെ ആക്ടറാണെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു.

പെട്ടെന്ന് ദൃശ്യത്തിലെ ആണോയെന്ന് ചോദിച്ചു. അതെ മലയാളത്തിലെ സിനിമയാണ് ദൃശ്യം എന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹം കുറേ നേരം ദൃശ്യത്തെക്കുറിച്ച് പറഞ്ഞു. ആ സിനിമ ബാക്കിയുള്ള ഭാഷകളിലേക്ക് റീമേക്ക് ചെയ്തതാണെന്നൊക്കെ എന്നോട് പറഞ്ഞു. ഞാന്‍ ഇപ്പോള്‍ പോകുന്നത് ദൃശ്യത്തിന്റെ സംവിധായകന്റെ പുതിയ സിനിമയില്‍ അഭിനയിക്കാനാണെന്ന് അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു.

അതുകൂടെ കേള്‍ക്കുമ്പോഴേക്കും അദ്ദേഹം ഭയങ്കര എക്‌സൈറ്റായി. സാധാരണക്കാരായ പ്രേക്ഷകര്‍ക്ക് പോലും അത്രയും താല്‍പര്യമുള്ള ചിത്രമാണ് ദൃശ്യം. വേറെ ഭാശയില്‍ ഉള്ളവര്‍ക്ക് പോലും ദ്യശ്യം ഭയങ്കര ഇഷ്ടമാണ്. അവരാണ് ആ സിനിമയേക്കുറിച്ച് സംസാരിക്കുന്നത്,”ആസിഫ് അലി പറഞ്ഞു.

50കോടി കളക്ഷന്‍ ലഭിച്ച ആദ്യ മലയാള ചിത്രമാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം. 2013ല്‍ ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. ഏറെ പ്രേക്ഷക പ്രശംസ ലഭിച്ച ചിത്രം പിന്നീട് തമിഴിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്തിരുന്നു.

തമിഴില്‍ പാപനാസം എന്ന പേരില്‍ ഒരുക്കിയ ചിത്രത്തില്‍ കമല്‍ ഹാസന്‍ ആയിരുന്നു മോഹന്‍ലാലിന്റെ വേഷം ചെയ്തത്. ജീത്തു ജോസഫ് തന്നെ ആണ് ചിത്രം സംവിധാനം ചെയ്തത്.അജയ് ദേവ്ഗണ്‍ ആണ് ഹിന്ദി ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ വേഷം ചെയ്തത്. ശ്രിയ ശരണ്‍, കമലേഷ്, മൃണാല്‍ ജഗ്‌ദേവ് തുടങ്ങിയവരായിരുന്നു മറ്റ് കഥാപാത്രങ്ങള്‍.

content highlight: actor asif ali about drishyam

We use cookies to give you the best possible experience. Learn more