സിനിമകളില്‍ പ്രൊഡക്ഷന്‍ കോസ്റ്റ് കൂടുതലാണെന്നും അതിന് പ്രധാനകാരണം താരങ്ങള്‍ പ്രതിഫലം കൂട്ടുന്നതാണെന്നുമുള്ള നിര്‍മാതാവ് സുരേഷ് കുമാറിന്റെ പ്രസ്താവനയില്‍ മറുപടിയുമായി നടന്‍ ആസിഫ് അലി.
ഓരോ സിനിമയും ഡിമാന്റ് ചെയ്യുന്ന ആളുകളെ കണ്ടുപിടിച്ച് ആ സിനിമ ചെയ്യിക്കുക എന്നതാണ് അതില്‍ ചെയ്യാവുന്ന ഒരു കാര്യമെന്നായിരുന്നു ആസിഫിന്റെ മറുപടി. വലിയൊരു താരം തന്നെ ആ സിനിമയ്ക്ക് വേണം എന്നുണ്ടെങ്കില്‍ അവര്‍ പറയുന്ന പ്രതിഫലം നല്‍കി കൊണ്ടുവരേണ്ടി വരുമെന്നും ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആസിഫ് അലി പറഞ്ഞു.
ഒരു പ്രൊഡക്ട് നമ്മള്‍ മാര്‍ക്കറ്റ് ചെയ്യുമ്പോള്‍ അതിന്റെ അവൈലബിലിറ്റി അല്ലെങ്കില്‍ അതിന്റെ മാര്‍ക്കറ്റ് വാല്യു ആണ് അതിന്റെ വില. ആ പ്രൊഡക്ട് ഡിമാന്റ് ചെയ്യുന്ന ഒരു വിലയുണ്ട്. അത് കൊടുത്താണ് നമ്മള്‍ അത് വാങ്ങിക്കുക. ഇപ്പോള്‍ ഒരു സിനിമ ചെയ്യുകയാണെങ്കില്‍, എന്റെ സിനിമയ്ക്ക് ഇങ്ങനെ ഒരു സ്റ്റാറിനെ വേണ്ട എനിക്കൊരു പുതിയ ആള്‍ മതിയെന്ന് തീരുമാനിക്കാം. ഏത് തരത്തിലുള്ള സിനിമകളാണ് വേണ്ടതെന്ന് ചൂസ് ചെയ്ത് തീരുമാനിക്കാം. എല്ലാവരോടും പോയി ശമ്പളം കുറയ്ക്കാന്‍ പറയുക എന്നത് എത്രത്തോളം ശരിയാണെന്ന് അറിയില്ല.
നമ്മുടെ ഇന്‍ഡസ്ട്രി ലീഡ് ചെയ്യുന്ന സ്റ്റാര്‍സുണ്ട്. ഇവര്‍ക്ക് ഇവരൊരു വിലയിട്ടിട്ടുണ്ടാകും. ആ വില കൊടുത്തിട്ടായിരിക്കാം അവര്‍ സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറാകുന്നത്. അത് അവര്‍ തീരുമാനിക്കുന്നതാണ്, ആസിഫ് പറഞ്ഞു.
മാര്‍ക്കറ്റ് വാല്യൂ ഇല്ലാത്തവര്‍ പോലും ലക്ഷങ്ങളും കോടികളും ചോദിക്കുകയാണെന്നാണല്ലോ നിര്‍മാതാക്കള്‍ പറയുന്നത് എന്ന ചോദ്യത്തിന് അങ്ങനെ വരുമ്പോള്‍ അടുത്ത ആളിലേക്ക് പോകണമെന്നായിരുന്നു ആസിഫിന്റെ മറുപടി. ചോദിക്കുന്ന പൈസയ്ക്ക് എന്തിനാണ് അവരെ തന്നെ ചൂസ് ചെയ്യുന്നതെന്നും ആസിഫ് ചോദിച്ചു.
‘ഋതുവും അപൂര്‍വരാഗവും ഞാന്‍ ചെയ്യുന്നത് ആ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പുതിയ ആളുകളെ വെച്ച് ചെയ്യണമെന്ന് തീരുമാനിച്ചതുകൊണ്ടാണ്. ഇവിടെ നിലവില്‍ ഉള്ള ആളുകളെ വെച്ച് ചെയ്യാന്‍ സാധിക്കുന്നില്ല എന്നുണ്ടെങ്കില്‍, അല്ലെങ്കില്‍ അവര്‍ അഫോര്‍ഡബിള്‍ അല്ല എന്ന് തോന്നുണ്ടെങ്കില്‍ അടുത്തയാളിലേക്ക് പോകണം. ഇനി അയാള്‍ തന്നെ ആ സിനിമയ്ക്ക് വേണം എന്നുണ്ടെങ്കില്‍ അയാള്‍ പറയുന്ന വില കൊടുത്ത് അവരെ കൊണ്ടുവരേണ്ടി വരും. അങ്ങനെ കൊണ്ടു വരുന്നുണ്ടെങ്കില്‍ അയാളെ കൊണ്ട് ആ സിനിമയ്ക്ക് ഒരു ഗുണമുണ്ടാകും. അതാണ് എല്ലാവരും നോക്കുന്ന പോയന്റ്.
തുല്യവേതനം എന്ന് പറഞ്ഞ് ഒരു കാര്യത്തിന് വേണ്ടിയിട്ട് ചിലര്‍ വീഡിയോ ഉണ്ടാക്കുന്നത് കണ്ടു. അന്ന് ഞാന്‍ പേരെടുത്ത് ഒരു ഉദാഹരണം പറഞ്ഞിരുന്നു. ഇപ്പോള്‍ ഞാനും നയന്‍താരയും ഒരു സിനിമയില്‍ ഒരുമിച്ച് വരികയാണെങ്കില്‍ ഉറപ്പായും നയന്‍താരക്കായിരിക്കില്ലേ വേതനം കൂടുതല്‍.
ഞാന്‍ പുരുഷനായതുകൊണ്ട് എനിക്ക് കൂടുതല്‍ വേതനം വേണമെന്ന് എനിക്ക് പറയാനാവുമോ, എന്നേക്കാള്‍ കൂടുതല്‍ മാര്‍ക്കറ്റ് വാല്യു ഉള്ളതും വില്‍ക്കാന്‍ എളുപ്പമുള്ളതും നയന്‍താരയെപ്പോലെ ഒരാളുടെ ഫേസ് വരുമ്പോഴാണ്. അപ്പോള്‍ തീര്‍ച്ചയായും അവര്‍ക്കായിരിക്കും ശമ്പളം കൂടുതല്‍. അത് അവര്‍ ഉണ്ടാക്കിയെടുത്ത സ്റ്റാര്‍ഡം ആണ്. അവര്‍ ഇത്രയും സിനിമ ചെയ്ത്, അവര്‍ ഇത്രയും എഫേര്‍ട്ട് ഇട്ട് ഉണ്ടാക്കിയെടുത്ത അവരുടെ ഒരു മാര്‍ക്കറ്റ് വാല്യു ഉണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് അവര്‍ റെമ്യൂണറേഷന്‍ ചോദിക്കുന്നത്.
ഞാന്‍ ശമ്പളം വാങ്ങിക്കാതെ അഭിനയിച്ച സിനിമകളുണ്ട്. അഡ്വാന്‍സ് തിരിച്ചുകൊടുത്ത സിനിമകളുണ്ട്. അതില്‍ സക്‌സസായതും മോശമായതുമായ സിനിമകളുണ്ട്. അത് ഓരോരുത്തരുടേയും അപ്രോച്ചാണ്.
എല്ലാവരും ഒരു പോലെ ചിന്തിക്കണമെന്നില്ല. ഞാന്‍ വാങ്ങുന്ന ശമ്പളത്തേക്കാള്‍ കൂടുതല്‍ എനിക്ക് ശേഷം വന്ന പലരും വാങ്ങിക്കുന്നുണ്ട്. അവരുടെ സിനിമകള്‍ തുടര്‍ച്ചയായി ഓടുമ്പോള്‍ സ്വാഭാവികമായും അവര്‍ക്ക് ശമ്പളം വാങ്ങാം. അവര്‍ വാങ്ങുന്നുണ്ടെന്ന് പറഞ്ഞ് പക്ഷേ എനിക്ക് വാങ്ങാന്‍ പറ്റില്ലല്ലോ, ആസിഫ് ചോദിച്ചു.
Content Highlight: Actor Asif Ali about actors remmunaration Issue