കൊച്ചി: മലയാളത്തിന്റെ ഇഷ്ട നടന്മാരില്‍ ഒരാളാണ് അശോകന്‍. പത്മരാജന്റെ സിനിമയിലൂടെ മലയാള സിനിമയില്‍ എത്തിയ അദ്ദേഹം നിരവധി സിനിമകളില്‍ നായകനായും സഹതാരമായും കഴിവ് തെളിയിച്ചിട്ടുണ്ട്.
എന്നാല്‍ ഒരു ചതിയെ തുടര്‍ന്ന് ജയിലില്‍ കിടക്കേണ്ടി വന്ന കഥ തുറന്നു പറഞ്ഞിരിക്കുകയാണ് അശോകന്‍. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ജയില്‍ കിടക്കേണ്ട വന്ന അനുഭവം അശോകന്‍ പങ്കുവെച്ചത്.
മയക്കുമരുന്ന് മാഫിയുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പുറത്തായിരുന്നു അശോകനെ ഖത്തര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെ കുറിച്ച് അശോകന്‍ പറയുന്നത് ഇങ്ങനെയാണ്.
ഒരു സുഹൃത്തിനെ കാണാന്‍ താന്‍ ഖത്തറില്‍ പോയി സുഹൃത്തിന്റെ വീട്ടിലെ വിരുന്നിന് ശേഷം താനും മറ്റൊരു സുഹൃത്തും ഹോട്ടലിലേക്ക് തിരിച്ചു. ഹോട്ടല്‍ മുറിയില്‍ കയറാന്‍ വേണ്ടി താക്കോല്‍ ഉപയോഗിച്ച് തുറക്കാന്‍ ശ്രമിച്ചപ്പോള്‍ പൂട്ട് തുറന്നില്ല. അപ്പോള്‍ സഹായിക്കാന്‍ മൂന്ന് നാല് അറബികള്‍ വന്നു. അവര്‍ പൂട്ടു തുറക്കുകയും അകത്തു കയറുകയും വാതില്‍ കുറ്റിയിടുകയും ചെയ്തു. തങ്ങള്‍ വല്ലാതെ ഭയന്നുപോയി. അവര്‍ മുറി മുഴുവന്‍ പരിശോധിച്ചു. എന്റെ ബാഗും അലമാരയുമെല്ലാം വിശദമായി തിരഞ്ഞു. പിന്നീടാണ് മനസ്സിലായത് അവര്‍ ഡിറ്റക്ടീവുകളായിരുന്നു. അശോകന്‍ പറയുന്നു.
പിന്നീട് തങ്ങളെ കൂട്ടിക്കൊണ്ടുപോയത് ഖത്തറിലെ പൊലീസ് സ്റ്റേഷനിലേക്കാണ്. അവരുടെ മേലുദ്യോഗസ്ഥന് മുന്നില്‍ എന്നെ ഹാജരാക്കി, അവര്‍ പരസ്പരം എന്തൊക്കേയോ അറബിയില്‍ പറയുന്നത് കേട്ടു. തന്റെ സുഹൃത്തിനെ അതിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൂട്ടിക്കൊണ്ടുപോയി. അയാള്‍ തിരിച്ചെത്തിയപ്പോള്‍ മുഖമെല്ലാം വല്ലാതെ ചുവന്നിരിക്കുന്നു. അയാളെ അവര്‍ അടിച്ചുവെന്നാണ് പറഞ്ഞത്.
പിന്നീട് തങ്ങളെ സെല്ലില്‍ അടച്ചു. അവിടെ തനിക്കൊപ്പം രണ്ട് പാകിസ്താനി തടവുകാരാണ് ഉണ്ടായിരുന്നത്. ജീവിതം അവസാനിച്ചുവെന്ന് കരുതിയത്. എന്നാല്‍ പിന്നീട് തന്റെ സ്‌പോണ്‍സര്‍ ജയില്‍ എത്തുകയും അടൂര്‍ ഗോപാലകൃഷ്ണന്റെ ഒരു സിനിമയില്‍ താന്‍ അഭിനയിച്ചതിനെ കുറിച്ച് ഖത്തറിലെ പത്രത്തില്‍ വന്ന ലേഖനം പൊലീസിനെ കാണിച്ചെന്നും അശോകന്‍ പറയുന്നു.
തന്റെ സുഹൃത്തിന്റെ ശത്രുക്കളില്‍ ആരോ താന്‍ മുമ്പ് മയക്കുമരുന്നിന് അടിമയായി അഭിനയിച്ച ഒരു സിനിമയില്‍ നിന്ന് എടുത്ത ചിത്രങ്ങള്‍ വെച്ച് കുടുക്കുകയായിരുന്നെന്നും അശോകന്‍ പറയുന്നു.
മുമ്പ് താന്‍ അഭിനയിച്ച തൂവാനതുമ്പികള്‍ എന്ന ചിത്രത്തിനെ കുറിച്ചുള്ള വീഡിയോയും അശോകന്‍ പങ്കുവെച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക