| Tuesday, 12th December 2023, 10:13 am

ആ സിനിമ ഇത്രയും സൂപ്പര്‍ ഹിറ്റാകുമെന്ന് വിചാരിച്ചിരുന്നില്ല; ഏത് പ്രായക്കാരേയും കയ്യിലെടുക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നു: അശോകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടില്‍ 1990ല്‍ ഇറങ്ങിയ കോമഡി ചിത്രമാണ് ഇന്‍ ഹരിഹര്‍ നഗര്‍. ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ നാലാമത്തെ മലയാള ചിത്രമായിരുന്നു അത്.

മുകേഷ്, ജഗദീഷ്, സിദ്ദിഖ്, അശോകന്‍ എന്നിവരായിരുന്നു ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. ഇപ്പോള്‍ കാന്‍ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ഇന്‍ ഹരിഹര്‍ നഗര്‍ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ അശോകന്‍.

ആ സിനിമ ഇത്രയും സൂപ്പര്‍ ഹിറ്റാകുമെന്ന് വിചാരിച്ചിരുന്നില്ലെന്നും പടം നന്നായി കളക്ട് ചെയ്യുമെന്ന പ്രതീക്ഷ തനിക്ക് ഉണ്ടായിരുന്നെന്നും താരം പറയുന്നു.

‘ഇന്‍ ഹരിഹര്‍ നഗര്‍ ഇത്രയും സൂപ്പര്‍ ഹിറ്റാകുമെന്ന് വിചാരിച്ചിരുന്നില്ല. പടം നന്നായി കളക്ട് ചെയ്യുമെന്ന പ്രതീക്ഷ എനിക്ക് ഉണ്ടായിരുന്നു. സിദ്ദിഖ് – ലാലിന്റെ റാംജി റാവു സിനിമ കഴിഞ്ഞ ശേഷം വന്ന സിനിമയായിരുന്നു ഇത്.

റാംജി റാവു നേടിയത് വലിയ കളക്ഷന്‍ ആയിരുന്നു. സ്വഭാവികമായിട്ടും അവരുടെ സിനിമ ആയത് കൊണ്ട് ഇതും വിജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു.

അവര്‍ രണ്ടുപേരും നമ്മുടെ സിനിമാ മേഖലയില്‍ പുതിയ ട്രെന്‍ഡ് സെറ്റ് കൊണ്ടു വന്നവരായിരുന്നു. രണ്ടുപേര്‍ സംവിധാനം ചെയ്യുക എന്നത് പണ്ടും ഉണ്ടായിരുന്നു. എന്നാല്‍ പോലും അത് കൂടുതല്‍ ആളുകള്‍ ശ്രദ്ധിക്കുന്നത് ഇവര്‍ വന്നപ്പോഴാണെന്ന് തോന്നുന്നു.

രണ്ടുപേരും നന്നായി മിമിക്രി ചെയ്യുന്ന കലാകാരന്മാര്‍ കൂടെയാണെന്ന് പലര്‍ക്കും അറിയാവുന്ന കാര്യമാണ്. റാംജി റാവു സ്പീക്കിങ് സിനിമയിലൂടെ കോമഡിയെ അവര്‍ വ്യത്യസ്തമായ തലത്തിലേക്ക് എത്തിച്ചിരുന്നു.

അതുകൊണ്ട് അവരില്‍ നല്ല പ്രതീക്ഷ ഉണ്ടായിരുന്നു. പിള്ളേര്‍ മുതല്‍ വയസായ ആളുകള്‍ വരെ ഇഷ്ടപ്പെടുന്ന സിനിമയാണ് അവരുടേത്. കാരണം അവരുടെ സ്‌ക്രിപ്റ്റിങ് പോലും അത്തരത്തിലാണ്.

ഏത് പ്രായക്കാരേയും കയ്യിലെടുക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നു. സിനിമയിലെ ഒരു സീന്‍ പോലും നമുക്ക് അരോചകരമാണെന്ന് പിന്നീട് തോന്നില്ല.

അത്രത്തോളം പഠിച്ചാണ് അവര്‍ സ്‌ക്രിപ്റ്റ് കണ്‍ഫോം ചെയ്യുകയുള്ളൂ. അപ്പോള്‍ അതിന്റെ ഒരു ശക്തി നമുക്ക് അവരുടെ സിനിമ ചെയ്യുമ്പോള്‍ ഉണ്ടാകും,’ അശോകന്‍ പറഞ്ഞു.


Content Highlight: Actor Ashokan Talks About In Harihar Nagar Movie And Siddique Lal

We use cookies to give you the best possible experience. Learn more