മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് അശോകന്‍. നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. 1979ല്‍ പുറത്തിറങ്ങിയ പി. പത്മരാജന്റെ പെരുവഴിയമ്പലം എന്ന സിനിമയിലൂടെയാണ് അശോകന്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്.
ആദ്യമായി മമ്മൂട്ടിയെ കണ്ട ദിവസം തനിക്ക് ഇന്നും ഓര്‍മയുണ്ടെന്ന് പറയുകയാണ് അശോകന്‍. അന്ന് മമ്മൂട്ടി എന്ന നടന്‍ സിനിമയില്‍ പേരെടുത്ത് വരുന്ന സമയമായിരുന്നെന്നും നടന്‍ പറയുന്നു.
ആദ്യമായി മമ്മൂട്ടി തന്നെ കണ്ടപ്പോള്‍ പെരുവഴിയമ്പലത്തിലെ രാമനല്ലേ എന്നായിരുന്നു ചോദിച്ചതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. കാന്‍ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയുടെ മുന്‍കോപത്തെ കുറിച്ചും അശോകന്‍ പറയുന്നു.
‘ആദ്യമായിട്ട് മമ്മൂക്ക സെറ്റിലേക്ക് വന്ന ആ ദിവസം എനിക്ക് ഇപ്പോഴും നല്ല ഓര്‍മയുണ്ട്. അത് മമ്മൂട്ടി എന്ന നടന്‍ സിനിമയില്‍ പേരെടുത്ത് വരുന്ന സമയമായിരുന്നു. ആ സമയത്ത് സത്യത്തില്‍ അദ്ദേഹം എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു.
അന്ന് ഞാന്‍ റിസപ്ഷനില്‍ നില്‍ക്കുമ്പോഴാണ് മഞ്ഞ കളര്‍ ടാക്‌സിയില്‍ മമ്മൂക്ക അവിടെ വന്നിറങ്ങുന്നത്. എന്റെ അടുത്തെത്തിയതും ‘പെരുവഴിയമ്പലത്തിലെ രാമനല്ലേ? എന്നെ അറിയുമോ’യെന്ന് അദ്ദേഹം ചോദിച്ചു. പെട്ടെന്നുള്ള അദ്ദേഹത്തിന്റെ ആ ചോദ്യം കേട്ടപ്പോള്‍ ഞാന്‍ ശരിക്കുമൊന്ന് ഞെട്ടിയെന്നതാണ് സത്യം.
അന്ന് മുതല്‍ക്കേ എല്ലാ നല്ല സിനിമകളും കാണുന്ന ഒരു വ്യക്തിയായിരുന്നു മമ്മൂക്ക. അത് മാത്രമല്ല, കണ്ട സിനിമകളെ പറ്റിയെല്ലാം വളരെ കൃത്യമായി നമ്മളോട് പറയുകയും അഭിനന്ദിക്കുകയും ചെയ്യും. അതിലൊന്നും അദ്ദേഹത്തിന് യാതൊരു മടിയും ഉണ്ടായിരുന്നില്ല.
ഒരു സിനിമ കണ്ട് ഇഷ്ടമായില്ലെങ്കില്‍ അതും പറയും. അത്തരത്തില്‍ ഒരുപാട് പോസിറ്റീവുകളുള്ള വ്യക്തിയാണ് മമ്മൂക്ക. ഷൂട്ടിങ് കഴിഞ്ഞുള്ള സമയങ്ങളില്‍ പല ഭാഷയിലുള്ള സിനിമകള്‍ അദ്ദേഹം കാണും, ഒപ്പം എല്ലാ ഭാഷയിലെയും വാര്‍ത്തകള്‍ കണ്ട് അപ്പോള്‍ തന്നെ അപ്‌ഡേറ്റ് ചെയ്യും.
പണ്ടൊക്കെ അദ്ദേഹത്തിന് നല്ല മുന്‍കോപമുണ്ടായിരുന്നു. ഇപ്പോഴും മുന്‍കോപം ഉണ്ടെങ്കിലും ഒരുപാട് മാറി പോയിട്ടുണ്ട്. അന്നൊക്കെ സത്യത്തില്‍ അദ്ദേഹം പറയുന്ന പല കാര്യങ്ങളും കേട്ടാല്‍ നമുക്ക് ഇഷ്ടമാവില്ലായിരുന്നു.
അദ്ദേഹത്തെ അത്രകണ്ട് അറിയാത്തവരാണെങ്കില്‍ ചിലപ്പോള്‍ തെറ്റിദ്ധരിക്കും. പക്ഷെ മമ്മൂക്കയെ അറിഞ്ഞു കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ ശുദ്ധത കൊണ്ടാണെന്ന് മനസിലാവും. എന്നോട് മമ്മൂക്ക ഒരുപാട് വട്ടം ദേഷ്യപ്പെട്ടിട്ടുണ്ട്,’അശോകന്‍ പറഞ്ഞു.
Content Highlight: Actor Ashokan Talks About His First Meet With Mammootty