ഭരതന്‍ സംവിധാനം ചെയ്ത് 1991ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അമരം. മമ്മൂട്ടി, മുരളി, മാതു, കെ.പി.എ.സി ലളിത, അശോകന്‍, കുതിരവട്ടം പപ്പു എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.
സിനിമയില്‍ നടന്‍ അശോകന്‍ രാഘവനെന്ന കഥാപാത്രമായാണ് അഭിനയിച്ചിരുന്നത്. ഇപ്പോള്‍ കാന്‍ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ഭരതനുമായുള്ള തന്റെ ഒരു അനുഭവത്തെ കുറിച്ച് പറയുകയാണ് അശോകന്‍.
‘അമരം ചെയ്യുന്നതിന് മുമ്പ് ഭരതേട്ടന്‍ കഥയൊക്കെ പറഞ്ഞ ശേഷം എന്റെ അടുത്ത് വന്ന് സംസാരിച്ചു. ഈ കഥാപാത്രം വളരെ പ്രധാനപെട്ടതാണ്. ആ കഥാപാത്രം മോശമായാല്‍ അത് സിനിമയെ ബാധിക്കും.
അത്രയും സൂഷ്മമായി ചെയ്യേണ്ട കഥാപാത്രമാണെന്ന് പറഞ്ഞു. അത് കഴിഞ്ഞ് ആള് ഒരു വെരുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കാന്‍ തുടങ്ങി. ഒരു ബീഡിയും വലിച്ച് കൊണ്ടാണ് നടക്കുന്നത്.
കുറച്ച് കഴിഞ്ഞ് എന്തോ ആലോചിച്ച ശേഷം നടന്ന് എന്റെ അടുത്തേക്ക് വന്നു. എന്താണ്, നിനക്ക് ഈ കഥാപാത്രം ചെയ്യാന്‍ പറ്റുമോ. നിന്നെ കൊണ്ട് കഴിയുമോ എന്ന് ചോദിച്ചു.
അത് കേട്ടതും ഞാന്‍ സത്യത്തില്‍ ആകെ തകര്‍ന്നു പോയി. ഒരു ഡയറക്ടറാണ് വന്ന് ചോദിക്കുന്നത്. അപ്പോള്‍ ആ കഥാപാത്രം ചെയ്യാന്‍ കഴിയുമെന്ന് നമ്മളില്‍ ഒരു വിശ്വാസം ഇല്ലാത്തത് പോലെയല്ലേ അത്.
അങ്ങനെ വരുമ്പോള്‍ നമ്മുടെ ആത്മവിശ്വാസം കൂടെ അങ്ങ് പോകും. എന്റെ ആത്മവിശ്വാസം അവിടെ പോയി. അപ്പോള്‍ ഞാന്‍ വിചാരിച്ചത് ഇങ്ങനെയൊക്കെ പറയണമെങ്കില്‍ അത്രയും കുഴപ്പമുള്ള കഥാപാത്രമാണോ അത് എന്നാണ്.
എങ്ങനെയെങ്കിലും ഇതിന് ഉത്തരം പറഞ്ഞിട്ട് അവിടുന്ന് സ്ഥലം വിട്ടേക്കാം എന്ന് വരെ ഞാന്‍ മനസില്‍ കരുതി. കാരണം ആ കഥാപാത്രത്തെ ചെയ്ത് മോശമാക്കാന്‍ പറ്റില്ലലോ.
പക്ഷേ ഏതോ ഒരു ശക്തി, അല്ലെങ്കില്‍ ദൈവം തന്നെ എന്നെ കൊണ്ട് അതിന് മറുപടി പറയിപ്പിച്ചു. ആ കഥാപാത്രം ചെയ്യാമെന്ന് ഞാന്‍ ഉടനെ പറഞ്ഞു. പുള്ളിക്ക് അപ്പോഴാണ് ശ്വാസം നേരെ വീണത്.