സമൂഹത്തിൽ തെറ്റായ ധാരണകൾ മുൻപോട്ട് കൊണ്ടുപോകുന്ന ആളുകളുണ്ടെന്ന് നടൻ അശോകൻ. പെൺകുട്ടികൾ ചിരിക്കരുതെന്നും ഒച്ചവെച്ച് സംസാരിക്കരുതെന്നും ആളുകൾ പറയാറുണ്ടെന്നും എന്നാൽ ഇന്നത്തെ തലമുറ നേർ വിപരീതമാണെന്നും അശോകൻ പറയുന്നു.
അതുപോലെ സിഗരറ്റ് വലിക്കുന്നതും ആരെയും വകവെക്കാതെയുള്ള സംസാരവും ആണത്തത്തിന്റെ ലക്ഷണമാണെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ടെന്ന് അശോകൻ പറഞ്ഞു. പെൺകുട്ടികൾ പുറത്തിറങ്ങരുതെന്നാണ് മുൻകാല സങ്കല്പമെന്നും പുതിയ തലമുറ അതിൽ നിന്നും വ്യത്യസ്തരാണെന്നും അശോകൻ കൂട്ടിച്ചേർത്തു. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘തെറ്റായ ധാരണ വെച്ച് മുൻപോട്ട് പോകുന്ന ആളുകളുണ്ട്. പെൺകുട്ടികൾ ഒരുപാട് ചിരിക്കരുത്, ഒരുപാട് ഒച്ചവെച്ച് സംസാരിക്കരുത്. ആണുങ്ങളായാൽ തല ഉയർത്തി നിൽക്കണം, കരയാൻ പാടില്ല. സിഗരറ്റ് ഒക്കെ വലിക്കുന്ന ആളുകളാണ് ആണുങ്ങൾ. ആരെയും വകവെക്കാതെയുള്ള സംസാരം ആരെയും അനുസരിക്കാതെ എടുത്തുപിടിച്ച് മറുപടി പറയുക ഇതൊക്കെ ആണത്തത്തിന്റെ ലക്ഷണമാണെന്ന് പലരും പറഞ്ഞ് നമ്മൾ കേൾക്കാറുണ്ട്.
പെൺകുട്ടികൾ മിണ്ടാതെ വീടിന് പുറത്തിറങ്ങരുത് എന്നൊക്കെയാണ് മുൻകാല സങ്കല്പം. അങ്ങനെയുള്ള നിയമമൊന്നും വാസ്തവത്തിൽ ഇല്ലല്ലോ.
തമിഴ്‌നാട്ടിലെ സ്ത്രീകൾക്ക് ഒരു മാന്യതയും കാര്യങ്ങളൊക്കെ ഉണ്ടാകും. പ്രത്യേകിച്ചും ഗ്രാമ പ്രദേശങ്ങളിൽ. തമിഴ്നാട്ടിൽ പലരും ഭർത്താവിനെ പേര് പോലും വിളിക്കാത്തവരാണ്. ഗ്രാമങ്ങളിൽ ചെന്ന് ഭർത്താവിന്റെ പേര് ചോദിച്ചാൽ പലരും പറയുകയില്ല. അവര് ‘ഏങ്കേ’ എന്നൊക്കെ വിളിക്കുകയുള്ളു. ഒരു തരം റെസ്‌പെക്ട് ആണത്. ഇങ്ങനെയൊരു ആചാരത്തിലൂടെ വരുന്നവരുണ്ട്.
പുതിയ തലമുറ അതിൽ നിന്നും വളരെ വ്യത്യസ്തമാണ്. പെൺപിള്ളാര് പുറത്തിറങ്ങാൻ പാടില്ല എന്ന് പറഞ്ഞാൽ ഇപ്പോൾ നടക്കുമോ?
ഇപ്പോൾ പെൺകുട്ടികൾ അടിച്ചുപൊളിച്ചു നടക്കുന്നത് കാണാം. ആൺകുട്ടികളും പെൺകുട്ടികളും ഒരുപോലെതന്നെ. ഐ.ടി വന്നതോടുകൂടി ഒരുപാട് ജോലി സാധ്യതകൾ കൂടിയതിന് ശേഷം നമ്മുടെ ജീവിത രീതികൾ മാറി. സമ്പത്ത് ഒരുപാട് വരാൻ തുടങ്ങി. പൈസയുടെ ബുദ്ധിമുട്ടുകൾ മാറി സുഖസൗകര്യങ്ങൾ വർദ്ധിച്ചു തുടങ്ങിയപ്പോൾ, നമ്മളെ തടഞ്ഞു വെച്ചിരിക്കുന്ന തെറ്റായ ധാരണകൾ അത് പൊട്ടിച്ച് ഓട്ടോമാറ്റിക്കലി പുറത്തേക്ക് വന്നു. പലപ്പോഴും പല പരിധികളും ലംഘിക്കുന്നുണ്ട്. അതിനോടൊന്നും നമ്മൾ യോജിക്കുന്നില്ല. വേറെ പല കുഴപ്പങ്ങളും പല സൈഡിലും ഉണ്ടാകാറുണ്ട്.
പണ്ട് സ്ത്രീകൾ മദ്യപിക്കുന്നതും പുകവലിക്കുന്നതും നമുക്ക് സങ്കൽപ്പിക്കാൻ പോലും പറ്റില്ല. എന്റെ ചെറുപ്പത്തിലെ കാര്യമാണ് പറയുന്നത്. ആണുങ്ങൾ വലിക്കുന്നത് പോലെ തന്നെ പെൺകുട്ടികളും സിഗരറ്റ് വലിക്കുന്നത് നമുക്ക് കാണാൻ കഴിയും. മദ്യപിക്കുന്നവരും ഉണ്ട്, ഇതൊന്നും ആരും വേണ്ട എന്ന് പറഞ്ഞിട്ടില്ല. ചെയ്യുന്നത് തെറ്റാണ് അതിനെതിരെ പറയാൻ പറ്റില്ല, അതിനൊന്നും ഒരു നിയമവുമില്ല. മദ്യപിക്കുന്നതും സിഗരറ്റ് വലിക്കുന്നതും തെറ്റ് തന്നെയാണ്. അത് ആണായാലും പെണ്ണായാലും തെറ്റാണ്. യൂറോപ്പിൽ ചെന്നാൽ അവിടെ മദ്യപിക്കുന്നതും പുകവലിക്കുന്നതും സർവ്വസാധാരണമാണ്. അവരതിന് വലിയ പ്രാധാന്യമൊന്നും കൊടുക്കുന്നില്ല. നമ്മുടെ രാജ്യത്തും നമ്മൾ അത്തരത്തിൽ കണ്ടുവരുന്നുണ്ട്. നമ്മൾ അത്ഭുതമായി കാണുന്നത് ഒക്കെ ഒരു സമയം കഴിയുമ്പോൾ മനസ്സിൽ നിന്ന് വിട്ടു കളയും,’ അശോകൻ പറയുന്നു.
Content Highlight:Actor Ashokan says that there are people in the society who promote wrong ideas