പേരില്ലൂര്‍, ആകാശപ്പറമ്പിന്റേയും പാതാളക്കുഴിയുടേയും നടുവിലായി സ്ഥിതി ചെയ്യുന്ന കൊച്ചുഗ്രാമം. അവിടുത്തെ നാട്ടുകാരും അവരുടെ ജീവിതവും പറയുന്ന വെബ്സീരീസാണ് പേരില്ലൂര്‍ പ്രീമിയര്‍ ലീഗ്.
ഓരോ കഥാപാത്രത്തിനും പറയാനുള്ളത് നൂറ് നൂറ് കഥകളാണ്. ദീപു പ്രദീപിന്റെ തൂലികയില്‍ പിറന്ന പേരില്ലൂര്‍ പ്രേക്ഷകര്‍ സമ്മാനിക്കുന്നത് ഒരു കിടിലന്‍ ചിരി വിരുന്ന് തന്നെയാണ്.
ഏഴ് എപ്പിസോഡുകളിലായി ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറില്‍ റിലീസ് ചെയ്ത വെബ് സീരീസ് വലിയ ചര്‍ച്ചകള്‍ക്കും തുടക്കമിടുകയാണ്. സണ്ണി വെയ്ന്‍, അശോകന്‍, വിജയരാഘവന്‍, നിഖില വിമല്‍, അജു വര്‍ഗീസ് തുടങ്ങി വലിയൊരു താരനിര തന്നെ അണി നിരന്ന വെബ്സീരീസ് പ്രേക്ഷകരെ ഒട്ടും മടിപ്പിക്കില്ലെന്ന് മാത്രമല്ല ഓരോ പ്രേക്ഷകരേയും പേരില്ലൂരുകാരാക്കി മാറ്റുകയും ചെയ്യും.
അമ്മാവന്‍ കയ്യടക്കിവെച്ചിരുന്ന പേരില്ലൂര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായി നിഖില അവതരിപ്പിച്ച മാളവിക എന്ന കഥാപാത്രത്തിന് എത്തേണ്ടി വരുന്നിടത്തുനിന്നാണ് പേരില്ലൂര്‍ പ്രീമിയര്‍ ലീഗീന്റെ കഥ ആരംഭിക്കുന്നത്.
തുടര്‍ന്നിങ്ങോട്ടുള്ള ഓരോ എപ്പിസോഡും രസച്ചരട് പൊട്ടാതെ പ്രേക്ഷകരെ അങ്ങേയറ്റം എന്‍ഗേജ് ചെയ്യിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്.
ഓരോ കഥാപാത്രങ്ങള്‍ക്കും നല്‍കിയിരിക്കുന്ന ഡീറ്റെയിലിങ് തന്നെയാണ് പേരില്ലൂരിനെ വ്യത്യസ്തമാക്കുന്നത്. പേരില്ലൂര്‍ ഗ്രാമത്തിലെ ഓരോരുത്തര്‍ക്കും പറയാന്‍ കഥകളുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും മികച്ചുനില്‍ക്കുന്ന ഒരു കഥാപാത്രമാണ് അശോകന്‍ അവതരിച്ച കേമന്‍ സോമന്‍ എന്ന രാഷ്ട്രീയക്കാരന്‍.
ഒരുപക്ഷേ അശോകന്റെ കരിയറിലെ തന്നെ തികച്ചും വ്യത്യസ്തമായ, ഒരു കഥാപാത്രമായിരിക്കും കേമന്‍ സോമന്റേത്. ഒരേ സമയം സത്യസന്ധനെന്ന് തോന്നിപ്പിക്കുന്ന എന്നാല്‍ അത്യാവശ്യം കള്ളത്തരങ്ങള്‍ കയ്യിലുള്ള ഒരു തനി രാഷ്ട്രീയക്കാരനാണ് കേമന്‍ സോമന്‍.
എത്ര തെരഞ്ഞെടുപ്പുകള്‍ തോറ്റാലും ആ തോല്‍വിയൊന്നും സോമന്റെ രോമത്തെ പോലും സ്പര്‍ശിക്കുന്നില്ല. അത്ര തൊലിക്കട്ടിയുള്ള കഥാപാത്രമാണ് സോമന്‍. പേരില്ലൂര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി തോറ്റിട്ടും കേമന്‍ സോമന് കാര്യമായ പതര്‍ച്ചയൊന്നും സംഭവിക്കുന്നില്ല.
ഒരു വോട്ടിന്റെ വ്യത്യാസത്തില്‍ തോറ്റതിന് പിന്നാലെ പഞ്ചായത്ത് ഓഫീസില്‍ നിന്നും ഇറങ്ങുന്ന സോമന്‍ തന്റെ ഖദര്‍ അഴിച്ചുവെച്ച് ഒരു ടീ ഷര്‍ട്ടും ലുങ്കിയുമുടുത്ത് കവലയിലേക്ക് സാധനങ്ങള്‍ വാങ്ങാനായി പോകുന്ന രംഗം പ്രേക്ഷകര്‍ക്കും കൗതുകകാഴ്ചയാകുന്നുണ്ട്.
വളരെ രസകരമായാണ് കേമന്‍ സോമന്‍ എന്ന കഥാപാത്രത്തെ തിരക്കഥാകൃത്ത് വരിച്ചിട്ടിരിക്കുന്നത്. കേമന്‍ സോമനും വിജയരാഘവന്‍ അവതരിപ്പിച്ച പീതാംബരന്‍ മാസ്റ്ററും തമ്മിലുള്ള ഓരോ രംഗങ്ങളം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നുണ്ട്.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒരു തവണയെങ്കിലും വിജയിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുമ്പോഴും താന്‍ വിജയിക്കാന്‍ പോകില്ലെന്ന ഉറച്ച ‘കോണ്‍ഫിഡന്‍സും’ സോമനുണ്ട്. എങ്കിലും പ്രതീക്ഷ കൈവിടാതെ തെരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കുന്ന രംഗങ്ങളൊക്കെ മികച്ച രീതിയില്‍ തന്നെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്.
പീതാംബരന്‍ മാസ്റ്ററുടെ നാമനിര്‍ദേശപത്രിക തള്ളുമെന്ന സൂചന വന്നതോടെ അഞ്ചാം വാര്‍ഡില്‍ താന്‍ ജയിച്ചെന്ന് ഉറപ്പിക്കുന്നുണ്ട് സോമന്‍. പഞ്ചായത്ത് ഓഫീസിന്റെ മുന്നില്‍ മാലപ്പടക്കത്തിന് തിരികൊളുത്തിയാണ് സോമന്‍ തന്റെ സ്വപ്ന വിജയം ആഘോഷിക്കുന്നത്.
തന്നെ കേമന്‍ സോമനെന്ന് വിളിക്കുന്നത് വെറുതയല്ലെന്നും പീതാംബരന്‍ മാഷിന് പണി കൊടുത്തത് താനാണെന്നും സോമന്‍ പരസ്യമായി പ്രഖ്യാപിക്കുന്നുണ്ട്.
എന്നാല്‍ അഞ്ചാറ് തെരഞ്ഞെടുപ്പില്‍ തുടരെ തോറ്റിട്ടും വീണ്ടും മത്സരിക്കാന്‍ ഇറങ്ങുന്നതുകൊണ്ടാണ് നാട്ടുകാര്‍ സോമന് കേമന്‍ സോമന്‍ എന്ന പേരിട്ടതെന്നും ഈ തെരഞ്ഞെടുപ്പിലും താന്‍ തോല്‍ക്കുമെന്ന പീതാംബരന്റെ കൗണ്ടറൊന്നും കേമന്‍ സോമന് ഏല്‍ക്കുന്നില്ല.
പുതിയ പത്രിക സമര്‍പ്പിക്കാന്‍ 24 മണിക്കൂര്‍ പോലും ബാക്കിയില്ലെന്നും ഇനി എന്തുചെയ്യുമെന്നുമുള്ള സോമന്റെ ചോദ്യത്തിന് പിന്നാലെയാണ് തന്റെ പിന്‍ഗാമിയായായി മരുമകള്‍ മാളുവിനെ കൊണ്ടുവരാന്‍ പീതാംബരന്‍ മാഷ് തീരുമാനിക്കുന്നത്.
പീതാംബരന്‍ മാഷിന്റെ വീട്ടില്‍ തന്റെ ഒരു ചാരനേയും സോമന്‍ നിയമിക്കുന്നുണ്ട്. പീതാംബരന്‍ മാഷിന്റെ വീട്ടില്‍ സഹായി നില്‍ക്കുന്ന സ്ത്രീയില്‍ നിന്നും അവിടെ നടക്കുന്ന നീക്കങ്ങള്‍ ഒന്നു പോലും വിടാതെ സോമന്‍ അറിയുന്നുണ്ട്.
നാളെ കഴിഞ്ഞാല്‍ എതിരാളിയില്ലാതെ ജയിക്കുമെന്ന് ഉറപ്പിക്കുന്ന കേമന്‍ സോമന് പീതാംബരനില്‍ നിന്നും അവസാന മിനുട്ടില്‍ കിട്ടിയ സര്‍ജിക്കല്‍ സ്ട്രൈക്കായിരുന്നു മാളവികയുടെ എന്‍ട്രി.
കേമന്‍ സോമന്‍ ജീവിക്കുന്നത് പേരില്ലൂരുടെ കാരുടെ ഇടനെഞ്ചിലാണെന്നും അവിടെ പ്രചരണത്തിന്റെ ആവശ്യമൊന്നും ഇല്ലെന്ന കോണ്‍ഫിഡന്‍സില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്ന കേമന്‍ സോമന്റെ പക്ഷേ പരാജയപ്പെടുകയാണ്. അവിടേയും തോല്‍വി സമ്മതിക്കാന്‍ സോമന് തയ്യാറാവുന്നില്ല.
പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം തങ്ങളുടെ പാര്‍ട്ടിക്ക് കിട്ടാനായി സോമന്‍ പരിശ്രമിക്കുന്നുണ്ട്. ഒരു വേള അത് ഉറപ്പിക്കുകയും അവസാന നിമിഷം അതും കൈവിട്ടുപോകുകയും ചെയ്യുന്നതായ രംഗങ്ങളൊക്കെ അതി മനോഹരമായാണ് അവതരിപ്പിച്ചിരിക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റിനെതിരെ 25 ലക്ഷം രൂപയുടെ അഴിമതി ആരോപണം ഉയര്‍ത്തിക്കൊണ്ടുവരുന്നതും അത് അന്വേഷണ പരിധിയിലേക്ക് എത്തിക്കുന്നതുമൊക്കെ സോമന്റെ ചില നീക്കങ്ങളിലൂടയാണ്. ഒടുവില്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും രാജിവെക്കുന്നതായുള്ള കത്ത് മാളവിക തന്നെ സോമനെ ഏല്‍പ്പിച്ചെങ്കിലും അത് പോലും കൃത്യമായി സൂക്ഷിക്കാനോ ഉപയോഗിക്കാനോ സോമനാകുന്നില്ല. അവസാന എപ്പിസോഡുകളില്‍ വരുന്ന ഈ രംഗങ്ങളൊക്കെ പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുന്നതാണ്.
പേരില്ലൂരുകാരുടെ ഇടനെഞ്ചില്‍ ജീവിക്കുന്ന കേമന്‍ സോമന്‍ ഓരോ പ്രേക്ഷകരുടെ നെഞ്ചിലും സ്ഥാനം ഉറപ്പിക്കുന്നത് അദ്ദേഹത്തിന്റെ പ്രകടനം ഒന്നുകൊണ്ട് തന്നെയാണ്.
2023 അശോകനെ സംബന്ധിച്ച് ഒരു ഭാഗ്യവര്‍ഷം കൂടിയായിരുന്നു. കരിയറില്‍ മികച്ച കഥാപാത്രങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയ വര്‍ഷം കൂടിയാണ് കഴിഞ്ഞുപോയത്.
ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാനത്തിലൊരുങ്ങിയ നന്‍പകല്‍ നേരത്ത് മയക്കത്തില്‍ മമ്മൂട്ടിക്കൊപ്പം മുഴുനീള വേഷത്തിലാണ് അശോകന്‍ എത്തിയത്. ഭാവനയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവായ ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിലെ അച്ഛന്‍ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുപോലെ മാസ്റ്റര്‍ പീസ് എന്ന വെബ്‌സീരീസിലെ കുര്യച്ചന്‍ എന്ന കഥാപാത്രത്തിനും ഏറെ അഭിനന്ദനങ്ങള്‍ ലഭിച്ചു.
ഇ4 എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍. മേത്തയും സി.വി സാരഥിയും ചേര്‍ന്ന് നിര്‍മിച്ച പേരില്ലൂര്‍ പ്രീമിയര്‍ ലീഗ് സംവിധാനം ചെയ്തിരിക്കുന്നത് പ്രവീണ്‍ ചന്ദ്രനാണ്. കുഞ്ഞി രാമായണം, പത്മിനി എന്നീ സിനിമകളുടെ രചന നിര്‍വഹിച്ച ദീപു പ്രദീപാണ് രചന. ഭവന്‍ ശ്രീകുമാര്‍ എഡിറ്റിംഗും അനൂപ് വി ശൈലജയും അമീലും ചേര്‍ന്ന് ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. മുജീബ് മജീദ് ആണ് സംഗീത സംവിധാനം.
Content Highlight: Actor Ashokan Performance on Perilloor premier league