| Thursday, 19th January 2023, 4:46 pm

അമരത്തിന് ശേഷം ഇപ്പോഴാണ് മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കുന്നത്, പക്ഷേ എനിക്ക് ആ ഫീല്‍ തോന്നിയില്ല: അശോകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയില്‍ നാല് പതിറ്റാണ്ട് പിന്നിടുന്ന താരമാണ് അശോകന്‍. പത്മരാജന്റെ പെരുവഴിയമ്പലം എന്ന ചിത്രത്തിലൂടെയാണ് അശോകന്‍ അഭിനയ രംഗത്ത് ചുവടുവെക്കുന്നത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം നന്‍പകല്‍ നേരത്ത് മയക്കത്തിലൂടെ വീണ്ടും വെള്ളിത്തിരയിലെത്തിയിരിക്കുകയാണ് അശോകന്‍.

മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് അശോകനും മമ്മൂട്ടിയും ഒന്നിച്ച് അഭിനയിക്കുന്നത്. മമ്മൂട്ടിയുമായുള്ള തന്റെ വ്യക്തി ബന്ധത്തെക്കുറിച്ചും അടുപ്പത്തെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അശോകന്‍. താന്‍ എപ്പോള്‍ വിളിച്ചാലും ഫോണ്‍ എടുക്കുന്ന ആളാണ് മമ്മൂക്കയെന്നാണ് അശോകന്‍ പറയുന്നത്. ഇത്രയും നാളുകള്‍ക്ക് ശേഷമാണ് മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കുന്നത് എന്ന ഫീലൊന്നും തനിക്ക് ഉണ്ടായില്ലെന്നും അശോകന്‍ പറയുന്നു.

‘മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാനും മമ്മൂക്കയും ഒന്നിച്ചഭിനയിക്കുന്നത്. യവനിക ആണ് ആദ്യമായി ഞങ്ങള്‍ ഒന്നിച്ചഭിനയിക്കുന്ന സിനിമ. അമരത്തിനു ശേഷം ഇപ്പോഴാണ് ഒന്നിച്ചഭിനയിക്കുന്നത്. പക്ഷെ അങ്ങനെ ഒരു ഫീലേ ഉണ്ടായിരുന്നില്ല. ഇടക്കൊക്കെ മമ്മൂക്കയ്‌ക്കൊപ്പം അഭിനയിച്ചു എന്ന ധാരണയായിരുന്നു മനസില്‍.

ഞാന്‍ എപ്പോള്‍ വിളിച്ചാലും മമ്മൂക്ക ഫോണ്‍ എടുക്കും. അങ്ങനെ ചുരുക്കമേ ഞാന്‍ അദ്ദേഹത്തെ വിളിക്കാറുള്ളു. എങ്കില്‍ പോലും വിളിച്ചാല്‍ മമ്മൂക്ക എന്റെ ഫോണ്‍ അറ്റന്‍ഡ് ചെയ്യാറുണ്ട്. ഇനി അതല്ല തിരക്കിലാണെങ്കില്‍ തിരിച്ച് വിളിക്കും. അതിനകത്ത് ഒരു വ്യക്തിബന്ധം കൂടെയുണ്ട്, അല്ലാതെ പറ്റില്ലലോ,’ അശോകന്‍ പറഞ്ഞു

എന്നാല്‍ അശോകന്റെ ഈ വാക്കുകളോട് മമ്മൂട്ടിയുടെ പ്രതികരണം, അശോകന്‍ അവിചാരിതമായ സമയങ്ങളില്‍ അവിചാരിതമായി എന്നെ പലകാര്യങ്ങള്‍ക്കും വിളിക്കാറുണ്ട് എന്നായിരുന്നു. ഞാന്‍ ഫോണ്‍ എടുക്കും എന്ന് വിചാരിച്ചിട്ടാണല്ലോ വിളിക്കുന്നത്. എടുക്കാന്‍ പറ്റിയില്ലെങ്കില്‍ തിരിച്ച് വിളിക്കും, പിന്നെ ഇത്രയും കാലം പോയതൊന്നും ഞങ്ങള്‍ അറിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഞങ്ങള്‍ക്ക് ആ ഗ്യാപ്പ് ഫീല്‍ ചെയ്തിട്ടില്ല, മമ്മൂട്ടി പറഞ്ഞു.

ലിജോ ജോസ് പെല്ലിശേരിക്കൊപ്പം സിനിമ ചെയ്തതിനെ കുറിച്ചും അശോകന്‍ അഭിമുഖത്തില്‍ സംസാരിച്ചു. ‘ലിജോയുടെ ഒരു സിനിമയില്‍ വര്‍ക് ചെയ്തത് വളരെ സന്തോഷമുള്ള കാര്യമാണ്. ഇത്രയും വ്യത്യസ്തമായ സിനിമയില്‍ ഇങ്ങനെ ഒരു കഥാപാത്രം അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ഈ സിനിമയില്‍ അഭിനയിച്ച എല്ലാവര്‍ക്കും അഭിമാനിക്കാവുന്ന കാര്യമാണ് അത്.

സിനിമ വളരെ ഗൗരവത്തോടെ കാണുന്ന ഒരാള്‍ ആണ് ലിജോ. വ്യത്യസ്തമായി സിനിമ മേക്ക് ചെയ്യുന്ന ഒരാള്‍. സിനിമകളിലെ ചില സ്ഥിരം ഫോര്‍മുലകളുണ്ടല്ലോ, അതൊന്നുമല്ലാതെ തന്നെ ഒരു സിനിമ എങ്ങനെ ഉണ്ടാക്കണം എന്ന് നന്നായിട്ട് അറിയുന്ന ഒരാളാണ് അദ്ദേഹം,’ അശോകന്‍ പറഞ്ഞു.

എസ്.ഹരീഷിന്റെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. മമ്മൂട്ടി കമ്പനിയും ആമേന്‍ മൂവി മൊണാസ്ട്രിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. തേനി ഈശ്വറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

Content Highlight: Actor Ashokan about Amaram Movie and acting with mammootty

We use cookies to give you the best possible experience. Learn more