| Thursday, 22nd July 2021, 12:43 pm

ഈ സിനിമയില്‍ ഇടി കൊള്ളുകയല്ലാതെ വേറെ വഴിയൊന്നുമില്ല, ആരുടെയും എല്ലൊടിയാതിരുന്നത് തന്നെ ഭാഗ്യം; സര്‍പാട്ട പരമ്പരൈയെ കുറിച്ച് ആര്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പാ രഞ്ജിത്ത് സംവിധാനം ചെയ്ത പുതിയ ചിത്രമായ സര്‍പാട്ട പരമ്പരൈയെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് നടന്‍ ആര്യ. ചിത്രത്തില്‍ ബോക്‌സിംഗ് രംഗങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ വന്ന പ്രയാസങ്ങളെ കുറിച്ചും അതിനെ നേരിട്ടതിനെ കുറിച്ചും ആര്യ സംസാരിച്ചു.

ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ബോക്‌സിംഗ് രംഗങ്ങളെ കുറിച്ച് ആര്യ സംസാരിച്ചത്. ‘ബോക്‌സിംഗ് വളരെ അടുത്ത കോണ്‍ടാക്ട് വരുന്ന സ്‌പോര്‍ട്‌സാണ്. അതുകൊണ്ട് തന്നെ പല സീനുകളുമെടുക്കുമ്പോള്‍ അടിയും ഇടിയും കൊള്ളുകയല്ലാതെ അഭിനേതാക്കള്‍ക്ക് മുന്നില്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ല.

ഒട്ടുമിക്കവര്‍ക്കും കുറെ മുറിവുകള്‍ പറ്റിയിട്ടുണ്ട്. പക്ഷെ ഒന്നും അത്രക്ക് ഗുരുതരമായില്ല. ആരുടെയും എല്ലൊടിഞ്ഞില്ല എന്നത് തന്നെ മഹാഭാഗ്യമാണ്,’ ആര്യ പറഞ്ഞു.

ഷൂട്ട് ചെയ്യുന്ന സമയത്ത് അപ്പുറത്തുള്ളയാളെ ഇടിക്കുന്ന ശബ്ദം കേള്‍ക്കുന്നത് വരെ പാ രഞ്ജിത്ത് ഷോട്ടിന് കട്ട് പറയില്ലെന്നും ആര്യ മറ്റൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സര്‍പാട്ടയിലെ ബോക്‌സര്‍ കഥാപാത്രമായി മാറാന്‍ നടത്തിയ പരിശീലനത്തെ കുറിച്ചും ആര്യ വിശദീകരിച്ചു.

45 ദിവസത്തെ ഒരു വര്‍ക്ക്‌ഷോപ്പുണ്ടായിരുന്നു. സീനുകള്‍ക്ക് വേണ്ടിയുള്ള ഒരുക്കവും, ഭാഷാശൈലി പഠിക്കലും, ബോക്‌സറുടെ ശരീരഭാഷിയിലേക്കത്തലും ബോക്‌സിംഗിന്റ ടെക്‌നിക് പഠിക്കലുമെല്ലാം ഇതിലുണ്ടായിരുന്നു. അതുകൊണ്ടാണ് സിനിമയുടെ രംഗങ്ങളെല്ലാം വളരെ റിയലും ആധികാരികവുമായി തോന്നുന്നത്.

സിനിമയില്‍ ബോക്‌സര്‍മാരായി അഭിനയിക്കുന്നവര്‍ക്കെല്ലാം ബോക്‌സിംഗ് ദേശീയ താരത്തിന്റെ കീഴില്‍ പരിശിലീനം നല്‍കിയിരുന്നു. വളരെ കഷ്ടപ്പാട് നിറഞ്ഞ ഒരുക്കങ്ങളായിരുന്നു അവയെല്ലാം, പക്ഷെ ഒന്നും വെറുതായിപ്പോയെന്ന് തോന്നിയില്ലെന്നും ആര്യ പറഞ്ഞു.

ജൂലൈ 22ന് ആമസോണില്‍ റിലീസ് ചെയ്ത സര്‍പാട്ട പരമ്പരൈയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പാ രഞ്ജിത്ത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്.

സന്തോഷ് നാരായണന്‍ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ മുരളി ജി. ക്യാമറയും സെല്‍വ ആര്‍.കെ. എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.

1970കളില്‍ ചെന്നൈയില്‍ നിലനിന്നിരുന്ന ബോക്‌സിംഗ് കള്‍ച്ചറാണ് ചിത്രത്തിന്റെ പശ്ചാത്തലം. കബിലന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ആര്യ എത്തുന്നത്. ദുശാറ വിജയന്‍, പശുപതി, കലൈയരസന്‍ തടുങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actor Arya about Sarpatta Parambarai and boxing shoots

We use cookies to give you the best possible experience. Learn more