മമ്മൂട്ടിയുടെ ആ സിനിമ യൂത്തിനെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്, അത് കണ്ടിട്ടാണ് സിനിമോട്ടഗ്രഫി എന്ന വാക്ക് ഞാന്‍ ഗൂഗിള്‍ ചെയ്ത് നോക്കുന്നത്: അരുണ്‍ കുര്യന്‍
Entertainment news
മമ്മൂട്ടിയുടെ ആ സിനിമ യൂത്തിനെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്, അത് കണ്ടിട്ടാണ് സിനിമോട്ടഗ്രഫി എന്ന വാക്ക് ഞാന്‍ ഗൂഗിള്‍ ചെയ്ത് നോക്കുന്നത്: അരുണ്‍ കുര്യന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 6th April 2023, 4:57 pm

സിനിമയില്‍ എത്തിച്ചേരുന്നതിന് വേണ്ടി താന്‍ ചെയ്ത കാര്യങ്ങളെ കുറിച്ച് പറയുകയാണ് നടന്‍ അരുണ്‍ കുര്യന്‍. സിനിമയില്‍ വരുന്നതിന് വേണ്ടി ബോംബയിലെ ഫിലിം സ്‌കൂളില്‍ താന്‍ എം.ബി.എ പഠിക്കാന്‍ പോയിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ആ സമയത്തൊക്കെ താന്‍ അനുരാഗ കരിക്കിന്‍ വെള്ളമടക്കമുള്ള സിനിമകളുടെ ഓഡിഷന് പങ്കെടുത്തിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്നെ ഒരുപാട് സ്വാധീനിച്ച സിനിമയാണ് അമല്‍ നീരദ് സംവിധാനം ചെയ്ത ബിഗ് ബിയെന്നും അത് കണ്ടതിനുശേഷമാണ് സിനിമോട്ടഗ്രഫി എന്ന വാക്ക് തന്നെ താന്‍ കേള്‍ക്കുന്നതെന്നും അരുണ്‍ പറഞ്ഞു. മലയാള സിനിമയുടെ ബെഞ്ച് മാര്‍ക്കാണ് ബിഗ് ബിയെന്നും പോപ്പര്‍‌സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.

‘സിനിമയില്‍ എങ്ങനെയെങ്കിലും എത്തിച്ചേരുക എന്നതായിരുന്നു എന്റെ ആഗ്രഹം. ജേര്‍ണലിസം എങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതിനുമപ്പുറത്തേക്ക് സിനിമയിലെത്താണം എന്ന ആഗ്രഹമുണ്ടായിരുന്നു. സിനിമയിലെത്തണമെങ്കില്‍ പരിചയക്കാരൊക്കെ വേണമെന്ന ചിന്തയിലായിരുന്നു അന്നൊക്കെ ഞാനിരുന്നത്. അതുകൊണ്ട് ഞാനോര്‍ത്തു എം.ബി.എ പഠിക്കാമെന്ന്. ഒരു ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ഞാന്‍ പഠിച്ചത്.

ബോംബയിലായിരുന്നു പഠിച്ചത്. അവിടെയൊക്കെ പ്രൊഡക്ഷന്‍ ഹൗസുകള്‍ക്ക് ഒരു കോര്‍പ്പറേറ്റ് കള്‍ച്ചറാണല്ലോ. അവിടെയൊക്കെ എം.ബി.എ ഗ്രാജുവേറ്റിനെ ജോലിക്കെടുക്കും. അങ്ങനെ സൈഡില്‍ക്കൂടെയൊക്കെ അസിസ്റ്റന്റായി ജോലി നോക്കുകയും ചെയ്യുമായിരുന്നു. അന്നും മലയാള സിനിമയായിരുന്നു നമ്മുടെ സ്വപ്നം. ആ സമയത്തൊക്കെ ഫേസ്ബുക്കിലൂടെയൊക്കെ ഓഡീഷന്‍സ് വന്നുതുടങ്ങുന്നതേയുള്ളു.

അനുരാഗ കരിക്കിന്‍ വെള്ളത്തിന്റെ ഓഡിഷനാണ് ഞാന്‍ ആദ്യം പോയത്. പക്ഷെ അത് വര്‍ക്കായില്ല. വളരെ റെയറായിട്ടായിരുന്നു ആ സമയത്ത് കാസ്റ്റിങ് കോളൊക്കെയുണ്ടായിരുന്നത്. പിന്നെയാണ് ആന്ദത്തിലേക്ക് വരുന്നത്. അതുപോലെ തന്നെ പറയേണ്ട സിനിമയാണ് ബിഗ് ബി. എനിക്ക് തോന്നുന്നു മലയാള സിനിമയില്‍ വലിയ വിപ്ലവം കൊണ്ടുവന്ന ചിത്രമാണത്.

ഞാനുള്‍പ്പടെയുള്ള ഒരുപാട് യൂത്തിനെ സിനിമ സ്വാധീനിച്ചിട്ടുണ്ട്. മലയാള സിനിമയുടെ ബെഞ്ച് മാര്‍ക്കാണത്. എന്നെ സംബന്ധിച്ച് വ്യക്തിപരമായി ഹിറ്റെന്ന് തോന്നിയ സിനിമയാണത്. അത് കണ്ടതിനുശേഷമാണ് സിനിമോട്ടഗ്രാഫി എന്ന വാക്ക് എന്താണെന്ന് ഗൂഗിള്‍ ചെയ്ത് ഞാന്‍ നോക്കുന്നത്. അതുവരെ നമ്മുടെ മനസില്‍ ക്യാമറാമാന്‍ എന്ന് മാത്രമായിരുന്നു ഉണ്ടായിരുന്നത്,’ അരുണ്‍ കുര്യന്‍ പറഞ്ഞു.

content highlight: actor arun kurian about big b movie