1999ല്‍ ഭദ്രന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഒളിംപ്യന്‍ അന്തോണി ആദം എന്ന സിനിമയിലൂടെ മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ നടനാണ് അരുണ്‍ കുമാര്‍.
ബാലതാരമായി സിനിമയിലെത്തിയ അരുണ്‍ കുമാര്‍ ഒളിംപ്യന്‍ അന്തോണി ആദത്തിലെ ടോണി ഐസകിന് പുറമെ പ്രിയം, മീശ മാധവന്‍, സ്പീഡ്, താണ്ഡവം, അലി ഭായ് എന്നീ സിനിമകളിലും ബാല താരമായി തിളങ്ങി.
പിന്നീട് ഒമര്‍ ലുലു ചിത്രം ധമാക്കയിലൂടെയാണ് നായകനായി അരുണ്‍ കുമാര്‍ മലയാളസിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയത്.
നായകനായി എത്തിയെങ്കിലും ഇപ്പോഴും തന്നെ ഒളിംപ്യന്‍ അന്തോണി ആദത്തിലെ ടോണി ഐസകായാണ് ആളുകള്‍ തിരിച്ചറിയുന്നത് എന്നാണ് അരുണ്‍ പറയുന്നത്.
പുതിയ സിനിമയായ എസ്‌കേപ്പിന്റെ പ്രൊമോഷന്റെ ഭാഗമായി പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് 23 വര്‍ഷം മുമ്പ് പുറത്തിറങ്ങിയ സിനിമയുടെ പേരില്‍ ആളുകള്‍ തന്നെ ഇപ്പോഴും തന്നെ തിരിച്ചറിയുന്നതിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്.
”ബാല താരമായി വന്നതുകൊണ്ട് നായകനായാലും ആളുകള്‍ ചെറിയ പയ്യനായാണ് കാണുന്നത്.
അഡാര്‍ ലൗവില്‍ പ്ലസ് വണ്‍ സ്റ്റുഡന്റായാണ് അഭിനയിച്ചത്. എന്റെ കല്യാണമായിരുന്നു ആ സമയത്ത്.
എനിക്ക് തോന്നുന്നു എല്ലാവര്‍ക്കും എന്റെ ചെറുപ്പത്തിലുള്ള മുഖം ഓര്‍മയില്‍ നില്‍ക്കുന്നത് കൊണ്ടാണ് ഇപ്പോഴും ചെറിയ പയ്യനായി കാണുന്നത്. അതില്‍ നിന്നും ബ്രേക്ക് ചെയ്ത് പുറത്ത് വരാന്‍ കുറച്ച് ബുദ്ധിമുട്ടാണ്.
ഞാന്‍ ചെയ്തിരിക്കുന്ന കഥാപാത്രങ്ങളെല്ലാം അത്രക്ക് ആളുകള്‍ക്ക് ഇഷ്ടപ്പെട്ടവയാണ്. ഒളിംപ്യന്‍ അന്തോണി ആദത്തിലെ ടോണി ഐസകാണെങ്കിലും പ്രിയത്തിലെ മൂന്ന് കുട്ടികളിലൊരാളാണെങ്കിലും മീശ മാധവനാണെങ്കിലും സ്പീഡ് ആണെങ്കിലും സൈക്കിളാണെങ്കിലും- എല്ലാം ആളുകള്‍ ഓര്‍ത്തിരിക്കുന്ന കഥാപാത്രങ്ങളാണ്.
അത് ബ്രേക്ക് ചെയ്യണമെങ്കില്‍ ഇനി വേറെ അതുപോലെ നല്ല കഥാപാത്രങ്ങള്‍ വരണം.
ഒരു അഞ്ച് മിനിട്ട് മുമ്പെ, ഞാനിപ്പോ വന്ന വണ്ടിയിലെ ഡ്രൈവര്‍, യൂബറിലാണ് ഞാന്‍ വന്നത്, പുള്ളിയും എന്റെയടുത്ത് പറഞ്ഞത്, നമ്മുടെയൊക്കെ മനസില്‍ ഒളിംപ്യന്‍ അന്തോണി ആദത്തിലെ കുട്ടി ഇപ്പോഴുമുണ്ട്, അതൊക്കെ ഓര്‍മയില്‍ ഉണ്ടെന്നാണ്. 22 വര്‍ഷങ്ങള്‍ക്കിപ്പുറവും.
എന്റെ 10 വയസിലാണ് ഞാന്‍ ഒളിംപ്യന്‍ അന്തോണി ആദത്തില്‍ അഭിനയിച്ചത്.
ചില ആള്‍ക്കാര്‍, ഇവനെ എവിടെയോ കണ്ടിട്ടുണ്ടല്ലോ, എന്ന മോഡ് ആയിരിക്കും. ചിലര്‍ക്ക് മനസിലാകും, ആ ഇന്ന ആളല്ലേ, എന്ന് ചോദിക്കും. അത് ഭയങ്കര സന്തോഷം തന്നെയാണ്. എല്ലാവര്‍ക്കും ആ ഭാഗ്യം ഉണ്ടാവണമെന്നില്ല,” അരുണ്‍ പറഞ്ഞു.
Content Highlight: Actor Arun Kumar about the experience of being a child artist and Olympiyan Anthony Adam movie