| Thursday, 23rd February 2023, 9:48 pm

ഇക്കാര്യം മോഹന്‍ലാലുമായി സംസാരിച്ചിട്ടുണ്ട്; മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യാനൊരുങ്ങി അര്‍ജുന്‍ സര്‍ജ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാന്‍ തനിക്ക് പദ്ധതിയുണ്ടെന്ന് നടന്‍ അര്‍ജുന്‍ സര്‍ജ. ഏറെ നാളായി താന്‍ ഇക്കാര്യത്തെ കുറിച്ച് മോഹന്‍ലാലുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും ഉടനെ ഇല്ലെങ്കിലും മോഹന്‍ലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ധ്രുവ സര്‍ജയുടെ പുതിയ ചിത്രമായ ‘മാര്‍ട്ടിന്‍’ ടീസര്‍ ലോഞ്ച് ചടങ്ങിലാണ് അര്‍ജുന്‍ സര്‍ജ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന പ്രിയദര്‍ശന്‍ ചിത്രത്തില്‍ അര്‍ജുന്‍ സര്‍ജയും മോഹന്‍ലാലും ഒരുമിച്ച് അഭിനയിച്ചിരുന്നു. ചിത്രത്തിന് ദേശീയ പുരസ്‌കാരം വരെ ലഭിച്ചിരുന്നു. സിനിമയിലെ അര്‍ജുന്റെ പ്രകടനത്തിന് വലിയ കയ്യടികളും ലഭിച്ചിരുന്നു.

മാര്‍ട്ടിന്‍ എന്ന സിനിമയുടെ കഥ എഴുതിയിരിക്കുന്നത് അര്‍ജുന്‍ തന്നെയാണ്. ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ കൂടിയാണ് മാര്‍ട്ടിന്‍.

ചിത്രത്തിന്റെ ടീസര്‍ പ്രീമിയര്‍ നടത്തിയത് ഫെബ്രുവരി 23നാണ്. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഒരു ചിത്രത്തിന് പ്രീമിയര്‍ നടത്തുന്നത്. അര്‍ജുന്‍ സര്‍ജ, സംവിധായകന്‍ റാം ലക്ഷ്മണ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. സിനിമയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല.

കന്നട, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായിട്ടായിരിക്കും ചിത്രം പുറത്തിറങ്ങുന്നത്. ധ്രുവ സര്‍ജക്ക് പുറമെ വൈഭവി ഷാന്‍ഡില്യ, അന്‍വേഷി ജെയിന്‍, ചിക്കണ്ണ, മാളവിക അവിനാഷ്, അച്യുത് കുമാര്‍, നികിതിന്‍ ധീര്‍, നവാബ് ഷാ, രോഹിത് പഥക് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

content highlight: actor arjun sarja announced movie with mohanlal

We use cookies to give you the best possible experience. Learn more