കമൽ കെ.എം സംവിധാനം ചെയ്ത പട സിനിമയിലെ കളക്ടർ വേഷം അവതരിപ്പിച്ച അർജുൻ രാധാകൃഷ്ണനെ ശ്രദ്ധിക്കാതിരുന്നവർ കുറവായിരിക്കും. ആ സിനിമയിലെ അഭിനയത്തിന് ഒരുപാട് നല്ല അഭിപ്രായങ്ങൾ അദ്ദേഹത്തിന് ലഭിച്ചിരുന്നു. ആ തിളക്കം തീരുന്നതിനു മുൻപ് ഡിയർ ഫ്രണ്ടിലെ ശ്യാമായി വന്ന് വീണ്ടും പ്രേക്ഷക പ്രശംസ നേടുകയാണ് അർജുൻ.
വിനീത് കുമാർ സംവിധാനം ചെയ്ത ഡിയർ ഫ്രണ്ട് തിയേറ്ററിൽ പരാജയമായിരുന്നെങ്കിലും ഒ.ടി.ടി റിലീസിന് ശേഷം സിനിമ വലിയ രീതിയിൽ ചർച്ചയാകുന്നുണ്ട്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളുടെയും ഡെപ്തും അവതരണമികവുമാണ് കൂടുതലായി ആഘോഷിക്കപ്പെടുന്നത്. അതിൽ ശ്യാം എന്ന ക്യാരക്ടറിന് ലഭിക്കുന്ന സ്വീകാര്യതയും വലുതാണ്.
കൂട്ടുകാരനാൽ വഞ്ചിക്കപ്പെടുന്ന, ഇഷ്ടപ്പെടാത്ത ജോലി ചെയ്യേണ്ടി വരുന്ന ഒരാളെ വളരെ കൃത്യമായി സ്‌ക്രീനിലെത്തിക്കാൻ അർജുന് സാധിച്ചിട്ടുണ്ട്. കൂട്ടത്തിൽ അല്പം സൈലന്റ് ആയ, വീട്ടുകാരുടെ സമ്മർദ്ദം താങ്ങേണ്ടി വരുന്ന, അപമാനിക്കപ്പെടുന്ന ഒരു കഥാപാത്രമാണ് ശ്യാം.
അർജുൻ ചെയ്ത ശ്യാമും ടൊവിനോ ചെയ്ത വിനോദും തമ്മിലുള്ള കണക്‌ഷനും സ്നേഹവും സിനിമയിലെ രസകരമായ ഒരു ട്രാക്ക് ആണ്. ഇഷ്ടപെട്ട ജോലി ചെയ്യാനായി സ്ട്രഗിൾ ചെയ്യേണ്ടി വരുന്ന ഒരാളുടെ വേദനയും നിസ്സഹായതയും അർജുന്റെ കയ്യിൽ ഭദ്രമായിരുന്നു എന്ന് വേണം പറയാൻ.
കരിയറിൽ രക്ഷപ്പെടുമെന്ന് കരുതിയ അവസാനഘട്ടത്തിലും ചതിക്കപ്പെട്ടെന്ന് മനസ്സിലാക്കുമ്പോൾ പകരം വീട്ടാനോ പ്രതികരിക്കാനോ അദ്ദേഹം തയ്യാറാകുന്നില്ല. അവസാന സാധ്യതയും നഷ്ടപെട്ട ഒരു മനുഷ്യനായി സിനിമയിൽ ആ ക്യാരക്ടർ അവശേഷിക്കുന്നു.
വലിയ കാസ്റ്റിംഗ് ആയതുകൊണ്ട് തന്നെ ഒരു പക്ഷെ ശ്രദ്ധിക്കപ്പെടാതിരിക്കാൻ സാധ്യതയുണ്ടായിട്ടുപോലും അർജുന് ഇത്രയും പ്രശംസ ലഭിക്കുന്നുണ്ടെങ്കിൽ അതിനു കാരണം അദ്ദേഹത്തിന്റെ അഭിനയം തന്നെയാണ്. ഈ അഭിനന്ദനങ്ങൾ അദ്ദേഹം അർഹിക്കുന്നതിന്റെ കാരണം ആ ക്യാരക്ടറിന്റെ ഡെപ്ത് കുറയാതെ അദ്ദേഹം അവതരിപ്പിച്ചു എന്നത് തന്നെയാണ്.
സിനിമയിലൂടെ നീളം വലിയ ഓളമുണ്ടാക്കാനോ ബഹളമുണ്ടാക്കാനോ ശ്യാം നിൽക്കുന്നില്ല. എല്ലാം അവസാനിപ്പിച്ച് യാത്ര പറഞ്ഞു പോകുമ്പോൾ അയാൾ അനുഭവിക്കുന്ന നിരാശയും നിസ്സഹായതയും പ്രേക്ഷകർക്കും കൂടെ അനുഭവിക്കാൻ സാധിക്കുന്നുണ്ട്. ഇത്രക്കും ഡെപ്തുള്ള ഒരു കഥാപാത്രത്തത്തെ വളരെ സ്വഭാവികമായി, പക്വമായി കൈകാര്യം ചെയ്യാൻ അർജുന് സാധിച്ചിട്ടുണ്ട്.
പടയിലെ അജയ് ശ്രീപദ് ഡാങ്കേ എന്ന കളക്ടർ കഥാപാത്രമായാലും വളരെ മികച്ച രീതിയിൽ തന്നെ അർജുൻ അവതരിപ്പിച്ചിരുന്നു. മഹാരാഷ്ട്രയിൽ നിന്നും കേരളത്തിലെത്തിയ ഒരാളുടെ സംസാര ശൈലിയും ഡയലോഗ് ഡെലിവെറിയും അർജുൻ സ്വാഭാവികമെന്ന് തോന്നുന്ന തരത്തിൽ ചെയ്യുന്നുണ്ട്. സിനിമയിൽ അദ്ദേഹത്തിന്റെ ശരീരഭാഷയും എടുത്ത് പറയേണ്ട ഒരു കാര്യം തന്നെയാണ്.
വലിയ പ്രതീക്ഷ നൽകുന്ന നാച്ചുറലായ അഭിനയരീതിയാണ് അർജുൻ കാഴ്ചവെക്കുന്നത്. ഡിയർ ഫ്രണ്ടിലെയും പടയിലെയും അർജുന്റെ അഭിനയം അതാണ് തെളിയിക്കുന്നത്
Content Highlight: Actor Arjun Radhakrishnan gets more attention through the movie Dear friend