മലയാളത്തിലെ ഏറ്റവും ചെലവേറിയ ബ്രഹ്‌മാണ്ഡ ചിത്രമായ മരക്കാര്‍: അറബിക്കടലിന്റെ സിംഹം. മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് സംവിധായക നായക ജോഡിയായ പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
മലയാളത്തിലെ യുവതാരങ്ങളിലൊരാളായ അര്‍ജുന്‍ നന്ദകുമാര്‍ ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു വേഷം ചെയ്യുന്നുണ്ട്. മരക്കാരില്‍ എത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ അര്‍ജുന്‍. സെല്ലുലോയ്ഡ് മാഗസിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ സംസാരിക്കുന്നത്.
കോഴിക്കോട് സാമൂതിരിയുടെ അനന്തരവനായ നമ്പ്യാതിരി എന്ന കഥാപാത്രത്തെയാണ് അര്‍ജുന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മുമ്പ് സീനിയറായ മറ്റൊരു നടന് വേണ്ടി മാറ്റി വെച്ചിരുന്ന കഥാപാത്രമായിരുന്നെന്നും പിന്നീട് തനിക്ക് ലഭിച്ചതാണെന്നുമാണ് അര്‍ജുന്‍ അഭിമുഖത്തില്‍ പറയുന്നത്.
”പ്രിയദര്‍ശന്‍ സാറിന്റെ കൂടെ എന്റെ രണ്ടാമത്തെ മൂവി ആണ് മരക്കാര്‍. മുമ്പ് ഒപ്പം ചെയ്തിരുന്നു. വീണ്ടും ലാലേട്ടന്റെ കൂടെ കുഞ്ഞാലി മരക്കാര്‍. ഇതില്‍ നല്ല പ്രാധാന്യമുള്ള കഥാപാത്രമാണ് ചെയ്യുന്നത്. അത്രയും വലിയ സിനിമയില്‍ അവസരം കിട്ടിയത് ഭാഗ്യമാണ്.
അവസാന നിമിഷമാണ് ഞാന്‍ ആ സിനിമയിലേയ്ക്ക് വന്നത്. ഒരു സീനിയര്‍ ആര്‍ടിസ്റ്റിന് വേണ്ടി വച്ച ക്യാരക്ടര്‍ ആയിരുന്നു. അവരുടെ ഡേറ്റ് ഇഷ്യൂവും ക്യാരക്ടറിന്റെ പ്രായം സംബന്ധിച്ച പ്രശ്‌നവും കാരണം പിന്നീട് റോള്‍ എനിക്ക്
ലഭിക്കുകയായിരുന്നു.
പ്രിയദര്‍ശന്‍ സാറിനെ കണ്ടപ്പൊ ഞാന്‍ പറഞ്ഞിരുന്നു, സാറെ എനിക്ക് എവിടെയെങ്കിലും ഒരു ഷോട്ടില്‍ തല കാണിക്കാനുള്ള അവസരം തരണമെന്ന്. അതൊരു ചരിത്രമാണ്. കുഞ്ഞാലി മരക്കാര്‍ ഒരു ചരിത്രമാണ്, 100 കോടി സിനിമ മലയാളത്തില്‍ എന്നത് ചരിത്രമാണ്. അതിന്റെ ഭാഗമാകണം എന്ന് ഭയങ്കര ആഗ്രഹമുണ്ടായിരുന്നു,” അര്‍ജുന്‍ നന്ദകുമാര്‍ പറഞ്ഞു.
ഗ്രാന്‍ഡ് മാസ്റ്റര്‍, കാസനോവ, ഒപ്പം, മാസ്റ്റര്‍പീസ്, സു സു സുധി വാത്മീകം, ഷൈലോക്ക്, ജമ്‌നാ പ്യാരി തുടങ്ങിയവിലും അര്‍ജുന്‍ നന്ദകുമാര്‍ മുമ്പ് ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
മോഹന്‍ലാലിന് പുറമെ സുനില്‍ ഷെട്ടി, മുകേഷ്, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, നെടുമുടി വേണു, അര്‍ജുന്‍ സര്‍ജ, പ്രഭു, സുഹാസിനി തുടങ്ങി വമ്പന്‍ താരനിരയാണ് മരക്കാരില്‍ അണിനിരക്കുന്നത്. ഡിസംബര്‍ രണ്ടിനാണ് ചിത്രത്തിന്റെ റിലീസ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Actor Arjun Nandakumar talks about his role in Marakkar movie